Sorry, you need to enable JavaScript to visit this website.

സൗദിയില്‍ തൊഴില്‍ കേസുകള്‍ മൂന്ന് വിഭാഗം; ആദ്യം ലേബര്‍ ഓഫീസുകളെ സമീപിക്കണം

റിയാദ് - ലേബര്‍ കോടതികളില്‍ തൊഴില്‍ കേസുകള്‍ നല്‍കുന്നതിനുള്ള സംവിധാനം നീതിന്യായ മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന തൊഴില്‍ കേസുകള്‍, ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കേസുകള്‍, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) രജിസ്‌ട്രേഷന്‍, നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഗോസി തീരുമാനങ്ങള്‍ക്കെതിരായ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പരാതികള്‍ എന്നിങ്ങിനെ തൊഴില്‍ കേസുകളെ മൂന്നു വിഭാഗമായി തരംതിരിച്ചാണ് വ്യവസ്ഥകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മന്ത്രിസഭാ തീരുമാനം അനുശാസിക്കുന്നതു പ്രകാരം, തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന തൊഴില്‍ കേസുകള്‍ക്ക് അനുരഞ്ജനത്തിലൂടെ പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട സ്ഥലത്തെ ലേബര്‍ ഓഫീസുകളെയാണ് ആദ്യം സമീപിക്കേണ്ടതെന്ന് നീതിന്യായ മന്ത്രാലയം പറഞ്ഞു. തൊഴില്‍ കേസുകള്‍ രമ്യമായി പരിഹരിക്കുന്നതിന് 21 ദിവസമാണ് ലേബര്‍ ഓഫീസുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതിനകം കേസുകള്‍ക്ക് അനുരഞ്ജനത്തിലൂടെ പരിഹാരം കാണാന്‍ കഴിയാത്ത പക്ഷം അത്തരം കേസുകള്‍ ലേബര്‍ ഓഫീസുകള്‍ ഓണ്‍ലൈന്‍ വഴി ലേബര്‍ കോടതികള്‍ക്ക് സമര്‍പ്പിക്കുകയാണ് വേണ്ടത്. തുടര്‍ന്ന് ഇത്തരം കേസുകളില്‍ കോടതികള്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കും.
ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട തൊഴില്‍ കേസുകള്‍ ഗാര്‍ഹിക തൊഴിലാളി തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പിക്കുന്ന പ്രത്യേക കമ്മിറ്റിക്കാണ് ആദ്യം സമര്‍പ്പിക്കേണ്ടത്. ഇത്തരം കേസുകള്‍ക്ക് രമ്യമായ പരിഹാരം കാണുന്നതിന് അഞ്ചു ദിവസത്തെ സമയമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനകം രമ്യമായി പരിഹാരം കാണാന്‍ കഴിയാത്ത പക്ഷം 10 ദിവസത്തിനകം കമ്മിറ്റി തര്‍ക്കത്തില്‍ തീര്‍പ്പ് കല്‍പിച്ചിരിക്കണം. കമ്മിറ്റി വിധിയില്‍ തൊഴിലാളികള്‍ക്കോ തൊഴിലുടമകള്‍ക്കോ വിയോജിപ്പുള്ള പക്ഷം ലേബര്‍ കോടതികളില്‍ ഓണ്‍ലൈന്‍ വഴി അപ്പീല്‍ നല്‍കാവുന്നതാണ്. ഇത്തരം കേസുകളില്‍ ലേബര്‍ കോടതികള്‍ വിചാരണ നടത്തും.
ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) രജിസ്‌ട്രേഷന്‍, നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഗോസി തീരുമാനങ്ങള്‍ക്കെതിരായ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പരാതികള്‍ മൂന്നു ഘട്ടങ്ങളായാണ് പരിശോധിക്കുക. ആദ്യ ഘട്ടത്തില്‍ ഗോസി തീരുമാനങ്ങള്‍ക്കെതിരെ ഗോസിയിലെ ബന്ധപ്പെട്ട വകുപ്പിന് പരാതി നല്‍കുകയാണ് വേണ്ടത്. ഈ വകുപ്പ് പ്രഖ്യാപിക്കുന്ന തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുകയാണ് രണ്ടാമത്തെ ഘട്ടത്തില്‍ ചെയ്യേണ്ടത്. അപ്പീല്‍ അംഗീകരിക്കപ്പെടാത്ത പക്ഷം ഇതിനെതിരെ ലേബര്‍ കോടതിയെ സമീപിക്കാവുന്നതാണ്. ഇത്തരം കേസുകളും ഓണ്‍ലൈന്‍ വഴിയാണ് ലേബര്‍ കോടതികള്‍ക്ക് സമര്‍പ്പിക്കേണ്ടതെന്നും നീതിന്യായ മന്ത്രാലയം അറിയിച്ചു.

 

 

Latest News