ഷാര്‍ജ- വന്യമാം മരുഭൂമിയിലും അക്ഷരമധുരം നുകരാനെത്തുന്ന പ്രവാസികള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ നിറക്കാഴ്ച. വാരാന്ത്യ അവധി ദിനങ്ങള്‍ കണ്ടത് ആയിരക്കണക്കിന് അക്ഷരസ്‌നേഹികളുടെ പ്രവാഹം. അന്‍പതിലേറെ പുസ്തകങ്ങളുടെ പ്രകാശനമാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നത്. പുസ്തക പ്രകാശനങ്ങളുടെ ആധിക്യംമൂലം ഇതിനായി പ്രത്യേക വേദി കൂടി ഒരുക്കിയിരിക്കുകയാണ് സംഘാടകര്‍.
നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള എഴുത്തുകാരുടെ നിരവധി പുസ്തകങ്ങളാണ് പ്രകാശനം കാത്ത് കഴിയുന്നത്. അരമണിക്കൂര്‍ ഇടവിട്ട് ഓരോ പുസ്തകം പ്രകാശനം ചെയ്യപ്പെടുകയാണ്. ഇവയെല്ലാം സാമാന്യം നന്നായി വില്‍ക്കപ്പെടുന്നുമുണ്ട്. പ്രകാശന വേദിയില്‍ എത്തിച്ചേരാന്‍ കഴിയാത്ത പുതിയ എഴുത്തുകാര്‍ തങ്ങളുടെ പുസ്തങ്ങളുടെ മാര്‍ക്കറ്റിംഗിനായി ദിവസങ്ങള്‍ക്ക് മുമ്പേ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിച്ചിരുന്നു.
റൈറ്റേഴ്‌സ് ഫോറം, ബുക്ക് ഫോറം, ലിറ്ററേച്ചര്‍ ഫോറം എന്നീ വേദികളിലായാണ് പ്രകാശനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവര്‍ പങ്കെടുക്കുന്ന സംവാദങ്ങളും സെമിനാറുകളും കുട്ടികളുടെ കലാപരിപാടികളും ഇതോടൊപ്പം നടക്കുന്നുണ്ട്. മലയാള പുസ്തകങ്ങള്‍ ലഭിക്കുന്ന ഏഴാം നമ്പര്‍ ഹാളിലും വന്‍ തിരക്കനുഭവപ്പെടുന്നു.
സാഹിത്യകാരന്‍ യു.എ. ഖാദര്‍, മന്ത്രി കെ.ടി.ജലീല്‍, മുന്‍ മന്ത്രിമാരായ ഡോ.എം.കെ. മുനീര്‍, എം.എ. ബേബി, ബിനോയ് വിശ്വം, ചലച്ചിത്ര സംവിധായകനും നടനും എഴുത്തുകാരനുമായ ജോയ് മാത്യു, മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ. ജയകുമാര്‍, മാധ്യമപ്രവര്‍ത്തകരായ ജോണ്‍ ബ്രിട്ടാസ്, കമാല്‍ വരദൂര്‍ തുടങ്ങിയര്‍ പുസ്തകമേളയുടെ ഭാഗമായി. സംവിധായികയും നടിയുമായ നന്ദിത ദാസ്, എഴുത്തുകാരിയും എംപിയുമായ കനിമൊഴി എന്നിവരും മേളയുടെ ഭാഗമായി. കനിമൊഴിയുടെ പ്രഭാഷണം കേള്‍ക്കാന്‍ ഒട്ടേറെ തമിഴ്‌നാട് സ്വദേശികളെത്തിയിരുന്നു.
ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ 10 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ ഇന്ത്യയുള്‍പ്പെടെ 77 രാജ്യങ്ങളില്‍നിന്നു 16 ലക്ഷം തലക്കെട്ടുകളിലുള്ള 2 കോടി പുസ്തകങ്ങളുമായി 1874 പ്രസാധകരാണു പങ്കെടുക്കുന്നത്.