റിയാദ് - അമൂല്യ ലോഹങ്ങളായ സ്വർണവും വെള്ളിയും പ്ലാറ്റിനവും വില പിടിച്ച കല്ലുകളും അജ്ഞാതരിൽനിന്നും പ്രായപൂർത്തിയാകാത്തവരിൽ നിന്നും പ്രതികളെന്ന് സംശയിക്കുന്നവരിൽ നിന്നും ജ്വല്ലറികൾ വാങ്ങുന്നതിന് വിലക്കുള്ളതായി ആഭരണ വിൽപന മേഖലയിലെ തട്ടിപ്പുകൾക്കും നിയമ ലംഘനങ്ങൾക്കും തടയിടുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ നിയമാവലി വ്യക്തമാക്കുന്നു. നിയമാവലി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. സ്വർണവും വെള്ളിയും പ്ലാറ്റിനവും അമൂല്യ കല്ലുകളും വിൽപന നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിയമാവലി ക്രമീകരിക്കുന്നു. യഥാർഥ കാരറ്റും സ്ഥാപനത്തിന്റെ ട്രേഡ്മാർക്കും മുദ്രണം ചെയ്യാത്ത ആഭരണങ്ങളും നിയമാനുസൃത കാരറ്റ് വ്യവസ്ഥകൾക്ക് വിരുദ്ധമായ ആഭരണങ്ങളും വിൽപന നടത്തുന്നതിനും വിലക്കുണ്ട്.
വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിൽനിന്നുള്ള ലൈസൻസില്ലാതെ സൗദി സ്വർണ നാണയം അടിക്കാൻ പാടില്ല. സൗദി സ്വർണ നാണയം വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. സ്ഥാപനത്തിൽ വിൽപനക്ക് പ്രദർശിപ്പിക്കുന്ന ഉൽപന്നങ്ങളുടെ ഉത്തരവാദിത്തം ഉടമയും ഷോപ്പ് മാനേജറും വഹിക്കണം. ഉൽപന്നങ്ങളുടെ ഉറവിടങ്ങൾ തെളിയിക്കുന്ന രേഖകൾ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യപ്പെട്ടാൽ സമർപ്പിക്കലും നിർബന്ധമാണ്. വിപണിയിൽ നിന്ന് പിൻവലിച്ചിട്ടില്ലാത്ത സൗദി സ്വർണ, വെള്ളി നാണയങ്ങൾ, സർക്കാർ പുറത്തിറക്കിയ മെഡലുകൾ എന്നിവ ജ്വല്ലറികളിൽ വിൽപന നടത്തുന്നതിനും വിൽപനക്കായി സൂക്ഷിക്കുന്നതിനും വിലക്കുണ്ട്.
അമൂല്യ ലോഹമല്ലാത്ത വസ്തുക്കളുടെ തൂക്കം ആകെ തൂക്കത്തിന്റെ അഞ്ചു ശതമാനത്തിൽ കൂടുതലാകുന്ന ആഭരണങ്ങൾ വിൽക്കുന്നതിനും വിലക്കുണ്ട്. അമൂല്യ ലോഹത്തിന്റെ തൂക്കവും വിലയും അമൂല്യ ലോഹമല്ലാത്ത വസ്തുക്കളുടെ തൂക്കവും ബില്ലുകളിൽ പ്രത്യേകം നിർണയിക്കുന്ന പക്ഷം ഇത്തരം ആഭരണങ്ങൾ വിൽപന നടത്താവുന്നതാണ്. വ്യാജ കല്ലുകൾ ജ്വല്ലറികളിൽ വിൽക്കുന്നതിനും വിലക്കുണ്ട്. ഇതനുസരിച്ച് അമൂല്യ ലോഹമല്ലാത്ത വസ്തുക്കളുടെ തൂക്കം ആകെ തൂക്കത്തിന്റെ അഞ്ചു ശതമാനത്തിൽ കൂടുതലാകുന്ന ആഭരണങ്ങളിൽ അമൂല്യ ലോഹത്തിന്റെ വേറിട്ട തൂക്കം പ്രത്യേകം നിർണയിച്ചിരിക്കണം.
സ്ഥാപനങ്ങളുടെ പേര്, വിലാസം, ലൈസൻസ് നമ്പർ, കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നമ്പർ, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, വിൽപന നടത്തുന്ന തീയതി, ആഭരണത്തിന്റെ തൂക്കം, ഇനം, വില, വാങ്ങുന്ന ആളുടെ പേര് എന്നിവ അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ ബില്ലുകൾ സ്ഥാപനങ്ങൾ ഇഷ്യൂ ചെയ്യൽ നിർബന്ധമാണ്. ആഭരണ ഇടപാടുകളുമായി ബന്ധപ്പെട്ട ബില്ലുകൾ ജ്വല്ലറികൾ പത്തു വർഷം സൂക്ഷിച്ചിരിക്കണം. വിൽപനക്ക് പ്രദർശിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന ആഭരണങ്ങളുടെയും അമൂല്യ കല്ലുകളുടെയും ഉറവിടങ്ങൾ വ്യക്തമാക്കുന്ന രേഖകളും ഇതേപോലെ പത്തു വർഷം സൂക്ഷിച്ചിരിക്കണം. ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യപ്പെടുന്ന ആഭരണങ്ങളുടെയും കല്ലുകളുടെയും ഉറവിടങ്ങൾ ജ്വല്ലറികൾ തെളിയിക്കലും നിർബന്ധമാണ്. പഴയ ആഭരണങ്ങളാണ് വിൽക്കുന്നതെങ്കിൽ അക്കാര്യം ബില്ലിൽ പ്രത്യേകം വെളിപ്പെടുത്തിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
അമൂല്യ കല്ലുകൾ ആഭരണങ്ങളിൽ പതിച്ചിട്ടുണ്ടെങ്കിൽ കല്ലുകളുടെ പേര്, ഇനം, തൂക്കം, നിറം, രൂപം, പരിശുദ്ധി എന്നിവയെല്ലാം ബില്ലിൽ ഉൾപ്പെടുത്തിയിരിക്കണം. ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് പുറത്ത് സ്വർണവും വെള്ളിയും പ്ലാറ്റിനവും അമൂല്യ കല്ലുകളും വിൽക്കാൻ പാടില്ല. സ്വന്തം സ്‌പോൺസർഷിപ്പിനു കീഴിലുള്ളവരോ മറ്റുള്ളവരുടെ സ്‌പോൺസർഷിപ്പിലുള്ളവരോ ആയ വിദേശികളെ സ്വർണവും വെള്ളിയും പ്ലാറ്റിനവും അമൂല്യ കല്ലുകളും ലൈസൻസുള്ള മറ്റു സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുന്നതിന് സ്ഥാപന ഉടമകൾ നിയോഗിക്കാൻ പാടില്ല.