കോഴിക്കോട്- മന്ത്രി ഡോ. കെ.ടി ജലീൽ ബന്ധുനിയമനം നടത്തിയ സംഭവത്തിൽ സമരം ശക്തമാക്കുമെന്ന് യൂത്ത് ലീഗ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ മന്ത്രിയുടെ മണ്ഡലത്തിൽ നാളെ യു.ഡി.എഫ് പ്രതിഷേധപ്രകടനം നടത്തും. ഇതിന് പുറമെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്തുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ബന്ധുനിയമനം നടത്തി എന്ന കാര്യം മന്ത്രി തന്നെ സമ്മതിച്ചുവെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ കെ.ടി ജലീലിന് അർഹതയില്ലെന്നും യൂത്ത് ലീഗ് ആരോപിച്ചു. മന്ത്രി രാജിവെക്കുകയോ അതിന് തയ്യാറല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ മാറ്റുകയോ വേണം. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ കാണും. കുടുംബശ്രീയുമായി ബന്ധപ്പെട്ട് നേരത്തെ യൂത്ത് ലീഗ് നൽകിയ പരാതിയിൽ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് ഉന്നയിച്ച ആരോപണങ്ങളെ കൊഞ്ഞനം കുത്തി നേരിടാനാണ് ജലീൽ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്ക് പോലും ജലീലിനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്നും ഫിറോസ് പറഞ്ഞു. ജലീലിന്റെ ചെലവിൽ കഴിയേണ്ട ഗതികേട് ലീഗിനില്ലെന്നും ഫിറോസ പറഞ്ഞു.
ജലീലിന്റെ പിതാവിന്റെ സഹോദരന്റെ മകൻ അദീബിനെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മോനേജരായി നിയമിച്ചുവെന്ന യൂത്ത് ലീഗിന്റെ ആരോപണം വസ്തുതക്കൾക്ക് നിരക്കാത്തതാണെന്ന് ജലീൽ പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു പി.കെ ഫിറോസ്. ജലീലിന്റെ വിശദീകരണകുറിപ്പ് അബദ്ധങ്ങൾ നിറഞ്ഞതും ബന്ധുനിയമനം നടന്നുവെന്നതിന് തെളിവാണെന്നും ഫിറോസ് വ്യക്തമാക്കി. കേരളത്തിൽ ഈ പോസ്റ്റിലേക്ക് നിയമനം ലഭിക്കാനുള്ള യോഗ്യത തന്റെ സഹോദരന് മാത്രമാണുള്ളതെന്ന തരത്തിലാണ് ജലീൽ വിശദീകരണം നൽകിയത. ഈ ജോലി ഏറ്റെടുക്കാൻ താൽപര്യമില്ലാതിരുന്ന ബന്ധുവിനെ നിർബന്ധിച്ച് കൊണ്ടുവരികയായിരുന്നുവെന്നുള്ള ജലീലിന്റെ വിശദീകരണം കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീനിയർ മാനേജർ എന്നത് വലിയ പോസ്റ്റും കോർപ്പറേഷൻ ജി.എം എന്നത് ചെറിയ പോസ്റ്റുമാണെന്നാണ് ജലീൽ പറയുന്നത്. എന്നാൽ എട്ടുവർഷം ജോലി ചെയ്താൽ ലഭിക്കുന്ന ഒരു പോസ്റ്റാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീനിയർ മാനേജർ പദവി. സ്വകാര്യബാങ്കിൽനിന്ന് സർക്കാർ വകുപ്പിലേക്ക് എങ്ങനെയാണ് ഡപ്യൂട്ടേഷൻ ലഭിക്കുന്നത് എ്ന്ന കാര്യവും മന്ത്രി വ്യക്തമാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും പത്രസമ്മേളനത്തിൽ പങ്കെടുത്തു.