അബുദബി- യുഎഇയില്‍ വിസാ കാലവധി കഴിഞ്ഞിട്ടും അനധികൃതമായി തങ്ങുന്നവര്‍ക്ക് നിയമ നടപടികളില്ലാതെ തിരിച്ചു പോകാനും പദവി ശരിയാക്കി തുടരാനും അവസരം നല്‍കുന്ന പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇത് ഒരു മാസത്തേക്കു കൂടി നീട്ടി ഡിസംബര്‍ ഒന്ന് വരെ ആനുകൂല്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. താമസ കുടിയേറ്റ കാര്യ ഫെഡറല്‍ അതോറിറ്റി ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഇതു സംബന്ധിച്ച അറിയിപ്പു നല്‍കിയത്. നേരത്തെ പൊതുമാപ്പ് കാലാവധി നീട്ടി നല്‍കിലെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇനിയും തങ്ങളുടെ താമസ രേഖകള്‍ പൂര്‍ണമായും നിയമപരമാക്കാത്തവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ് വിദേശ കാര്യ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് റകന്‍ അല്‍റാശിദി പറഞ്ഞു.
"الهويّة والجنسيّة" تمدد مبادرة "#احمِ_نفسك_بتعديل_وضعك" حتى أول ديسمبر المقبل لاتاحة فرصة جديدة للمخالفين الذين لم يتمكنوا من تسوية أوضاعهم#وام
— وكالة أنباء الإمارات (@wamnews) October 30, 2018
മൂന്ന് മാസമായി വിവിധ എറിമേറ്റുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒമ്പത് പൊതുമാപ്പ് കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് പേരാണ് സഹായം തേടിയെത്തിയത്. പൊതുമാപ്പ് അപേക്ഷാ നടപടികളില്‍ തുടക്കത്തില്‍ ചില സാങ്കേതിക പ്രശനങ്ങള്‍ കാരണം കാലതാമസം വന്നിരുന്നെന്നും ഇനിയും രേഖകള്‍ പൂര്‍ണമായും ശരിയാക്കാത്തവര്‍ത്ത് ഈ അവസരം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
ചില രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളില്‍ നിന്നും എംബസികളില്‍ നിന്നും രേഖകള്‍ യഥാസമയം ലഭിച്ചിരുന്നില്ല. ഇത് അപേക്ഷകള്‍ തീര്‍പ്പാക്കന്നതില്‍ അധിക കാലതാമസമുണ്ടാക്കിയിരുന്നു. തങ്ങളുടെ പൗരന്മാര്‍ക്ക് രേഖകള്‍ സമയത്തു തന്നെ നല്‍കുന്നതിന് വിദേശ എംബസികള്‍ സഹകരിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടിരുന്നു. അതേസമയം പൊതുമാപ്പ് കാലാവധി നീട്ടി നല്‍കണമെന്ന് പല രാജ്യങ്ങളുടെ എംബസികളും യുഎഇ സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചിരുന്നു.