അബുദാബി- ഇന്ത്യന്‍ സ്കൂളിലെ എല്‍.കെ.ജി, യു.കെ.ജി, ക്ലാസ് 1 പ്രവേശനത്തിന് ഭാഗ്യം പരീക്ഷിക്കാനെത്തിയത് 3000 രക്ഷിതാക്കള്‍. സീറ്റുകളുടെ എണ്ണം വെറും 130. നറുക്കെടുപ്പില്‍ പങ്കെടുത്ത രക്ഷാകര്‍ത്താക്കളുടെ യഥാര്‍ഥ എണ്ണം സ്കൂള്‍ അധികൃതര്‍ പുറത്തുവിട്ടില്ല.
എന്നാല്‍ നാലായിരത്തോളം രക്ഷാകര്‍ത്താക്കള്‍ താഴ്ന്ന ക്ലാസ്സുകളിലെ പ്രവേശനത്തിനായി കുട്ടികളുമായി എത്തിയെന്ന് രക്ഷിതാക്കള്‍ പറയുന്നു. മൂവായിരത്തോളം പേര്‍ കെ.ജിക്കും ആയിരത്തോളം പേര്‍ ഒന്നാം ക്ലാസ്സിലേക്കുമാണ് രജിസ്റ്റര്‍ ചെയ്തത്.
സീറ്റുകളുടെ എണ്ണം വളരെ കുറവായതിനാലാണ് നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്നത്. മുന്‍വര്‍ഷങ്ങളിലും ഇതേ രീതി തന്നെയാണ് പിന്തുടര്‍ന്നത്. സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന ഇന്ത്യന്‍ സ്കൂളില്‍ അഡ്മിഷന് വലിയ ഡിമാന്റാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അബുദാബിയില്‍ നിരവധി സ്കൂളുകള്‍ തുറന്നുവെങ്കിലും രക്ഷിതാക്കള്‍ ആദ്യ മുന്‍ഗണന നല്‍കുന്നത് ഇന്ത്യന്‍ സ്കൂളിനാണ്. വലിയ ഫീസും നഗരപരിധിക്ക് പുറത്തുള്ള ലൊക്കേഷനും തങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നതായും അതിനാലാണ് ഇന്ത്യന്‍ സ്കൂളിനായി ശ്രമിക്കുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.