Sorry, you need to enable JavaScript to visit this website.

കേരളത്തിൽ സൗദി കോൺസുലേറ്റ് സ്ഥാപിക്കാൻ  സമ്മർദം ചെലുത്തും -ഹജ് കമ്മിറ്റി ചെയർമാൻ

ഇന്ത്യൻ മീഡിയ അബുദാബി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ കേരള ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി സംസാരിക്കുന്നു.

അബുദാബി- ഏറ്റവും കൂടുതൽ ഹജ് അപേക്ഷകരുള്ള സംസ്ഥാനമെന്ന നിലയിലും ഏറ്റവും കൂടുതൽ പ്രവാസി മലയാളികൾ ജോലി ചെയ്യുന്നത് സൗദി അറേബ്യയിലാണെന്നതിനാലും കേരളത്തിൽ സൗദി കോൺസുലേറ്റ് സ്ഥാപിക്കാനായി കേന്ദ്ര സർക്കാർ വഴി സമ്മർദം ചെലുത്തുമെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി പറഞ്ഞു. ഒന്നിലേറെ തവണ ഉംറ നിർവഹിക്കുന്നവരിൽനിന്ന് 2000 റിയാൽ ഈടാക്കുന്നത് ഒഴിവാക്കാൻ സൗദിയോട് അഭ്യർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മീഡിയ അബുദാബി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ് നിർവഹിക്കുന്നതിന് പ്രവാസികൾക്ക് പ്രത്യേക ക്വാട്ട ആവശ്യപ്പെടും. പ്രവാസികൾക്ക് ഹജിന് അപേക്ഷിക്കുന്നതിന് പാസ്‌പോർട്ട് സമർപ്പിക്കേണ്ട കാലാവധി ഒരു മാസമാക്കി ചുരുക്കിയിട്ടുണ്ട്. നേരത്തെ മൂന്നു മാസം മുൻപ് സമർപ്പിക്കണമായിരുന്നു. യുഎഇയിൽനിന്ന് ഹജിന് പോകുന്ന പ്രവാസികൾക്ക് മതിയായ ലീവ് അനുവദിക്കാൻ കേന്ദ്ര ഹജ് കമ്മിറ്റി മുഖേന യുഎഇ സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും കൂട്ടിച്ചേർത്തു. 
സൗദിയിൽ പുണ്യനഗരങ്ങളെ ബന്ധിപ്പിച്ച് പുതുതായി ആരംഭിച്ച ഹറമൈൻ ട്രെയിൻ സർവീസ് ഇന്ത്യൻ ഹാജിമാർക്ക് പ്രയോജനപ്പെടുത്താൻ ശ്രമിക്കും. ഹജുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ ഓൺലൈൻ സംവിധാനം ഏടപ്പെടുത്തും. മദീനയിൽ ഹാജിമാർക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് പ്രായോഗികമായി പ്രയാസമുണ്ട്. വിവിധ സംസ്ഥാനക്കാരും അഭിരുചിക്കാരുമായ ഹാജിമാർക്ക് ഭക്ഷണം ഒരുക്കുക പ്രായോഗികമല്ല. ഹറമിനടുത്ത് താമസിക്കണമെന്നാണ് അധികം ഹാജിമാരുടെയും താൽപര്യം. ഇവിടെ ഭക്ഷണ സൗകര്യം എർപ്പെടുത്തുക എളുപ്പമല്ല.
സ്വകാര്യ ഹജ് തീർഥാടകരുടെ മിനായിലെ താമസം ഉൾപ്പെടെയുള്ള പരാതികൾ ഹജ് കമ്മിറ്റിയുടെ പരിധിയിൽ വരില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 
കോഴിക്കോട് ഹജ് ഹൗസിൽ ഏഴു കോടി രൂപ ചെലവിൽ വനിതകളായ ഹജ് തീർഥാടകർക്ക് താമസിക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തും. ഇവിടെ ഒരേസമയം 500 സ്ത്രീകൾക്ക് താമസിക്കാനുള്ള സൗകര്യമാണുണ്ടാക്കുക. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. ഹജ് ഹൗസിൽ വിപുലമായ ലൈബ്രറി സ്ഥാപിക്കാനും പദ്ധതിയുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ഹജ് വളണ്ടിയർമാർക്ക് പരിശീലനം നൽകുന്നതിനുള്ള നടപടികളും ഹജ് ഹൗസ് കേന്ദ്രീകരിച്ച് നടപ്പാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. 
സ്ത്രീകളുമായി പൊതുവേദി പങ്കിടുന്നതിനോട് വിയോജുപ്പുണ്ടായിരിക്കേ ഹജ് കമ്മിറ്റിയിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സ്ത്രീ സാന്നിധ്യം ഉൾക്കൊള്ളുകയാണെന്ന് അദ്ദേഹം മറുപടി നൽകി.  

Latest News