യാമ്പു- മാസങ്ങളായി വേതനം ലഭിക്കാത്ത തൊഴിലാളികളുടെ പ്രശ്‌നത്തിന് യാമ്പു ലേബർ ഓഫീസ് ഇടപെട്ട് പരിഹാരമുണ്ടാക്കി. യാമ്പുവിൽ തന്ത്രപ്രധാന പദ്ധതി നടപ്പാക്കുന്നതിന്റെ കരാറേറ്റെടുത്ത സ്വകാര്യ കോൺട്രാക്ടിംഗ് കമ്പനിയിലെ വിവിധ രാജ്യക്കാരായ 120 തൊഴിലാളികളാണ് പരാതിയുമായി ലേബർ ഓഫീസിനെ സമീപിച്ചത്. തങ്ങൾക്ക് അഞ്ചു മാസത്തിലധികമായി വേതനം ലഭിച്ചിട്ടില്ലെന്ന് ഇവർ പരാതിയിൽ പറഞ്ഞു.
പരാതിയിൽ അന്വേഷണം നടത്തിയ ലേബർ ഓഫീസ് തൊഴിലാളികളുടെ വേതന കുടിശ്ശിക എത്രയും വേഗം തീർത്ത് നൽകുന്നതിന് കമ്പനിക്ക് കർശന നിർദേശം നൽകുകയായിരുന്നു. ഭാവിയിൽ തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് വിതരണം ചെയ്യുമെന്നതിന് കമ്പനി അധികൃതരിൽനിന്ന് ലേബർ ഓഫീസ് രേഖാമൂലം ഉറപ്പു വാങ്ങുകയും ചെയ്തു.