കുവൈത്ത് സിറ്റി- അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അടക്കം പ്രമുഖരെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സന്ദര്‍ശിച്ചു. ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുതകുന്ന നിരവധി കാര്യങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സമൂഹത്തിന്റെ ചില ആശങ്കകളും കുവൈത്ത് നേതാക്കളുമായി സുഷമ പങ്കുവെച്ചു.
രണ്ടു ദിവസത്തെ ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷം ചൊവ്വാഴ്ചയാണ് സുഷമ കുവൈത്തിലെത്തിയത്. ഗള്‍ഫ് മേഖലയില്‍ കുവൈത്ത് വഹിക്കുന്ന നേതൃപരമായ പങ്കിനെക്കുറിച്ച് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറകുമായുള്ള ചര്‍ച്ചയില്‍ സുഷമ എടുത്തു പറഞ്ഞതായി വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. നേരത്തെ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു സുഷമ പ്രധാനമന്ത്രിയെ കണ്ടത്.
കുവൈത്തില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളും എണ്‍പതോളം മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന ദുരിതവും സുഷമ കുവൈത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായാണ് സൂചന. ഇന്ത്യന്‍ എംബസിയില്‍ പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യവേ ഇക്കാര്യത്തില്‍ അവര്‍ ഉറപ്പ് നല്‍കിയിരുന്നു.
വിദേശി എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷനുമായി ബന്ധപ്പെട്ട് കുവൈത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനയാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് പ്രശ്‌നമായത്. ഇന്ത്യയിലെ നാഷനല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷനില്‍ (എന്‍.ബി.എ) അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ കുവൈത്ത് അംഗീകരിക്കുന്നുള്ളൂ. അല്ലാത്തവരുടെ ഇഖാമ പുതുക്കുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ വീസയില്‍ കുവൈത്തില്‍ എത്തിയ ശേഷം വര്‍ഷങ്ങളായി ജോലിയും ശമ്പളവും ലഭിക്കാത്തതാണ് എണ്‍പതോളം നഴ്‌സുമാര്‍ അനുഭവിക്കുന്ന ദുരിതം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ സുഷമ സ്വരാജിനെ വിമാനത്താവളത്തില്‍ കുവൈത്ത് ഏഷ്യ കാര്യങ്ങള്‍ക്കായുള്ള വിദേശകാര്യ ഡപ്യൂട്ടി അസിസ്റ്റന്റ് മന്ത്രി സാലിം അല്‍ ഹംദാന്‍, ഇന്ത്യന്‍ സ്ഥാനപതി കെ. ജീവസാഗര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.