തിരുവനന്തപുരം- സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി നടത്തിയ തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയ 96കാരി കാര്‍ത്ത്യായനി അമ്മയ്ക്ക് സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കി. ഹരിപ്പാടി സ്വദേശിയായ അമ്മൂമയെ പൊന്നാട അണിയിച്ചു. സര്‍ട്ടിഫിക്കറ്റും കൈമാറി. കവയത്രി സുഗതകുമാരിയും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. നാലാം ക്ലാസ് തുല്യത പരീക്ഷയില്‍ 100ല്‍ 98 മാര്‍ക്കു വാങ്ങിയാണ് കാര്‍ത്ത്യായനി സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയത്. പഠനം ഇവിടെ നിര്‍ത്തുന്നില്ലെന്നും പത്താം ക്ലാസ് തുല്യത പരീക്ഷ കൂടി പാസാകണമെന്നും കംപ്യൂട്ടര്‍ പഠനം തുടങ്ങണമെന്നുമാണ് ആഗ്രഹമെന്നും ഇവര്‍ അറിയിച്ചു. ചടങ്ങില്‍ കാര്‍ത്ത്യായനി അമ്മ സുഗതകുമാരിയുമായും മുഖ്യമന്ത്രിയുമായി കുശലം പറഞ്ഞു. ഇതിനിടെ ധാരാളം ചായ കുടിക്കുന്ന ശീലത്തെ കുറിച്ചും അവര്‍ പറഞ്ഞു. പാലൊഴിച്ച ചായയാണോ അതോ പാലൊഴിക്കാത്ത ചായയോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് കാര്‍ത്ത്യായനി നല്‍കിയ മറുപടി ചടങ്ങ് നടന്ന കോണ്‍ഫറന്‍സ് മുറിയില്‍ ചിരി പടര്‍ത്തി. പാലോഴിച്ച ചായയാണ് കുടിക്കാറുള്ളതെന്നും നല്ല മധുരം ചേര്‍ത്താണ് കഴിക്കാറുള്ളതെന്നുമായിരുന്നു അവരുടെ മറുപടി.