കൊച്ചി- ചരക്ക് തീവണ്ടിക്കു മുകളിൽ കയറിയ യുവാവിനു വൈദ്യുത ലൈനിൽ തട്ടി ഗുരുതര പരിക്ക്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പുലർച്ചെയായിരുന്നു സംഭവം. സിഗ്നൽ കിട്ടാൻ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ വാഗണിനു മുകളിലേക്ക് ഇതര സംസ്ഥാനക്കാരനായ യുവാവ് കയറുകയായിരുന്നു. ഇരുമ്പനത്തേക്ക് ഇന്ധനം നിറയ്ക്കാൻ പോയ 40 വാഗണുകൾ അടങ്ങിയ ചരക്കുവണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോഴായിരുന്നു സംഭവം.
വാഗണിന്റെ ചെറിയ ഗോവണിയിലൂടെ കയറിയ യുവാവിന്റെ കൈ മുകളിലുള്ള വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് യുവാവ് ട്രാക്കിന് സമീപത്തേക്ക് തെറിച്ചു വീണു. ഇതിനിടെ ഇയാൾ കയറിയ വാഗൺ പ്ലാറ്റ്ഫോം പിന്നിട്ടിരുന്നു. നോർത്ത് ആർപിഎഫ് സി.ഐ ഗിരീഷിന്റെ നേതൃത്വത്തിൽ റെയിൽവേ സംരക്ഷണ സേനയും ക്ലബ് റോഡിൽ നിന്ന് ലീഡിങ് ഫയർമാൻ പി.കെ പ്രസാദിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സും സ്ഥലത്തെത്തിയെങ്കിലും യുവാവ് ഉച്ചത്തിൽ അലറി വിളിച്ചതോടെ രക്ഷാ പ്രവർത്തനവും വൈകി. പിന്നീട് ഏറെ പണിപ്പെട്ടാണ് യുവാവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്കും ശരീരത്തിനും പൊള്ളലേറ്റിട്ടുണ്ട്.