Sorry, you need to enable JavaScript to visit this website.

ഇലക്ട്രിക് സാധനങ്ങളുടെ വില്‍പനയില്‍ തട്ടിപ്പ്; സൗദി പൗരന് പിഴ

മക്ക- ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത ഇലക്ട്രിക് ഉൽപന്നങ്ങൾ വിൽപന നടത്തിയ കേസിൽ സൗദി പൗരന് മക്ക ക്രിമിനൽ കോടതി പിഴ ചുമത്തി. മക്കയിൽ ഇലക്ട്രിക്കൽ, പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ മൊത്ത വിൽപനക്കാരായ മുഹമ്മദ് സഈദ് ബാഖാദിർ ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് നടത്തിപ്പുകാരനായ മാജിദ് മുഹമ്മദ് സഈദ് ബാ ഖാദിറിനെയാണ് കോടതി ശിക്ഷിച്ചത്. സ്ഥാപനം അടപ്പിക്കുന്നതിനും വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും കോടതി വിധിച്ചു. നിയമ ലംഘകന്റെ പേരുവിവരങ്ങളും ഇദ്ദേഹം നടത്തിയ നിയമ ലംഘനങ്ങളും അതിനുള്ള ശിക്ഷയും സൗദി പൗരന്റെ സ്വന്തം ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. 
മക്ക കഅ്കിയ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ അധികൃതർ നടത്തിയ പരിശോധനയിൽ ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത 1614 വൈദ്യുതി ഉൽപന്നങ്ങൾ കണ്ടെത്തിയിരുന്നു. ഇവ മന്ത്രാലയം പിടിച്ചെടുത്തു. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കി കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. 
വാണിജ്യ വഞ്ചനകളെയും മറ്റു നിയമ ലംഘനങ്ങളെയും കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് ഉപയോക്താക്കളോട് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. സൗദിയിൽ വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടു കടത്തും. കുറ്റക്കാർ സൗദികളാണെങ്കിൽ അവർക്ക് വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നതിൽനിന്ന് വിലക്കേർപ്പെടുത്തും. 

Latest News