സാമൂതിരി രാജവംശത്തിന്റെ ആസ്ഥാന നഗരമായ കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 16 കിലോമീറ്റർ ദൂരെയുള്ള ചരിത്രപരമായ കാപ്പാട് കടപ്പുറത്ത് പോയി കുറച്ച് ചിത്രങ്ങൾ ഒപ്പിയെടുത്ത് വിശദീകരിച്ചാൽ തീരുന്നതല്ല കാപ്പാടിന്റെ വിനോദ സഞ്ചാര ചരിത്രം.
ലോക വിനോദ ഭൂപടത്തിൽ ചരിത്ര സ്ഥാനമാണ് കാപ്പാടാണെന്ന് എല്ലാവർക്കും അറിയാം. അതിന് പ്രധാന കാരണം 1498 ൽ പോർച്ചുഗീസ് നാവികനായ വാസ്‌കോ ഡ ഗാമയും 170 പേരടങ്ങുന്ന സംഘവും കപ്പലിറങ്ങിയ തുറമുഖം എന്ന ചരിത്ര പ്രാധാന്യം നേടിയതുകൊണ്ടാണ്.
ഇന്ത്യയിലെ വിദേശ അധിനിവേശ ചരിത്രം ആരംഭിക്കുന്നത് തന്നെ കാപ്പാട് തീരത്ത് നിന്ന് തന്നെയാകണം. വാസ്‌കോ ഡ ഗാമയുടെ വരവിനു ശേഷം പോർച്ചുഗീസുകാർ കൂടാതെ അറബികൾ, ബ്രിട്ടീഷുകാർ അങ്ങനെ ഇന്ത്യയിൽ വന്നു വ്യാപാരം നടത്തി കാലക്രമേണ ഇന്ത്യ ഭരിക്കുക തന്നെ ചെയ്തു. കാപ്പാട് ബീച്ചിന്റെ പ്രത്യേകത ചരിത്രം പഠിച്ച ആർക്കും അറിയുന്നതുമാണ്.
ബീച്ചിനെ മൂന്ന് പ്രധാന മേഖലയായി തരം തിരിച്ചാണ് കാപ്പാട് വിനോദ മേഖല. കോരപ്പുഴ അഴിമുഖം, കപ്പക്കടവ്, തുവ്വപ്പാറ തുടങ്ങിയവയാണ് ഇവ. ദേശീയ അന്തർദേശീയ പ്രശസ്തി നേടിയ കാപ്പാടിന്റെ മറ്റൊരു അത്ഭുത പ്രത്യേകതയുടെ വ്യാപ്തി മനസ്സിലാക്കാൻ വേണ്ടിയാണ് കാപ്പാട് ബീച്ചിൽ പോകാൻ തീരുമാനിച്ചത്. ഇതിനായി മൂന്ന് വ്യത്യസ്ത ദിവസങ്ങളിൽ വ്യത്യസ്ത സമയം ബീച്ച് സന്ദർശിക്കേണ്ടി വന്നു. ആ യാത്ര അതിമനോഹരമായ ഒരു ബീച്ചിലൂടെയാണെന്ന് മനസ്സിലാക്കുമ്പോഴാണ് മറ്റൊരു ചരിത്ര ഭൂമിയുടെ യഥാർത്ഥ തീരം ഇവിടെ കാണാൻ കഴിഞ്ഞത്.
ഇസ്‌ലാമിക മാസാരംഭമായ ഹിജ്‌റ മാസപ്പിറവിയുടെ സ്ഥിരീകരണത്തിന്റെ കേന്ദ്രം കൂടിയാണ് ഈ വിശാല കടൽ തീരം. അതായത് ഏതാനും നിമിഷം മാത്രം ആകാശത്ത് ദൃശ്യമാകുന്ന ചന്ദ്രക്കല സാധാരണ നേത്രം കൊണ്ട് കാണാൻ കഴിയുന്ന ഒരു കടൽ തീരമെന്നും പറയാം. തന്മൂലം നിരവധി പെരുന്നാളും നോമ്പും സ്ഥിരീകരിച്ച് ഉറപ്പിച്ചത് ഇവിടെ ദൃശ്യമായ ചന്ദ്രന്റെ അടിസ്ഥാനത്തിലാണ് എന്ന യാഥാർഥ്യം കൂടി കാപ്പാട് കടപ്പുറത്തിനുണ്ട്. കാപ്പാട് കടപ്പുറത്ത് ദൃശ്യമായ മാസപ്പിറവികളുടെ അടിസ്ഥാനത്തിൽ ഉറപ്പിച്ച നിരവധി പെരുന്നാളുകളുടെ നിജസ്ഥിതി മനസ്സിലാക്കിയാൽ കാപ്പാട് കടപ്പുറം ഒരിക്കലെങ്കിലും സന്ദർശിക്കാതിരിക്കാൻ ആർക്കും പ്രത്യേകിച്ച്, വിനോദ സഞ്ചാരം ഇഷ്ടപ്പെടുന്നവർക്ക് കഴിയില്ല.
തീരത്തിന് പിറകിൽ ആകാശത്ത് ശക്തമായ മഴക്കാറ് വീണ്ടും തിങ്ങിക്കൂടുന്നുന്നുണ്ടെങ്കിലും അൽപം മുമ്പ് വരെ പെഴ്തു തോർന്ന മഴക്ക് തെളിവായി റോഡിലെ വെള്ളക്കെട്ട് കടലിലേക്ക് ഒഴുകാതെ വാസ്‌കോ ഡ ഗാമയുടെ സ്തൂപത്തന് ചുറ്റും കൂടിയിരിക്കുന്നു.
