കാസർകോട് - വാഗ്ദാനങ്ങളും ഉറപ്പുകളും ലംഘിച്ചുവെന്ന് ആരോപിച്ചു അഡ്വ. എ. എൻ. രാജൻ ബാബു നേതൃത്വം നൽകുന്ന ജെ.എസ്.എസിൽനിന്നു രാജിവെച്ചവർ ജെ.എസ്.എസ് സോഷ്യലിസ്റ്റ് എന്ന പേരിൽ പാർട്ടി രൂപീകരിച്ചു സ്വന്തം കാലിൽ നിൽക്കാൻ ശ്രമം തുടങ്ങി. ഇതോടെ കേരളത്തിൽ ജെ.എസ്.എസ് പാർട്ടികളുടെ എണ്ണം ഏഴായി.
യു.ഡി.എഫ് നേതൃത്വത്തിൽനിന്നു ലഭിച്ച ഉറപ്പുകളെ തുടർന്നാണ് മറ്റേതെങ്കിലും പാർട്ടിയിൽ ലയിക്കുന്നതിന് പകരം ജെ.എസ്.എസ് (എസ്) എന്ന പേരിൽ തന്നെ നിൽക്കാൻ ധാരണയിൽ എത്തിയത്.
രാജിവെച്ച ശേഷം ജെ.എസ്.എസ് നേതാക്കൾ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാനെ നേരിൽ കണ്ടു ചർച്ചകൾ നടത്തിയിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം കൂടിയാലോചന നടത്തിയ ശേഷമാണ് സ്വന്തം പേരിൽ തന്നെ തുടരാൻ ധാരണയിൽ എത്തിയത്. പുതിയ പാർട്ടിയെ മുന്നണിയിൽ എടുക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടുള്ള കത്ത് യു.ഡി.എഫ് കൺവീനർക്ക് നൽകും. അടുത്ത് തന്നെ ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ജെ.എസ്.എസ് സോഷ്യലിസ്റ്റ് പാർട്ടിയുമായി സഹകരിച്ചു പോകുന്ന വിഷയം ചർച്ച ചെയ്യാമെന്ന് ബെന്നി ബഹന്നാൻ നേതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
ജെ.എസ്.എസ് യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് ബഷീർ പൂവാട്ടുപറമ്പ്, ജനറൽ സെക്രട്ടറി കെ.ടി അനിൽ കുമാർ, വൈസ് പ്രസിഡണ്ടുമാരായ പി.വി. ജയൻ, സുനിൽ ജോർജ് അടൂർ, സംസ്ഥാന സെക്രട്ടറി സലിം ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് എൻ.ഡി.എയുടെ ഭാഗമായുള്ള രാജൻ ബാബു ജെ.എസ്.എസിൽനിന്ന് രാജിവെച്ചിരുന്നത്. പാർട്ടി നേതൃത്വം വാക്കു പാലിക്കുന്നില്ല, കേന്ദ്രത്തിൽനിന്നു അർഹമായത് വാങ്ങിയെടുക്കുന്നില്ല, ഭിന്നിച്ചു നിൽക്കുന്ന ഗ്രൂപ്പുകളെ ഒന്നിപ്പിക്കാൻ നടപടി എടുക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു രാജിയുണ്ടായത്.
ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെ.എസ്.എസ് ഉൾപ്പെടെ ബാക്കിയുള്ള ഗ്രൂപ്പുകൾ മുഴുവൻ ഇടതുമുന്നണിയുമായി സഹകരിച്ചു വരികയാണ്. അഡ്വ. രാജൻ ബാബു വിഭാഗം മാത്രമാണ് എൻ.ഡി.എ പക്ഷത്തുള്ളത്. ഗൗരിയമ്മ വിട്ടുപോയതോടെ നിലവിൽ യു.ഡി.എഫിൽ ജെ.എസ്.എസ് ഘടക കക്ഷിയായിട്ടില്ല. ആ കുറവ് നികത്താൻ ജെ.എസ്.എസ് സോഷ്യലിസ്റ്റിനെ മുന്നണിയുമായി സഹകരിപ്പിക്കാം എന്ന ആലോചനയിലാണ് യു.ഡി.എഫ് എന്നറിയുന്നു. അതിനിടെ രാജിവെച്ചവർ ഒമ്പത് ജില്ലകളിൽ പാർട്ടി കമ്മിറ്റി രൂപീകരിച്ചതായി അവകാശപ്പെടുന്നുണ്ട്.