Sorry, you need to enable JavaScript to visit this website.

ഖശോഗി വധം: സൗദി അറ്റോര്‍ണി ജനറല്‍ തുര്‍ക്കി കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു

റിയാദ്- ജമാൽ ഖശോഗി വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സൗദി അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് ജമാൽ ഖശോഗി കൊല്ലപ്പെട്ട ഇസ്താംബൂൾ സൗദി കോൺസുലേറ്റ് സന്ദർശിച്ചു. തുർക്കി അധികൃതരുമായി രണ്ടാം വട്ട ചർച്ചകളും അറ്റോർണി ജനറൽ ഇന്നലെ നടത്തി. ഞായറാഴ്ച വൈകീട്ടാണ് അറ്റോർണി ജനറൽ തുർക്കിയിലെത്തിയത്. തിങ്കളാഴ്ച ഇസ്താംബൂൾ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ ഇർഫാൻ ഫിദാനുമായി ശൈഖ് സൗദ് അൽമുഅജബ് ഒന്നാം റൗണ്ട് ചർച്ചകൾ നടത്തിയിരുന്നു. ഇസ്താംബൂൾ മെയിൻ കോടതി സമുച്ചയത്തിൽ വെച്ച് നടത്തിയ കൂടിക്കാഴ്ച 75 മിനിറ്റ് നീണ്ടുനിന്നു. ഇർഫാൻ ഫിദാനുമായി ഇന്നലെ വീണ്ടും സൗദി അറ്റോർണി ജനറൽ കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷമാണ് ശൈഖ് സൗദ് അൽമുഅജബ് സൗദി കോൺസുലേറ്റ് സന്ദർശിച്ചത്. 
ഖശോഗി വധത്തിൽ ഇരു രാജ്യങ്ങളും സംയുക്ത അന്വേഷണമാണ് നടത്തുന്നത്. അന്വേഷണ വിവരങ്ങൾ സൗദി, തുർക്കി പ്രോസിക്യൂട്ടർമാർ പങ്കുവെക്കുന്നത് പ്രയോജനപ്രദമാണെന്നും സഹകരണം തുടരണമെന്നും തുർക്കി വിദേശ മന്ത്രി മെവ്‌ലുത് ജവുസോഗ്‌ലു പറഞ്ഞു. കേസിലെ പ്രതികളെ തുർക്കിയിൽ വിചാരണ ചെയ്യുന്നതിന് തുർക്കിക്ക് കൈമാറണമെന്നാണ് തുർക്കി ആവശ്യപ്പെടുന്നത്. എന്നാൽ ഇത് സൗദി അറേബ്യ തള്ളിക്കളഞ്ഞു. അന്വേഷണം പൂർത്തിയായ ശേഷം പ്രതികളെ സൗദിയിൽ വിചാരണ ചെയ്യുമെന്ന് വിദേശ മന്ത്രി ആദിൽ അൽജുബൈർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  

Latest News