രണ്ട് മുസ്‌ലിം പള്ളികളും ഒരു അമ്പലവും റിസോർട്‌സും 100 ഓളം കുടുംബങ്ങളും വസിക്കുന്ന കാപ്പാട് കടപ്പുറത്ത് പ്രത്യേകം നിർമ്മിച്ച കടൽ ഭിത്തിയിൽ ഇരുന്നുകൊണ്ട് പടിഞ്ഞാറോട്ട് ദിവസങ്ങൾ നോക്കിയിരുന്നാൽ പോലും സാധാരണക്കാർക്ക് സ്വന്തം നേത്രം കൊണ്ട് കാണാൻ കഴിയാത്ത മാസപ്പിറവി വർഷങ്ങളോളമായി സാധാരണ നേത്ര ബിന്ദു കൊണ്ട് കണ്ട് ഖാസിമാരുടെ സദസ്സിൽ വന്ന് തെളിവ് സഹിതം വിശദീകരണം നൽകി മാസം ഉറപ്പിക്കുന്ന ആ വിഭാഗവും സ്ഥലവും മറ്റൊരു മഹാത്ഭുതം തന്നെയാണ്.
പല സ്ഥലങ്ങളിലും ആധുനിക ടെലിസ്‌കോപ്പിക് യന്ത്ര സാമ്രഗ്രി മുതൽ ഗോള ഗണിത ശാസ്ത്ര കണക്കുകൂട്ടലുകൾ വരെ നടത്തി സ്ഥിരീകരിക്കുന്നവർക്ക് കാപ്പാടിന്റെ രീതി പഠന മാതൃകയാണ്. വർഷങ്ങളുടെ പരിചയവും ഖാസിമാരുടെ സദസ്സിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനുള്ള ധൈര്യവുമാണ് ഇവരുടെ നൈപുണ്യം. കലണ്ടറുകളിലെ ഹിജ്‌റ മാസത്തിന്റെ അവസാന ദിവസം അതായത് 29 ാം തീയതി സൂര്യാസ്തമയത്തന് തൊട്ടു മുമ്പ് ഇവർ കടപ്പുറത്ത് വന്ന് പടിഞ്ഞാറോട്ട് നോക്കി നിൽക്കും. ആദ്യം കണ്ട ആൾ ഒരാളെ കൂടി ആ നിമിഷം കാണിച്ചു കൊടുക്കാൻ ശ്രമിക്കും. ചിലപ്പോൾ ഒന്നോ രണ്ടോ സെക്കന്റ് മാത്രമേ ദൃശ്യമാകൂ. മഴക്കാറുള്ള ദിവസമാണെങ്കിൽ രണ്ടാമത് ഒരാൾ കൂടി കാണുക ഏറെ വിഷമകരമാണ്. കടൽ തീരത്ത് നിന്ന് കണ്ട ദൃശ്യം നിമിഷങ്ങൾക്കകം രജ്യമാകെ അറിയുമെങ്കിലും മാസപ്പിറവി കണ്ടവരും നാട്ടുകാരും കാപ്പാട് ടൗണിലെ വലിയ ജുമാഅത്ത് പള്ളിയിൽ പോവുകയും ഖാസിയുടെ നേതൃത്വത്തിലുളള പരിശോധനക്കും വിശകലനത്തിനും ശേഷം വാസ്തവം ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമാണ് നോമ്പിന്റെയും പെരുന്നാളിന്റെയും സ്ഥിരീകരണം ഉണ്ടാകുക. ഇതാണ് വർഷങ്ങളായി നടന്നു വരുന്ന രീതി.
കാപ്പാട്ട് മാസം കണ്ടതിനാൽ നാളെ നോമ്പ് മുപ്പതും അല്ലെങ്കിൽ പെരുന്നാളും ഉറപ്പിച്ചിരിക്കുന്നു എന്ന വാർത്ത പലപ്പോഴായിട്ട് നമ്മൾ കേട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ വലിയ പെരുന്നാളും കേരളത്തിൽ ഉറപ്പിച്ചത് കാപ്പാട്ട് കണ്ട ദുൽഹജ് മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണ്.
ചന്ദ്രപ്പിറവി എവിടെവെച്ചു വേണമെങ്കിലും കണമെന്നിരിക്കേ ഏറ്റവും സുതാര്യമായി ദൃശ്യമാകുന്നത് കാപ്പാട് കടപ്പുറത്ത് നിന്നാകാൻ കാരണം ഈ മനോഹര തീരത്തിന്റെ പ്രത്യേക തയാണ്. ശാന്തവും മൂകതയും നിറഞ്ഞ വിശാലമായ ഈ മനോഹര തീരം കാണേണ്ടത് തന്നെയാണ്.
അപ്പോൾ ബോധ്യപ്പെടുക കാപ്പാട് ലോക ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന ചരിത്ര സ്ഥാനത്തോടൊപ്പം മാസപ്പിറവിയുടെ തീരമെന്ന ചരിത്ര പ്രാധാന്യവുമുണ്ട്. നിരവധി വിദേശ ടൂറിസ്റ്റുകളാണ് കാപ്പാട് സന്ദർശിക്കുന്നത്. കേരളം സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ ടൂർ പാക്കേജിൽ കാപ്പാടും ഉൾപ്പെടുന്നു. പാറകളും ചെറിയ കുന്നുകളും മരങ്ങളും അവിടെ വന്നു പോകുന്ന ദേശാടനപ്പക്ഷികളും കാപ്പാടിന്റെ ആകർഷണീയത കൂട്ടുന്നു. തീർച്ചയായും ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് കാപ്പാട് ബീച്ച്.