കുവൈത്ത് സിറ്റി- രണ്ടു ദിവസത്തെ കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ വിദേശമന്ത്രി സുഷമ സ്വരാജിന്റെ മനം കവര്‍ന്ന് കുവൈത്തി ഗായകന്റെ വൈഷ്ണവ ജനതോ ഭജന്‍ ആലാപനം. മഹാത്മാഗാന്ധിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, ഗുജറാത്തി ഭാഷയിലുള്ള ഭജന്‍ മുബാറക് അല്‍ റാഷിദ് അതിമനോഹരമായാണ് ആലപിച്ചത്.
ഭജന്‍ ആലാപനത്തില്‍ പൂര്‍ണമായും ലയിച്ച സുഷമാ സ്വരാജ് അത്ഭുതത്തോടെയും ആഹ്ലാദത്തോടെയുമാണ് കുവൈത്തി ഗായകന്റെ ഈ സംഗീതാര്‍ച്ചന ശ്രവിച്ചത്. കുവൈത്ത് ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അല്‍ റാഷിദിന്റെ ഭജന്‍ ആലാപനം.
പിന്നീട് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ഇതിന്റെ വീഡിയോ ദൃശ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. നിലക്കാത്ത കൈയടിയോടെയാണ് ഇന്ത്യക്കാരുടെ സദസ്സ് അല്‍ റാഷിദിനെ ആദരിച്ചത്.
മഹാത്മജിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികം പ്രമാണിച്ചാണ് ഇന്ത്യന്‍ എംബസിയുടെ ക്ഷണപ്രകാരം മുബാറക് അല്‍ റാഷിദ് പാടാനെത്തിയത്. പാടാന്‍ ഏറെ ബുദ്ധിമുട്ടുള്ള രണ്ട് പാട്ടുകളാണ് മുബാറക് പാടിയതെന്നും ഇത് തന്നെ വിസ്മയിപ്പിച്ചെന്നും സുഷമ പിന്നീട് പറഞ്ഞു. വൈഷ്ണവ് ജനതോ, ഒരു കടലാസിന്റെ സഹായം പോലുമില്ലാതെയാണ് അദ്ദേഹം പഠിച്ച് പാടിയത്.
ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഭജന്‍ പാടാനായതില്‍ അഭിമാനമുണ്ടെന്ന് മുബാറകും പറഞ്ഞു. മഹാത്മജിയുടെ പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സുഷമ സ്വരാജ് മടങ്ങിയത്.