Sorry, you need to enable JavaScript to visit this website.

കൊൽക്കത്തയിൽ  എ.ടി.കെക്ക് കാലിടറി

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ അത്‌ലറ്റികോ കൊൽക്കത്ത-ബംഗളൂരു എഫ്.സി മത്സരത്തിൽനിന്ന്. 

കൊൽക്കത്ത- അഞ്ചാമത് ഐ.എസ്.എൽ ഫുട്‌ബോളിൽ എ.ടി.കെ മോശം ഫോം തുടരുന്നു. സ്വന്തം ഗ്രൗണ്ടിൽ ഈ സീസണിൽ അവർ മൂന്നാം തോൽവി വഴങ്ങി. ഒരു ഗോളിന് പിന്നിലായ ശേഷം ബംഗളൂരു എഫ്.സി അവരെ 2-1 ന് തോൽപിച്ചു.
ബംഗളൂരു എഫ്.സിയുടേത് ഉജ്വല തിരിച്ചുവരവായിരുന്നു. കൊൽക്കത്തയിൽ നടന്ന കളിയിൽ എ.ടി.കെക്കെതിരെ പതിനഞ്ചാം മിനിറ്റിൽ തന്നെ ഒരു ഗോളിന് പിന്നിലായ ബംഗളൂരു ഇടവേളക്ക് മുമ്പും പിമ്പുമായി രണ്ടു മിനിറ്റിനിടെ നേടിയ രണ്ടു ഗോളിൽ വിജയം പിടിച്ചു. 
പതിനഞ്ചാം മിനിറ്റിൽ ഇന്ത്യയുടെ അണ്ടർ-17 ലോകകപ്പ് താരമായ കോമൾ തറ്റലാണ് എ.ടി.കെക്ക് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മികുവിന്റെ തകർപ്പൻ ഗോളിലൂടെ ബംഗളൂരു ഒപ്പമെത്തി. രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റിൽ എറിക് പാർതലു ബംഗളൂരുവിന്റെ വിജയ ഗോളും നേടി. 
ലീഡ് വഴങ്ങിയ ശേഷവും ആക്രമിച്ചു കളിക്കാൻ എ.ടി.കെ മടിച്ചതോടെ രണ്ടാം പകുതിയിൽ അപൂർവം അവസരങ്ങളേ പിറന്നുള്ളൂ. എൺപത്തൊന്നാം മിനിറ്റിൽ ഗെർസൻ വിയേറയുടെ ഷോട്ട് പോസ്റ്റിനിടിച്ചതാണ് സമനിലക്കടുത്ത് എ.ടി.കെ എത്തിയ ഏക അവസരം. ആധിപത്യം നിലനിർത്തിയ ബംഗളൂരുവിന് അർഹിച്ച വിജയം തന്നെയായിരുന്നു ഇത്. നാലു കളികളിൽ 10 പോയന്റുമായി ബംഗളൂരു ഒന്നാം സ്ഥാനത്തെത്താൻ സാധ്യത വർധിച്ചു. ഗോവ എഫ്.സിക്കും നാലു കളികളിൽ 10 പോയന്റുണ്ട്. അഞ്ച് കളിയിൽ 11 പോയന്റുമായി നോർത്ഈസ്റ്റ് യുനൈറ്റഡാണ് ഒന്നാം സ്ഥാനത്ത്. എ.ടി.കെ ആറ് കളിയിൽ ഏഴ് പോയന്റുമായി അഞ്ചാം സ്ഥാനത്താണ്. 
ആദ്യ പകുതി താരതമ്യേന ആവേശകരമായിരുന്നു. ബംഗളൂരുവാണ് ആക്രമിച്ചതെങ്കിലും ആദ്യം ഗോൾ നേടിയത് എ.ടി.കെയായിരുന്നു. എ.ടി.കെയുടെ പ്രതിരോധം ഭേദിക്കാൻ ബംഗളൂരു പ്രയാസപ്പെട്ടു. മികുവിന്റെ കനത്ത ഹെഡർ എ.ടി.കെ ഗോളി അരിന്ദം ഭട്ടാചാര്യ രക്ഷിച്ചു. എന്നാൽ ഇടവേളക്ക് സെക്കന്റുകൾ മുമ്പ് ബോക്‌സിന് പുറത്ത് നിന്നുള്ള മികുവിന്റെ ഇടിവെട്ട് ഷോട്ട് അരിന്ദം ഭട്ടാചാര്യക്ക് കണ്ടു നിൽക്കാനേ ആയുള്ളൂ. 
രണ്ടാം പകുതിയുടെ തുടക്കത്തിൽ പാർതലു സ്‌കോർ ചെയ്തതും കിടിലൻ ഷോട്ടിലൂടെയായിരുന്നു. മധ്യവരക്ക് സമീപം കിട്ടിയ ഫ്രീകിക്ക് ദിമാസ് ദെൽഗാഡൊ ബോക്‌സിലേക്കുയർത്തിയതാണ് ഗോളിലേക്ക് വഴി തുറന്നത്. 

 

Latest News