കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോ റിക്ഷകൾ പ്രവേശിക്കുന്നതിന് നിയന്ത്രണം. അനധികൃതമായി നിർത്തിയിടുന്ന ഓട്ടോ റിക്ഷകൾക്ക് മൂവായിരം രൂപ പിഴ നൽകേണ്ടി വരും. വിമാനത്തവള കവാടത്തിന് മുമ്പിലാണ് എയർപോർട്ട് അതോറിറ്റി ഓട്ടോ റിക്ഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചത്.
എന്നാൽ യാത്രക്കാരെ കൊണ്ടുവരാനും കൊണ്ടുപോകാനും വരുന്ന ഓട്ടോ റിക്ഷകൾക്ക് നിരോധനമില്ലെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. യാത്രക്കാരില്ലാതെ നിയന്ത്രിത മേഖലയിൽ പ്രവേശിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്താൽ മൂവായിരം രൂപ പിഴ നൽകേണ്ടിവരും. വിമാനത്താവളത്തിന്റെ കവടാത്തിലും മറ്റു സ്ഥലങ്ങളിലും ഓട്ടോ റിക്ഷകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് അതോറിറ്റി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. ഓട്ടോ റിക്ഷകൾ പ്രിപെയ്ഡ് ടാക്‌സികളെ മറികടന്ന് യാത്രക്കാരെ കൊണ്ടുപോകുന്നതിനെതിരെയും പരാതിയും ലഭിച്ചിരുന്നു.
കരിപ്പൂരിൽ ഓൺലൈൻ ടാക്‌സി, ഓട്ടോ റിക്ഷ തുടങ്ങിയവ യാത്രക്കാരെ കയറ്റുന്നതിനെ ചൊല്ലി തർക്കം പതിവാണ്. ഇതു കൂടി മുന്നിൽ കണ്ടാണ് ഓട്ടോ റിക്ഷ പാർക്കിങിന് അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയത്.