കണ്ണൂർ - കണ്ണൂരിന്റെ സ്വന്തം പ്രാദേശിക സേനയായ ടെറിട്ടോറിയൽ ആർമി ബറ്റാലിയനു 62 ാം പിറന്നാൾ. ദക്ഷിണ മേഖലയിലെ മികച്ച ടെറിട്ടോറിയൽ ആർമി ബറ്റാലിയനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് ഇത്തവണ പിറന്നാൾ ആഘോഷിക്കുന്നത്. കശ്മീരിലും കണ്ണൂരിലുമായാണ് റൈസിംഗ് ഡേ ആഘോഷങ്ങൾ നടക്കുന്നത്. ബറ്റാലിയനിലെ 750 അംഗങ്ങളിൽ 600 പേരും ഇപ്പോൾ കശ്മീരിലെ പ്രശ്‌ന ബാധിത മേഖലകളിൽ സേവനത്തിലാണ്. മഹാരാഷ്ട്ര സ്വദേശിയായ കേണൽ രാജേഷ് കനോജിയയാണ് ടെറിട്ടോറിയൽ ആർമിയുടെ കമാൻഡൻഡ്.
സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഗവർണർ ജനറലായിരുന്ന സി.രാജഗോപാലാചാരിയാണ് 1949 ഒക്‌ടോബർ 9 നു ഹരിയാനയിലെ അമ്പാലയിൽ ടെറിട്ടോറിയൽ ആർമി രൂപീകരിച്ചത്. വർഷങ്ങൾക്കു ശേഷം 1966 നവംബർ 1നു ഇൻഫെന്ററി ബറ്റാലിയൻ (ടി.എ) മദ്രാസ് നിലവിൽ വന്നു.
കേരളത്തിലെ ഏക പ്രാദേശിക സേനയായ ഈ ആർമി, ടെറിയേഴ്‌സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് വെല്ലസ്ലി പ്രഭു കണ്ണൂരിൽ നിർമ്മിച്ച പ്രൗഢമായ കെട്ടിടത്തിലാണ് സേനയുടെ ആസ്ഥാനം പ്രവർത്തിക്കുന്നത്.
പ്രവേശന കവാടത്തിൽ വലിയ കമാനത്തിൽ രേഖപ്പെടുത്തിയത് ഇറ്റ് ഈസ് ഗ്ലോറി ടു ഡൈ ഡൂയിംഗ് വൺസ് ഡ്യൂട്ടി എന്നാണ്.
അടുത്തിടെ കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ഈ സേനയുടെ സേവനങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു. വർഷങ്ങളായി ജമ്മു കശ്മീരിലെ പ്രതിരോധ മേഖലകളിൽ പല വിധത്തിലുള്ള സേവനങ്ങൾ നൽകി വരുന്നു. ജമ്മു കശ്മീരിലെ അതീവ പ്രശ്‌ന ബാധിത മേഖലയിലേക്കു സേവനത്തിനായി 2018 മെയ് 21 നു സംഘം യാത്ര തിരിച്ചു. മൂന്നു വർഷമാണ് ഇവിടെ സേവനം അനുഷ്ഠിക്കുക. ഓപറേഷൻ പവൻ ശ്രീലങ്കയിലും, ഓപറേഷൻ പരാക്രം ഹരിയാനയിലും ഓപറേഷൻ രക്ഷക് ജമ്മുവിലും സേവനമനുഷ്ഠിച്ചു. ഇതിനു പുറമെ കേരളത്തിലെ പല പ്രതിസന്ധികളിലും സഹായവുമായി എത്തി. കോഴിക്കോട് മിഠായി തെരുവിലെ തീപ്പിടിത്തവും വയനാട്ടിലെയും ഇടുക്കിയിലേയും ഉരുൾ പൊട്ടലും ഇവർ സഹായമെത്തിച്ചു. ദില്ലിയാണ് സേനയുടെ ആസ്ഥാനം.
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാദേശിക സേന എന്ന ബഹുമതി തുടർച്ചയായി മൂന്നു തവണ നേടിയ ഏക സേനാവിഭാഗമാണ് കണ്ണൂരിലേത്. ദക്ഷിണ മേഖലയിലെ മികച്ച ബറ്റാലിയൻ എന്ന പദവിയും. മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ പ്രശസ്തി പത്രം ലഭിച്ചു. കായിക മേഖലയിലെ മികവിനും നിരവധി തവണ പുരസ്‌കാരങ്ങൾ ലഭിച്ചു. 2017 ലെ ആർമി ഫയറിംഗ് ചാമ്പ്യൻഷിപ്പ്, ഇന്റർ ബറ്റാലിയൻ ഫുട്‌ബോൾ എന്നിവയിൽ വിജയികളായി.
2018ലെ ഇന്ത്യൻ ബറ്റാലിയൻ വോളിബോൾ, ബാസ്‌കറ്റ് ബോൾ എന്നിവയിൽ മികച്ച നേട്ടം കൈവരിച്ചു. ജില്ലാ വോളി ബോൾ ലീഗിൽ റണ്ണർ അപ്. 2018 ലെ ഫെഡറേഷൻ കപ്പ് ബാസ്‌കറ്റ്‌ബോളിൽ മൂന്നാം സ്ഥാനം നേടി.
ഇന്ത്യൻ സേനയ്ക്കു വേണ്ടി പരമ്പരാഗത ആയോധന കലയായ കളരിപ്പയറ്റ് പരിശീലന കേന്ദ്രത്തിന്റെ നോഡൽ കേന്ദ്രം കണ്ണൂരിലെ ടെറിട്ടോറിയൽ ആർമി ആസ്ഥാനമാണ്. ഇവിടെ നിന്നും ഇതിനകം 45 സേനാംഗങ്ങൾ പരിശീലനം പൂർത്തിയാക്കി.
18 നും 42 നും ഇടയിൽ പ്രായമുള്ള സേവന സന്നദ്ധരായ യുവാക്കളാണ് സേനയിലുള്ളത്. കേരളത്തിനു പുറമെ, കർണാടക, തമിഴുനാട്, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് അംഗങ്ങൾ. ലഫ്റ്റനന്റ് റാങ്കിലാണ് തുടക്കത്തിൽ നിയമനം. പിന്നീട് സേനത്തിനനുസൃതമായി ബ്രിഗേഡിയർ റാങ്ക് വരെയെത്താം. ലഫ്. കേണൽ ഗുർമിത് സിംഗ്,(സെക്കന്റ് ഇൻ കമാൻഡൻഡ്), മേജർ വിനയ് കുമാർ(അഡ്ജിറ്റൻഡ്), സുബേദാർ മേജർ എം.വി.പ്രകാശൻ എന്നിവരാണ് സേനയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ.