കോട്ടയം - ശബരിമല വിഷയത്തിൽ കടുത്ത നിലപാട് ആവർത്തിച്ച് എൻഎസ്എസ് രംഗത്ത്. വിഷയത്തിൽ സുപ്രീം കോടതി കേസ് പരിഗണിക്കും വരെ എൻഎസ്എസ് നാമജപ യജ്ഞം നടത്തുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.
കേസ് പരിഗണനയ്ക്ക് വരുന്ന ഈ മാസം 13 വരെ യജ്ഞം തുടരും. അധികൃതരുടെ മനസ്സു മാറാനാണ് പ്രാർത്ഥന നടത്തുന്നത്. വിധി പ്രതികൂലമായാൽ തുടർനടപടിയെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരുന്നയിൽ എൻഎസ്എസ് പതാക ദിനാചരണത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജാതിമത ഭേദമെന്യേ വിശ്വാസി സമൂഹത്തിന്റ സ്വകാര്യ സ്വത്താണ് അയ്യപ്പൻ. അത് ആരും വിസ്മരിക്കരുതെന്നും സുകുമാരൻ നായർ പറഞ്ഞു. മന്നത്ത് പദ്മനാഭന്റെ ചരിത്രമറിയാത്തവർ സമ്മേളനങ്ങൾ വിളിച്ചുകൂട്ടി തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല പുനഃപരിശോധനാ ഹരജികൾ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് എൻഎസ്എസ് നിലപാട് കർക്കശമാക്കിയത്. ശബരിമലയിലെ യുവതി പ്രവേശനത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ആദ്യം മുതൽ എൻഎസ്എസ് രംഗത്തെത്തിയിരുന്നു.
സർക്കാർ നിരീശ്വരവാദികൾക്കൊപ്പമാണെന്നും വിശ്വാസികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുകയാണെന്നുമായിരുന്നു എൻഎസ്എസ് തുറന്നടിച്ചത്. ശബരിമലയിൽ നടന്ന പോലീസ് നടപടികളെയും എൻഎസ്എസ് തള്ളിപ്പറഞ്ഞിരുന്നു.
സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് വിലങ്ങുതടിയായി എല്ലാവരെയും സിപിഎം നേതാക്കളും മന്ത്രിമാരും അടച്ചാക്ഷേപിച്ചപ്പോഴും എൻഎസ്എസിനോട് മൃദുസമീപനമാണ് പുലർത്തുന്നത്. ഇതുവരെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ മുഖ്യമന്ത്രിയോ ആക്ഷേപ പ്രസംഗത്തിനു പേരുകേട്ട മന്ത്രി ജി. സുധാകരനോ മന്ത്രി എം.എം മണിയോ എൻഎസ്എസിനെ സ്പർശിച്ചില്ല. ബ്രാഹ്മണ സമുദായത്തെയാണ് സിപിഎം നേതാക്കൾ വിമർശനത്തിന് ലക്ഷ്യമിട്ടത്. നവോത്ഥാനത്തിന്റെ കാര്യം ചൂണ്ടിക്കാട്ടിയപ്പോഴും എൻഎസ്എസിനെ നോവിക്കുന്ന എല്ലാം ഒഴിവാക്കി. 12 ശതമാനത്തോളം വോട്ട് ബാങ്കുളള എൻഎസ്എസിനെ പിണക്കേണ്ടെന്ന് തന്നെയാണ് തീരുമാനം. എൻഎസ്എസ് നിലപാട് തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അഭ്യർഥിച്ചു. ഇതിനും പോസീറ്റിവായല്ല എൻഎസ്എസ് പ്രതികരിച്ചത്.
സർക്കാരാണ് നിലപാട് തിരുത്തേണ്ടതെന്നായിരുന്നു പ്രതികരണം. സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും എൻഎസ്എസ് അറിയിച്ചിരുന്നു. ശബരിമല വിഷയത്തിൽ സർക്കാരിലെ ചിലരെയെങ്കിലും ആശയക്കുഴപ്പത്തിലാക്കിയത് എൻഎസ്എസ് നിലപാടാണ്. പക്ഷേ അത് അവഗണിക്കാൻ തന്നെ തീരുമാനിച്ചെങ്കിലും പരസ്യമായ ആക്രമണത്തിന് സിപിഎം തയാറായിട്ടില്ല.
അതിനിടെ, സർക്കാർ ആചാര ലംഘനത്തിന് ശ്രമിക്കുകയാണെന്നാരോപിച്ച് രണ്ടാം ഘട്ട പ്രക്ഷോഭത്തിന് രൂപം നൽകാൻ ശബരിമല കർമസമതിയുടെ നേതൃസമ്മേളനം ഇന്ന് കോട്ടയത്ത് നടക്കും. ഇന്ന് രാവിലെ 10.30 ന് കോട്ടയം തിരുനക്കര കാർത്തിക ഓഡിറ്റോറിയത്തിലാണ് സമ്മേളനം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആചാര സംരക്ഷണത്തിന് കർമപരിപാടികൾ ആവിഷ്‌കരിക്കുകയെന്നതാണ് യോഗത്തിന്റെ അജണ്ട. സന്ന്യാസി മാർഗദർശക് മണ്ഡൽ അധ്യക്ഷൻ കൊളത്തൂർ അദൈ്വതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സന്ന്യാസിമാർ, ആധ്യാത്മികാചാര്യൻമാർ, വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ, അയ്യപ്പഭക്ത സംഘടനാ നേതാക്കൾ, മഹിളാ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും.