Sorry, you need to enable JavaScript to visit this website.

അവര്‍ മകളെ പീഡിപ്പിച്ച് കൊന്നതാണ്; കണ്ണീര്‍ തോരാതെ പ്രവാസി മാതാപിതാക്കള്‍

ജിദ്ദ- പ്രവാസിയായിരുന്ന മകളുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റവാളികൾക്കെതിരെ നടപടി എടുക്കണമെന്ന് പ്രവാസികളായ മാതാപിതാക്കൾ ആവശ്യപ്പെട്ടു. ജിദ്ദ ലാന്റ്മാർക് അറേബ്യയിൽ വെയർഹൗസ് സൂപ്പർവൈസറായിരുന്ന എറണാകുളം കൊച്ചുകടവന്ത്ര അമ്പാടി മാനർ ഫ്‌ളാറ്റിൽ പാറക്കൽ ഹൈജിനസ് (അജി), ഭാര്യയും ജിദ്ദ ജാമിഅ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമായ ലീലാമ്മ എന്നിവരാണ് മകൾ അപർണ എന്ന ആൻലിയയുടെ (25) മരണത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടത്. ആൻലിയയുടെ ഭർത്താവ് തൃശൂർ അന്നകര വടക്കൂട്ട് വീട്ടിൽ വി.ഡി ജസ്റ്റിനും കുടുംബാംഗങ്ങളും മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാപിതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പുഴയിൽ ചാടി ആത്മഹത്യ ചെയ്തുവെന്ന രീതിയിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ള മകളുടെ മരണത്തിൽ ഒട്ടേറെ ദുരൂഹതകളുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണത്തിന് പോലീസ് തയാറായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. 


ആൻലിയയുടെ മാതാപിതാക്കളായ ലീലാമ്മയും ഹൈജിനസും. 

ബി.എസ്.സി നഴ്‌സിംഗ് കഴിഞ്ഞ് ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്തുകൊണ്ടിരിക്കെ 2016 ഡിസംബർ 26ന് ആയിരുന്നു ആൻലിയയുടെ വിവാഹം. ദുബായിൽ ആറു വർഷമായി സീനിയർ അക്കൗണ്ടന്റാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ജസ്റ്റിൻ ആൻലിയയെ വിവാഹം കഴിച്ചത്. വിവാഹ സമയം എഴുപത് പവൻ സ്വർണാഭരണങ്ങളും പോക്കറ്റ് മണിയും നൽകിയിരുന്നു. വിവാഹ ചടങ്ങുകളും കെങ്കേമമായാണ് നടത്തിയത്. നഴ്‌സിംഗ് ട്യൂട്ടറായി ജോലി ചെയ്യണമെന്ന ആഗ്രഹമുള്ളതിനാൽ വിവാഹ ശേഷം നഴ്‌സിംഗ് ഉപരി പഠനത്തിന് മകളെ അനുവദിക്കണമെന്ന ആവശ്യം ജസ്റ്റിൻ അംഗീകരിച്ചിരുന്നുവെങ്കിലും വിവാഹശേഷം അതിനു തയാറാവാതെ ദുബായിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെ ജോലിക്കു പോകാൻ നിർബന്ധിക്കുകയുമായിരുന്നു. എന്നാൽ തുടർ പഠനം ആഗ്രഹിച്ചിരുന്ന ആൻലിയ ആരോഗ്യ മന്ത്രാലയത്തിന്റെ പരീക്ഷ എഴുതാൻ തയാറാകാതിരുന്നതിനാൽ ജോലി ലഭിച്ചില്ല. തുടർന്ന് ആൻലിയയുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. അതിനിടെ താൽക്കാലികം മാത്രമായിരുന്ന ജസ്റ്റിന്റെ ജോലി നഷ്ടപ്പെട്ടു. ഇതോടെ മൂന്നു മാസത്തിനു ശേഷം ഇരുവരും നാട്ടിലേക്കു മടങ്ങി. ഇതിനിടെ ആൻലിയ ഗർഭിണിയാവുകയും ചെയ്തുരുന്നു. തൃശൂരിലെ വീട്ടിലെത്തിയതോടെ മാനസികവും ശാരീരികവുമായ പീഡനം ഇരട്ടിയായി. ജസ്റ്റിന്റെ മാതാപിതാക്കളായ മാത്യു, എൽസി, സഹോദരങ്ങളായ ജെഫി, ജെയ്‌സൺ, സഹോദര ഭാര്യ ടീന എന്നിവരും ഇതിൽ പങ്കാളികളായി. ഗർഭിണിയായിരുന്നിട്ടുകൂടി മതിയായ ശുശ്രൂഷയും ഭക്ഷണവും നൽകാതെയായിരുന്നു പീഡനമെന്ന് ഹൈജിനസും ലീലാമ്മയും പറഞ്ഞു. പീഡനം തുടരുന്നതിനിടെ മാനസിക രോഗിയായി ചിത്രീകരിച്ച് ചികിത്സ നടത്തുന്നതിനും ജസ്റ്റിനും കുടുംബവും തയാറായി. അതിനിടക്ക് ജസ്റ്റിന് എറണാകുളത്ത് ജോലി കിട്ടിയതിനെത്തുടർന്ന് താമസം ആൻലിയയുടെ എറണാകുളത്തെ ഫ്‌ളാറ്റിലേക്ക് മാറ്റി. അവിടേയും പീഡനം തുടർന്നു. ഏതാനും മാസത്തിനു ശേഷം തൃശൂരിലെ വീട്ടിലേക്കു തന്നെ കൂട്ടിക്കൊണ്ടുപോയി. അപ്പോഴേക്കും പ്രവസവം അടുക്കാറായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ അവസാനം ഹൈജിനസും ലീലാമ്മയും നാട്ടിലെത്തി ആൻലിയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ജനുവരി രണ്ടിന് സിസേറിയനിലൂടെ ആൻലിയ ഒരു ആൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. നാട്ടിലെത്തിയ വേളയിൽ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് മകൾ സൂചിപ്പിച്ചിരുന്നുവെങ്കിലും ജീവിതമാകുമ്പോൾ അതൊക്കെയുണ്ടാകുമെന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. തങ്ങൾ വേദനിക്കുമെന്നതിനാൽ പലതും അവൾ മറച്ചു വെച്ചിരുന്നു. പിന്നീട് ഡയറിയിൽ നിന്നാണ് മകൾ അനുഭവിച്ചിരുന്ന പീഡനങ്ങളെക്കുറിച്ച് തങ്ങൾക്ക് ശരിക്കും മനസിലാക്കാനായതെന്നും അവർ കൂട്ടിച്ചേർത്തു. 


മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയൻ ചെയ്യുക


കുഞ്ഞുണ്ടായ ശേഷവും ആൻലിയയോടുള്ള സമീപനത്തിൽ ഒരു മാറ്റവും വരുത്തിയില്ലെന്നു മാത്രമല്ല, കൂടുതൽ പണവും മറ്റും ആവശ്യപ്പെട്ട് പീഡനം തുടരുകയായിരുന്നു. മർദനത്തിനും മകൾ ഇരയായി. അപ്പോഴും ഉപരിപഠനമെന്ന ആഗ്രഹം ആൻലിയ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ആൻലിയയുടെ ആഗ്രഹപ്രകാരമെന്ന മട്ടിൽ എം.എസ്.സി നഴ്‌സിംഗ് വിദൂര പഠനത്തിന് ബംഗളൂരുവിൽ പ്രവേശനം തരപ്പെടുത്തി അവിടെ ഹോസ്റ്റലിൽ ആക്കി. കുട്ടിയിൽനിന്ന് ആൻലിയയെ അകറ്റാൻ കൂടിയുള്ള തന്ത്രമായിരുന്നു ഇത്. കുട്ടിയുടെ ചിത്രവും വീഡിയോയും ദിവസവും അയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആൻലിയ ബംഗളൂരുവിലേക്ക് പോയത്. എന്നാൽ കുട്ടിയുടെ ഒരു ചിത്രം പോലും അയക്കാൻ ജസ്റ്റിൻ തയാറായില്ല. പിന്നീട് ഓണ അവധിക്ക് ഇക്കഴിഞ്ഞ ഓഗസ്റ്റ് 24ന് ആൻലിയ കുട്ടിയെ കാണുന്നതിന് തൃശൂരിലെ വീട്ടിലെത്തി. ഇത് ജസ്റ്റിനും കുടുംബാംഗങ്ങൾക്കും ഇഷ്ടമായില്ല. പഴയതു പോലുള്ള പീഡനം തുടർന്നപ്പോൾ 27ന് മടങ്ങാൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ആൻലിയ പിറ്റേ ദിവസം തന്നെ ബംഗളൂരുവിലേക്ക് പോകാൻ തയാറായി. രാത്രി എട്ടരക്കായിരുന്നു ബംഗളൂരുവിലേക്കുള്ള ട്രെയിനെങ്കിലും ജസ്റ്റിൻ ആൻലിയയെ ഉച്ചക്കു തന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി സ്ഥലം വിട്ടു. പിന്നീട് ആൻലിയയെ കണ്ടിട്ടില്ലെന്നാണ് ജസ്റ്റിനും കുടുംബവും പറയുന്നത്. ആൻലിയയുമായി ബന്ധപ്പെടാനാവുന്നില്ലെന്നും ആൾ മിസ്സിംഗ് ആണെന്നും കാണിച്ച് ജസ്റ്റിന്റെ പിതാവ് റെയിൽവേ ഉദ്യോഗസ്ഥൻ കൂടിയായ മാത്യു റെയിൽവേ പോലീസിന് പരാതി നൽകി. അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് നാലു ദിവസത്തിനു ശേഷം പറവൂർ വടക്കേക്കരയിൽ പുഴയിൽനിന്ന് ഒരു മൃതദേഹം കണ്ടുകിട്ടിയത്. അഴുകിയ നിലയിലായിരുന്നതിനാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നുവെങ്കിലും അപ്പോഴേക്കും നാട്ടിലെത്തിയ ഹൈജിനസും ലീലാമ്മയും കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി മൃതദേഹം ആൻലിയയുടേതു തന്നെയെന്ന് തിരിച്ചറിഞ്ഞു. 


ആൻലിയയും ഭർത്താവ് ജസ്റ്റിനും (ഫയൽ).

എന്നാൽ ജസ്റ്റിനോ കുടുംബാംഗങ്ങളോ ഈ സംഭവത്തിനു ശേഷം തങ്ങളുമായി ബന്ധപ്പെടുകയോ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുകയോ ചെയ്തില്ലെന്ന് അവർ പറഞ്ഞു. ആൻലിയയുടെ മകനെ ഇതുവരേക്കും കൈമാറാനും കാണിച്ചുതരാനും കൂട്ടാക്കിയിട്ടില്ല. തൃശൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പോകാനിരുന്ന ആൾ ആലുവ ഭാഗത്തേക്ക് വരേണ്ടതില്ലെന്നിരിക്കെ ആലുവ ഭാഗത്തു വെച്ച് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്ന് പറയുന്നത് ദുരൂഹമാണ്. മാത്രല്ല, മാനസികമായി ഒട്ടേറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്നുവെങ്കിലും കാണാതായതിന്റെ തലേ ദിവസവും മകനുമൊത്ത് വളരെ സന്തോഷത്തോടെയായിരുന്നു തങ്ങളുമായി വീഡിയോ ചാറ്റിംഗ് നടത്തിയത്. മകനോടൊപ്പമുള്ള ചിത്രങ്ങളും അയച്ചു തന്നിരുന്നു. പഠന കാലത്തും രണ്ടു വർഷത്തോളം ജെ.എൻ.എച്ചിൽ ജോലി ചെയ്തിരുന്ന കാലത്തും ഗനാലാപനം, ചിത്രരചന തുടങ്ങി എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുകയും ജീവിതത്തെക്കുറിച്ച ഒട്ടേറെ സങ്കൽപങ്ങൾ സൂക്ഷിക്കുകയും ചെയ്തിരുന്നയാളാണ് ആൻലിയ. അതുകൊണ്ട് മകൾ ആത്മഹത്യ ചെയ്യില്ലെന്ന് തങ്ങൾ ഉറച്ചു വിശ്വിക്കുന്നു. ഇനി ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അതിനു ഉത്തരവാദികൾ ജസ്റ്റിനും അയാളുടെ കുടുംബാംഗങ്ങളുമാണ്. ജസ്റ്റിനും കുടുംബാംഗങ്ങൾക്കുമെതിരെ ഒട്ടേറെ തെളിവുകളുണ്ടായിട്ടും അവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് കേസ് അന്വേഷിക്കുന്ന തൃശൂർ പോലീസ് ഇതുവരെ തയാറായിട്ടില്ല. നീതി ലഭിക്കുന്നതുവരെ തങ്ങൾ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. ഹൈക്കോടതിയിൽ റിട്ട് ഹരജിയും ഫയൽ ചെയ്തിട്ടുണ്ട്. 
വാർത്താ സമ്മേളനത്തിൽ സുഹൃത്തുക്കളായ യേശുദാസ്, ടോണി എന്നിവരും പങ്കെടുത്തു.

Latest News