തായിഫ്- തായിഫ്, ദക്ഷിണ സൗദി റോഡിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിൽ ലാന്റ് ക്രൂയിസർ കാർ കവർന്ന് രക്ഷപ്പെട്ട പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം. 2015 മോഡൽ കാർ ഓഫാക്കാതെ സൗദി പൗരൻ പുറത്തിറങ്ങിയ തക്കത്തിലാണ് അജ്ഞാതൻ വാഹനവുമായി കടന്നത്. തായിഫിന് തെക്ക് 30 കിലോമീറ്റർ ദൂരെയുള്ള പെട്രോൾ ബങ്കിലാണ് സംഭവം. ഉടൻ തന്നെ സൗദി പൗരൻ ഇതേ കുറിച്ച് സുരക്ഷാ വകുപ്പുകൾക്ക് പരാതി നൽകി.
കാറിനെ കുറിച്ച വിവരങ്ങൾ ഫീൽഡിലുള്ള പട്രോൾ പോലീസുകാർക്കും ചെക്ക് പോയിന്റുകൾക്കും കൈമാറി. തായിഫിൽ നിന്ന് 80 കിലോമീറ്റർ ദൂരെ ഖിയാ ഏരിയ ലക്ഷ്യമാക്കിയാണ് മോഷ്ടാവ് പോയതെന്ന് പിന്നീട് വ്യക്തമായി. മോഷണം പോയതായി പരാതി ലഭിച്ച കാറിന് സമാനമായ വാഹനം വിഞ്ചിൽ കയറ്റിക്കൊണ്ടു പോകുന്നത് ഖിയായിൽ പട്രോൾ പോലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഈ സമയത്ത് കാറിൽ നമ്പർ പ്ലേറ്റുകളുണ്ടായിരുന്നില്ല. വിഞ്ച് തടഞ്ഞുനിർത്തി നടത്തിയ അന്വേഷണത്തിൽ കേടായ കാർ തായിഫിൽ കാറുകൾ പൊളിച്ച് സ്‌പെയർ പാർട്‌സ് ആക്കി മാറ്റുന്ന വർക്ക്‌ഷോപ്പുകൾ പ്രവർത്തിക്കുന്ന സ്ഥലത്ത് എത്തിക്കുന്നതിന് സൗദി പൗരൻ ഏൽപിച്ചതാണെന്ന് ഡ്രൈവറായ സുഡാനി വ്യക്തമാക്കി.
കാർ കേടായതാണെന്നാണ് സൗദി പൗരൻ അറിയിച്ചതെന്നും സുഡാനി പറഞ്ഞു. തായിഫിൽ നിർദിഷ്ട സ്ഥലത്ത് കാർ എത്തിച്ച ശേഷം വിഞ്ച് വാടക നൽകാമെന്നും താൻ അവിടെയുണ്ടാകുമെന്നും സൗദി പൗരൻ തന്നെ അറിയിച്ചതായും സുഡാനി വെളിപ്പെടുത്തി. പ്രാഥമികാന്വേഷണ റിപ്പോർട്ട് തയാറാക്കി കാറും വിഞ്ചും സഹിതം സുഡാനിയെ അൽസിർ പോലീസ് സ്റ്റേഷന് കൈമാറി. മുഖ്യ പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്.