തിരുവനന്തപുരം- ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയുടെ അവസാന മത്സരത്തിന് തലസ്ഥാന നഗരി ഒരുങ്ങി.
തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ക്രിക്കറ്റ് പൂരത്തിന് സുരക്ഷയൊരുക്കാൻ കേരള പോലീസും തയാറെടുത്തു. മത്സരത്തിനായി വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണർ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എന്നിവരെ കൂടാതെ 10 എസ്.പിമാർ, 18 ഡിവൈ.എസ്.പിമാർ, 60 ഇൻസ്‌പെക്ടർമാർ, 140 എസ്.ഐമാർ ഉൾപ്പെടെ 1500 പോലീസുദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം റേഞ്ചിന് കീഴിലുള്ള കൊല്ലം സിറ്റി, കൊല്ലം റൂറൽ, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
കളി കാണാൻ വരുന്നവർക്ക് ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച ഐ.ഡി കാർഡും കൊണ്ടുവരണം. പോലീസ് ഉൾപ്പെടെ ഡ്യൂട്ടി പാസ് ഇല്ലാതെ ആരെയും സ്റ്റേഡിയത്തിന് പരിസരത്തോ ഉള്ളിലോ പ്രവേശിപ്പിക്കില്ല. കളി കാണാൻ വരുന്നവരുടെ മൊബൈൽ ഫോൺ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രീകാര്യം മുതൽ കഴക്കൂട്ടം വരെ ദേശീയപാതയിൽ ഒരു വാഹനവും പാർക്കിങ് അനുവദിക്കില്ല.