ദുബായ്- ദീപാവലിക്ക് ആദ്യമായി വേദിയാവാന്‍ ദുബായ് ഒരുങ്ങുന്നു. ഇന്നു മുതല്‍ 10 ദിവസത്തെ ആഘോഷമാണ് നടക്കുന്നത്. ഏറ്റവും അധികം ആളുകള്‍ ഒരുമിച്ച് ദീപം തെളിക്കുന്നതു ഗിന്നസ് ബുക്കില്‍ എത്തിക്കാനുള്ള ശ്രമവും നടത്തും.
അല്‍സീഫില്‍ നടക്കുന്ന ആഘോഷങ്ങള്‍ ദുബായ് ടൂറിസം, ദുബായ് പൊലീസ്, കോണ്‍സുലേറ്റ് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഇന്നു രാത്രി 8.30ന് ആണ് ആഘോഷങ്ങള്‍ തുടങ്ങുക. ബോളിവുഡ്, ഭാംഗ്ര നൃത്തപരിപാടികളും അരങ്ങേറും. ഏഴിനു ദുബായ് ക്രീക്കില്‍ ഔദ്യോഗിക ദീപം തെളിക്കല്‍ ചടങ്ങും കരിമരുന്നുപ്രയോഗവും നടക്കും. എട്ടുമുതല്‍ പത്തുവരെ ദിവസങ്ങളില്‍ ദുബായ് പൊലീസിന്റെ ബാന്‍ഡ് മേളവും കുതിരപ്പടയുടെ പരേഡും വൈകിട്ട് അഞ്ചുമുതല്‍ ഏഴുവരെ നടക്കും. ദുബായ് പൊലീസിന്റെ സൂപ്പര്‍ കാറുകളുടെ പ്രദര്‍ശനം വൈകിട്ട് അഞ്ചുമുതല്‍ രാത്രി പതിനൊന്നുവരെ ഉണ്ടാകും. ദുബായ് ക്രീക്കില്‍ അല്‍സീഫ് ഷോ ഡെക്കില്‍ റിലേ വിളക്ക് തെളിക്കല്‍ ഗിന്നസ് റെക്കോര്‍ഡ് പ്രകടനം നടക്കുക പത്തിനു വൈകിട്ട് അഞ്ചിനാണ്.