Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മട്ടന്നൂരിൽ വ്യവസായ വികസനത്തിന് 5000 ഏക്കർ ഭൂമി ഏറ്റെടുക്കും 

നോർത്ത് മലബാർ ചേംബർ അവാർഡ് ജേതാക്കൾ വ്യവസായ മന്ത്രി ഇ.പി. ജയരാജനൊപ്പം.

കണ്ണൂർ - വിമാനത്താവളത്തോടനുബന്ധിച്ച് ബഹുമുഖ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി മട്ടന്നൂരിലും പരിസരങ്ങളിലുമായി 5000 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നും ഇതിനായി കിൻഫ്രയെ ചുമതലപ്പെടുത്തിയെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പ്രസ്താവിച്ചു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ബിസിനസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാവുന്നതോടെ വടക്കെ മലബാറിൽ വലിയ വികസനമാണ് വരാൻ പോകുന്നത്. വ്യാവസായിക ആവശ്യങ്ങൾക്കായി 5000 ഏക്കർ ഭൂമി ഏറ്റെടുക്കും. സംസ്ഥാനത്ത് വ്യവസായ വകുപ്പ് എന്നതു മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. ഇനി വാണിജ്യ വകുപ്പ് എന്ന പേരിൽ പുതിയ വകുപ്പ് മൂന്നു മാസത്തിനകം ആരംഭിക്കും. മട്ടന്നൂരിൽ എയ്‌റോനോട്ടിക്‌സ് കോഴ്‌സും ടൂറിസ്റ്റുകൾക്കായി അന്താരാഷ്ട്ര നിലവാരമുള്ള സ്വിമ്മിംഗ് പൂളും നിർമ്മിക്കും. എയ്‌റോനോട്ടിക് കോഴ്‌സ് സെന്റർ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് സ്ഥാപിക്കുക. കെട്ടിട നിർമ്മാണം പൂർത്തിയാവുന്നതു വരെ മട്ടന്നൂർ പോളിടെക്‌നിക്കിലാവും ക്ലാസുകൾ നടത്തുക. കെട്ടിട നിർമ്മാണത്തിനായി പഴശ്ശി പദ്ധതിയുടെ കൈവശമുള്ള സ്ഥലം ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. 
വിമാനത്താവളവുമായി ബന്ധപ്പെട്ട് ചെറുകിട - വൻകിട സംരംഭങ്ങൾക്കു വലിയ സാധ്യതകളുണ്ട്. ഇതിനുള്ള അടിസ്ഥാന സൗകര്യം സർക്കാർ ഒരുക്കി നൽകും. ഭൂമിയില്ലാത്തവർക്കു സർക്കാർ തന്നെ ഭൂമി ഏറ്റെടുത്തു നൽകും. ഭൂമിയുടെ വില വ്യവസായത്തിലെ ഒരു ഷെയറായി കണ്ടാൽ മതി. ഇത്തരത്തിൽ സർക്കാർ - സ്വകാര്യ സംരംഭങ്ങൾ ആരംഭിക്കാനാവും. വാണിജ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. 
ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ. വിനോദ് നാരായണൻ അധ്യക്ഷത വഹിച്ചു. കെ.എ. മൊയ്തീൻ കുട്ടി ഹാജി ലൈഫ് ടൈം അച്ചീവ്‌മെന്റ്), കെ.കെ.പ്രദീപ് (മികച്ച വ്യാപാരി), എൻ.പി.പ്രശാന്ത് (മികച്ച വ്യവസായി) എന്നിവർ മന്ത്രിയിൽനിന്നു പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ചേംബർ ഭാരവാഹികളായ സഞ്ജയ് ആറാട്ട് പൂവാടൻ, ഹനീഷ്. കെ, ജോസഫ് ബെനവൻ, ഷമിം പുനത്തിൽ, കെ.എ.സത്താർ ഹാജി, സി.എച്ച്.അബൂബക്കർ ഹാജി, സി.വി.ദീപക് തുടങ്ങിയവർ സംബന്ധിച്ചു. 

 

Latest News