ജിദ്ദ- ജിദ്ദയിൽ പ്രവർത്തിക്കുന്ന വൻകിട സ്വകാര്യ കമ്പനിയിൽ നിന്ന് സൗദി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിൽ മക്ക തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ അന്വേഷണം ആരംഭിച്ചു. ഒറ്റ ദിവസം കമ്പനി 250 സൗദി യുവതീ യുവാക്കളെ പിരിച്ചുവിടുകയായിരുന്നു. അന്യായമായാണ് കമ്പനി തങ്ങളെ പിരിച്ചുവിട്ടതെന്ന് ജീവനക്കാർ പരാതിപ്പെട്ടു. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ ജീവനക്കാരെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
പൂർത്തിയാകാറായ പദ്ധതിയിൽ ജോലിക്ക് നിയമിച്ച് കമ്പനി തങ്ങളെ ചൂഷണം ചെയ്യുകയായിരുന്നെന്ന് ജീവനക്കാർ പരാതിപ്പെട്ടു. പദ്ധതി പൂർത്തിയാകുന്ന മുറക്ക് നോട്ടീസും നഷ്ടപരിഹാരവും നൽകാതെ തങ്ങളെ പിരിച്ചുവിടുന്നതിന് കമ്പനിക്ക് അവകാശമുണ്ടാകും എന്ന് വ്യക്തമാക്കുന്ന തൊഴിൽ കരാർ അനെക്‌സിൽ ഒപ്പുവെക്കുന്നതിന് കമ്പനി തങ്ങളെ നിർബന്ധിക്കുകയായിരുന്നു. ഇതിന് വിസമ്മതിച്ചവരെ നോട്ടീസ് പോലും നൽകാതെ കമ്പനി ഉടനടി പിരിച്ചുവിട്ടു. ഇത് തൊഴിൽ നിയമത്തിലെ 77-ാം വകുപ്പിന് വിരുദ്ധമാണ്.
പദ്ധതി പൂർത്തിയാകാറായ കാര്യം അറിയാതെയാണ് മറ്റുള്ളവർ തൊഴിൽ കരാർ അനെക്‌സിൽ ഒപ്പുവെച്ചത്. പിരിച്ചുവിടൽ ഒഴിവാക്കുന്നതിനാണ് ഇവർ കരാറിൽ ഒപ്പുവെച്ചത്. എന്നാൽ കരാർ ഒപ്പുവെച്ച് രണ്ടു ദിവസത്തിനു ശേഷം നഷ്ടപരിഹാരങ്ങൾ നൽകാതെ ഇവരെയും കമ്പനി പിരിച്ചുവിട്ടു. പദ്ധതി കാലാവധി അവസാനിക്കുന്ന അതേ തീയതി രേഖപ്പെടുത്തിയ തൊഴിൽ കരാർ അനെക്‌സിലാണ് തൊഴിലാളികളെ കൊണ്ട് കമ്പനി ഒപ്പു വെപ്പിച്ചത്. നാലു മുതൽ ഏഴു വർഷം സർവീസുള്ളവരെയാണ് ഒരുവിധ നഷ്ടപരിഹാരവും നൽകാതെ കമ്പനി പിരിച്ചുവിട്ടത്. പദ്ധതി നടത്തിപ്പിന്റെ പുതിയ കരാറേറ്റെടുത്ത കമ്പനിയിലേക്ക് തൊഴിലാളികളെ മാറ്റാതിരുന്നത് ആശ്ചര്യകരമാണ്. സാധാരണയിൽ സർക്കാർ പദ്ധതി കരാർ കാലാവധി പൂർത്തിയായി, പദ്ധതി നടത്തിപ്പ് കരാർ പുതിയ കമ്പനി ഏറ്റെടുക്കുമ്പോൾ പഴയ കമ്പനിയിലെ ജീവനക്കാരെ പുതിയ കമ്പനിയിലേക്ക് മാറ്റുകയാണ് പതിവ്. ഈ ആനുകൂല്യവും കമ്പനി തങ്ങൾക്ക് നിഷേധിച്ചതായി പിരിച്ചുവിടലിന് ഇരയായ ജീവനക്കാർ പരാതിപ്പെട്ടു.