പത്തനംതിട്ട- നിലയ്ക്കലില്‍ പോലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്നതു വ്യാജ വാര്‍ത്തയാണെന്ന് കേരള പോലീസ് അറിയിച്ചു. വ്യാജവാര്‍ത്ത നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അതു പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഫെയ്‌സ് ബൂക്ക് പേജിലൂടെയാണു പോലീസ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുന്നത്. പന്തളം സ്വദേശി ശിവദാസനെ ഒക്ടോബര്‍ 18 മുതല്‍ കാണാതായെന്നാണ് കുടുംബം പരാതി നല്‍കിയത്. നിലയ്ക്കലില്‍ ശബരിമല പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടപടിയുണ്ടായത് 16, 17 ദിവസങ്ങളിലാണ്. 18നാണു ശിവദാസന്‍ ശബരിമലയിലേക്കു പുറപ്പട്ടത്. അപ്പോള്‍ എങ്ങനെയാണ് അയാള്‍ പോലീസ് നടപടിക്കിടെ മരിച്ചെന്നു പറയുന്നതെന്ന് കുറിപ്പില്‍ ചോദിക്കുന്നു.
പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്കു സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍നിന്ന് ഇന്നലെയാണ് ശിവദാസന്റെ മൃതദേഹം കണ്ടെത്തിയത്. ജില്ലയില്‍ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്.
കുറിപ്പിന്റെ പൂര്‍ണരൂപം:
നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്നതു വ്യാജ വാര്‍ത്ത
നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി ഇതാണ്.
പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്കു സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍നിന്ന് ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ 18ാം തീയതി മുതലാണ് ഇയാളെ കാണാതായത്. 19ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. ഇതു സംബന്ധിച്ച് പന്തളം പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്.
പത്തനംതിട്ട നിലക്കല്‍ റൂട്ടിലാണു മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍നിന്ന് 16 കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍ - പമ്പ റൂട്ടിലാണ്. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16നും 17നും മാത്രമാണ്. അതായതു പൊലീസ് നടപടിയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍ - പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്നു ചിന്തിക്കുമ്പോള്‍ തന്നെ ഈ വ്യാജ വാര്‍ത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണ്.
മരിച്ചയാളുടെ മോപ്പഡ് (മോട്ടര്‍സൈക്കിള്‍) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നില്‍ തെറ്റിദ്ധാരണ പരത്തുകയും അതുവഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കു പിന്നിലുള്ളത്.
വ്യാജവാര്‍ത്ത നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അതു പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.