തിരുവനന്തപുരം - പശ്ചാത്തല സൗകര്യ വികസനത്തിനും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഊന്നൽ നൽകുന്ന സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു.
പൊതുഗതാഗത മേഖല ശക്തിപ്പെടുത്തുന്ന റോഡുകൾ, റോഡ് ശൃംഖലകൾക്ക് അന്തർദേശീയ നിലവാരം, സുരക്ഷിതത്വം ഉറപ്പാക്കുന്ന റോഡുകൾ, അഴിമതി രഹിതമായ നിർമാണം, സുതാര്യത എന്നിവയാണ് നയത്തിലൂടെ ലക്ഷ്യമിടുന്നത്. നയം നടപ്പാക്കുന്നതിന് എഞ്ചിനീയർമാർക്ക് പരിശീലനം നൽകും. മരാമത്ത് ഓഡിറ്റ് നിർബന്ധമാക്കും.
സ്ഥലം കിട്ടാത്തതിനാൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കുന്നതിന് ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകി നടപടികൾ വേഗത്തിലാക്കും. ക്വാളിറ്റി മാന്വൽ, ലബോറട്ടറി മാന്വൽ എന്നിവയിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കും. പരിസ്ഥിതി സൗഹൃദ നിർമാണ സംവിധാനം ഏർപ്പെടുത്തും. റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുളള മലയോര ഹൈവേ (1,627 കിലോമീറ്റർ) നിർമാണം പൂർത്തിയാക്കും. തീരദേശ ഹൈവേ (656 കിലോമീറ്റർ) പൂർത്തിയാക്കും. ശബരിമല റോഡുകൾ മെച്ചപ്പെടുത്തി ഏഴു കൊല്ലത്തെ അറ്റകറ്റപ്പണിക്ക് കരാർ നൽകും. കയ്യേറ്റം ഒഴിവാക്കുന്നതിന് കർശന നടപടി സ്വീകരിക്കാനും നയത്തിൽ നിർദ്ദേശമുണ്ട്.
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷനിലെ ഏഴ് അസിസ്റ്റൻറ് ജനറൽ മാനേജർമാർക്ക് പത്താം ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യം നൽകാൻ തീരുമാനിച്ചു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആഭ്യന്തര സർവ്വീസ് നടത്തുന്ന എല്ലാ വിമാനങ്ങൾക്കും ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എ.ടി.എഫ്) പൊതു വിൽപന നികുതി നിരക്ക് പത്ത് വർഷത്തേക്ക് ഒരു ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചു.
പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്കും ലൈഫ് മിഷന്റെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ഭൂരഹിത ഭവനരഹിത കുടുംബങ്ങൾക്കും പുനരധിവാസത്തിന് ഭൂമി സംഭാവന ചെയ്യുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കാൻ തീരുമാനിച്ചു. പൊതു സ്ഥാപനങ്ങൾ പുനർനിർമിക്കുന്നതിന് ഭൂമി സംഭാവന ചെയ്യുന്നവർക്കും ഈ ഇളവ് ലഭിക്കും.
കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ 78.5 കോടി രൂപ ചെലവിൽ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് കിഫ്ബി മുഖേന ഫണ്ട് ലഭ്യമാക്കാൻ കേരള വാട്ടർ അതോറിറ്റിക്ക് തത്വത്തിൽ അനുമതി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.