കോഴിക്കോട് - ഐ.എസ്.എം സംസ്ഥാന സമിതി നടപ്പിലാക്കുന്ന ഗ്രീൻ യൂനിറ്റ് പ്രോജക്ടിന്റെ ഭാഗമായി ജൈവ ഹൈടെക് കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവ്വഹിച്ചു. ഇന്നത്തെ പുത്തൻ തലമുറ കൃഷിയിൽനിന്ന് വളരെ അകന്നിട്ടുണ്ടെന്നും അവരെ കൂടി ഉപയോഗപ്പെടുത്തുന്ന തരത്തിൽ പുതിയ പദ്ധതിക്ക് ഐ.എസ്.എം നേതൃത്വം കൊടുക്കണമെന്നും പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൃഷിയിലെ വൈവിധ്യങ്ങൾ കണ്ടെത്താൻ പുതുതലമുറയെ പ്രാപ്തമാക്കണമെന്നും എം.കെ. രാഘവൻ അഭിപ്രായപ്പെട്ടു.
സംസ്ഥാന കൺവീനർ ഡോ. ലബീദ് അരീക്കോട് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ആയിശാബി പാണ്ടികശാല, നമ്പിടി നാരായണൻ, ഗ്രീൻ വെജ് കർഷക സംഘം സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂർ, അബ്ദുർറഹീം ഖുബ, നൗഫൽ എം.കെ, നിയാസ് ചക്കുംകടവ്, അഷ്‌റഫ് വാഴയിൽ, കെ.ആർ ഗിരീഷ്, പി.വി ഷാജിൻ, മുഹമ്മദ് കോയ തിരുവണ്ണൂർ, സഫൂറ ടീച്ചർ, ആഫില തിരുവണ്ണൂർ എന്നിവർ പ്രസംഗിച്ചു. എഞ്ചിനീയർ എസ്. രാമചന്ദ്രൻ നായരുടെ തിരുവണ്ണൂരിലെ 35 സെന്റ് സ്ഥലത്താണ് ഡ്രിപ്പ് ഇറിഗേഷനോട് കൂടി ഹൈടെക്ക് കൃഷിയിറക്കിയത്. ഈ പദ്ധതിക്ക് കോഴിക്കോട് ഗ്രീൻ വെജ് കർഷക സംഘമാണ് നേതൃത്വം നൽകുന്നത്.
ഐ.എസ്.എം ഗ്രീൻ യൂനിറ്റ് പ്രോജക്ടിനു കീഴിൽ മാലിന്യമുക്ത ആരോഗ്യ ഹരിത ഗ്രാമം എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് സമൂഹത്തെ ബോധവൽക്കരിക്കാനാണ് ഹൈടെക് ഫാമിംഗ്. ഓരോ ജില്ലയിലും ഇത്തരം സംരംഭങ്ങൾ നടന്നുവരികയാണ്. നവംബർ അവസാന വാരത്തോടു കൂടി പഞ്ചായത്ത് തലങ്ങളിൽ ബോധവൽക്കരണ ക്യാമ്പുകളും പ്രഭാഷണങ്ങളും സംഘടനാ തലത്തിൽ നടക്കും. സംഘടനാ കാര്യാലയങ്ങൾ, സംഘടനാ പ്രവർത്തകരുടെ വീട്, പരിസര ശുചീകരണം, മത ചടങ്ങുകൾ, സമ്മേളനങ്ങൾ, ശിൽപശാലകൾ, ആരോഗ്യ ചികിത്സാരംഗം, കച്ചവട സ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ എന്നിവയാണ് ഗ്രീൻ പ്രോട്ടോക്കോളിന്റെ പ്രധാന പ്രവർത്തന മേഖലകൾ.