റിയാദ്- നജ്‌റാനിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തുന്നതിനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സൗദി സൈന്യം തകർത്തു. ഇന്നലെ രാവിലെ 6.17 ന് ആണ് നജ്‌റാൻ ലക്ഷ്യമിട്ട് ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തു വിട്ടത്. യെമനിൽ ഹൂത്തികളുടെ ശക്തികേന്ദ്രമായ സഅ്ദയാണ് മിസൈൽ ആക്രമണത്തിന്റെ ഉറവിടം. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ശത്രു മിസൈൽ പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് സൗദി സൈന്യം തകർത്തു. തകർന്ന മിസൈൽ ഭാഗങ്ങൾ പതിച്ച് ആർക്കും പരിക്കില്ലെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. ഇതുവരെ സൗദി അറേബ്യക്കു നേരെ 206 ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഹൂത്തികൾ ആക്രമണം നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ സൗദികളും വിദേശികളും അടക്കം 112 സാധാരണക്കാർ കൊല്ലപ്പെടുകയും നൂറു കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.