Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശബരിമല സുരക്ഷാ ചുമതല  എ.ഡി.ജി.പി അനന്തകൃഷ്ണന് 

തിരുവനന്തപുരം- യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനെച്ചൊല്ലി പ്രക്ഷോഭങ്ങൾ മുറുകവേ, മണ്ഡല മകര വിളക്കു കാലയളവിൽ ശബരിമലയിൽ സുരക്ഷയൊരുക്കാനുള്ള ചുമതല പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. അനന്തകൃഷ്ണന് കൈമാറി. 
ദക്ഷിണമേഖലാ എ.ഡി.ജി.പി അനിൽകാന്തും ഒപ്പമുണ്ടാവും. ശബരിമലയിലേക്കുള്ള പാതകളിലും പമ്പ മുതൽ സന്നിധാനം വരെയും പഴുതടച്ച സുരക്ഷയൊരുക്കും. 
മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, കമാൻഡോകൾ, കേന്ദ്ര സേന എന്നിവയെയും നിയോഗിക്കും. മുഖം തിരിച്ചറിയാൻ കഴിയുന്ന ക്യാമറകളുപയോഗിച്ച് നിരീക്ഷണമുണ്ടാവും. നിലയ്ക്കലിലും മറ്റും അക്രമം കാട്ടിയവരുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് ഈ ക്യാമറകളിലൂടെ കണ്ടെത്തും. ആവശ്യമെങ്കിൽ ഇവരെ കസ്റ്റഡിയിലെടുക്കും. ഉന്നത ഉദ്യോഗസ്ഥരുടെ വൻ സംഘത്തെ നിയോഗിക്കും. സുരക്ഷയുടെയും പോലീസിന്റെയും മറ്റ് സേനകളുടെയും ഏകോപനച്ചുമതല എ.ഡി.ജി.പി എസ്. ആനന്ദ കൃഷ്ണനായിരിക്കും. ചീഫ് പോലീസ് കൺട്രോളറായി എ.ഡി.ജി.പി അനിൽകാന്ത് പ്രവർത്തിക്കും. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം ജോയന്റ് കൺട്രോളറുടെ ചുമതല വഹിക്കും. പി. വിജയനടക്കം എട്ട് ഐ.ജിമാർക്ക് സുരക്ഷാ ചുമതലയുണ്ട്. സന്നിധാനത്തിന്റെയും പമ്പയുടെയും ചുമതല രണ്ട് ഐ.ജിമാർക്കാണ്. സുരക്ഷയൊരുക്കാൻ എട്ട് എസ്.പിമാരെയും നിയോഗിക്കും. 
സന്നിധാനത്ത് സുരക്ഷക്ക് രണ്ട് എസ്.പിമാരുണ്ടാകും. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും രണ്ട് എസ്.പിമാർ വീതമുണ്ടാവും. മരക്കൂട്ടം, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷയും ഒരോ എസ്.പിമാർക്ക് കൈമാറും. 
അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം 5000 പോലീസുകാർ സുരക്ഷയ്ക്കുണ്ടാവും. നിലയ്ക്കലിലെ സംഘർഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ഇതുവരെ 3505 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മാത്രം 334 പേരെ അറസ്റ്റ് ചെയ്തു. 
529 കേസുകളിലാണ് അറസ്റ്റ്. 124 പേർ ഇതു വരെ റിമാൻഡിലായിട്ടുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ട 210 പേരുടെ ചിത്രങ്ങൾ കൂടി പോലീസ് പുറത്തു വിട്ടു. ഇവരെ മൂന്നു ദിവസത്തിനകം പിടികൂടണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി. 500 പേരെ പിടികൂടാനുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ. കണ്ടാലറിയാവുന്ന 4000 പേർക്കെതിരെയാണ് കേസെടുത്തത്.
 

Latest News