തിരുവനന്തപുരം- ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരള സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാർ പങ്കെടുത്തില്ല. ഇത് കേരള സർക്കാറിന് വൻ തിരിച്ചടിയായി. ഒരു സംസ്ഥാനത്തെയും മന്ത്രിമാർ യോഗത്തിനെത്തിയില്ല. അതാത് വകുപ്പ് സെക്രട്ടറിമാർ മാത്രമാണ് യോഗത്തിന് എത്തിയത്. മണ്ഡല, മകരവിളക്ക് തീർഥാടനത്തോനുബന്ധിച്ച് തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവടങ്ങളിലെ മന്ത്രിമാരെയാണ് യോഗത്തിന് വിളിച്ചിരുന്നത്. എന്നാൽ ഈ സംസ്ഥാനങ്ങളിൽനിന്നുള്ള ആരും യോഗത്തിനെത്തിയില്ല. മന്ത്രിമാർ വിട്ടുനിന്നതിനെ തുടർന്ന് മുഖ്യമന്ത്രിയും യോഗത്തിനെത്തിയില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് യോഗം ഉദ്ഘാടനം ചെയ്തത്. സുപ്രീം കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യുന്നതായിരുന്നു യോഗത്തിലെ ആദ്യ അജണ്ട.