ക്വട്ടേഷൻ സംഘവും പിടിയിൽ
തൃശൂർ- ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിൽ ഭാര്യയും കാമുകനും ക്വട്ടേഷൻ സംഘവും പിടിയിലായി. ക്വട്ടേഷൻ നൽകിയ സുജാത, കാമുകൻ സുരേഷ്ബാബു എന്നിവരും ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട ഓമനക്കുട്ടൻ, ശരത്ത്, ഷറഫുദ്ദീൻ, മുഹമ്മദലി എന്നിവരെയുമാണ് വിയ്യൂർ പോലീസ് പിടികൂടിയത്. തിരൂർ പോട്ടോർ അരുൺ ഗാർഡനിൽ താമസിക്കുന്ന 54 വയസുള്ള കൃഷ്ണകുമാറിനെ വധിക്കാനായി ഭാര്യ സുജാതയും കാമുകൻ സുരേഷ്ബാബുവും ചേർന്ന് ക്വട്ടേഷൻ നൽകിയതാണെന്ന് പോലീസ് കണ്ടെത്തി. നാലു ലക്ഷം രൂപയ്ക്കാണ് ഭാര്യയും കാമുകനും ചേർന്ന് ക്വട്ടേഷൻ നൽകിയത്. ഈ മാസം 22ന് തിരൂരിൽ വെച്ചായിരുന്നു വധശ്രമം നടന്നത്. കൃഷ്ണകുമാറിനെ കാറിടിച്ച് കൊലപ്പെടുത്താനായിരുന്നു ക്വട്ടേഷൻ സംഘത്തിന്റെ ശ്രമം. എന്നാൽ കൃഷ്ണകുമാർ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. സംശയം തോന്നിയ കൃഷ്ണകുമാർ വിയ്യൂർ പോലീസിൽ പരാതി നൽകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ കഥ വെളിവാകുകയുമായിരുന്നു. കാമുകനോടൊത്ത് ജീവിക്കാൻ വേണ്ടിയായിരുന്നു രണ്ടു കുട്ടികളുടെ അമ്മയായ സുജാത ക്വട്ടേഷൻ ആസൂത്രണം ചെയ്തത്. ക്വട്ടേഷൻ തുകയായി സ്വർണമാലയും ആൾട്ടോ കാറും സുജാത നൽകിയതായി പ്രതികൾ മൊഴി നൽകി. വിയ്യൂർ എസ്.ഐ ഡി.ശ്രീജിത്ത്, എ.എസ്.ഐമാരായ കെ.ടി.ആനന്ദ്, കെ.പി.മുകുന്ദൻ, ശെൽവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ച വയനാട്ടിലേക്ക് പോകാനായി കൃഷ്്ണകുമാർ പുലർച്ചെ തിരൂരിലെ വീട്ടിൽ നിന്നിറങ്ങി നടന്നു പോകുമ്പോൾ നിർത്തിയിട്ടിരുന്ന കാർ പൊടുന്നനെ തിരിക്കുന്നത് കണ്ടു. അടുത്ത നിമിഷം കാർ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. തോളെല്ലിനും കാലിലെ എല്ലിനും പൊട്ടലുണ്ടായി. ഭാഗ്യത്തിന് ജീവൻ തിരിച്ചുകിട്ടി. അപ്പോഴും അപകടത്തെക്കുറിച്ച് കൃഷ്ണകുമാറിന് സംശയമുണ്ടായിരുന്നു. നിർത്തിയിട്ടിരുന്ന കാർ പൊടുന്നനെ തിരിച്ചതിൽ അസ്വാഭാവികത തോന്നിയതായി കൃഷ്ണകുമാർ സുജാതയോട് പറഞ്ഞെങ്കിലും പരാതിയൊന്നും കൊടുക്കേണ്ടെന്ന നിലപാടിലായിരുന്നു അവർ. ഭാര്യയും ഡ്രൈവറും തമ്മിൽ അടുപ്പമുണ്ടെന്ന് കൃഷ്ണകുമാറിന് സൂചനകളുണ്ടായിരുന്നു. എല്ലാം ചേർത്തു വായിച്ചപ്പോൾ പന്തികേട് തോന്നിയ കൃഷ്ണകുമാർ റോഡിൽ പ്രഭാത സവാരിക്കിറങ്ങുന്നവരുടെ സഹായത്തോടെ തന്നെ ഇടിച്ച വണ്ടിയുടെ നമ്പർ സംഘടിപ്പിക്കുകയും വിയ്യൂർ പോലീസിൽ പരാതി നൽകുകയും ചെയ്തതോടെയാണ് ക്ലൈമാക്‌സിലേക്ക് കാര്യങ്ങൾ എത്തിയത്. കൃഷ്ണകുമാർ ചികിത്സയിലാണ്.
വണ്ടിയുടെ നമ്പർ പരിശോധിച്ച് ഉടമയെ കണ്ടെത്തിയെങ്കിലും വണ്ടി വാടകയ്ക്ക് നൽകിയതെന്നായിരുന്നു ഉടമയുടെ മൊഴി. വാടകക്കെടുത്തവരെക്കുറിച്ചുള്ള അന്വേഷണം ക്വട്ടേഷൻ സംഘത്തിലേക്കെത്തുകയായിരുന്നു. ക്രിമിനൽ കേസിലെ പ്രതിയായ ഓമനക്കുട്ടനെ ആദ്യവും മറ്റുള്ളവരെ പിന്നീടും പിടികൂടി.
നാലു ലക്ഷത്തിന് ഉറപ്പിച്ച ക്വട്ടേഷന്റെ അഡ്വാൻസായി നൽകിയത് പതിനായിരം രൂപയാണ്. വളരെ ബുദ്ധിപൂർമാണ് സുജാതയും കാമുകനും ചേർന്ന് കൃഷ്ണകുമാറിനെ വധിക്കാൻ പദ്ധതിയിട്ടത്. തിങ്കളാഴ്ച വയനാട്ടിലേക്കുള്ള യാത്രയെക്കുറിച്ചും വധിക്കേണ്ട ആളെക്കുറിച്ചുമെല്ലാം ഇവർ ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് വിവരങ്ങൾ നൽകി. കാറുമായി വഴിയിരകിൽ കാത്തുനിന്ന ക്വട്ടേഷൻ സംഘത്തിനെ കൃഷ്ണകുമാർ അൽപസമയത്തിനകം വീട്ടിൽ നിന്നിറങ്ങുമെന്ന വിവരമറിയിച്ചത് കാമുകനാണ്. കാമുകന് ആ വിവരം കൈമാറിയത് സുജാതയും. കൃഷ്ണകുമാർ ഇടതുവശം ചേർന്നു വരുമെന്ന് കരുതിയത് തെറ്റിയപ്പോഴാണ് ക്വട്ടേഷൻ സംഘത്തിന് കാർ തിരിക്കേണ്ടി വന്നത്. ഇടിച്ചയുടൻ കാറുമായി സംഘം സ്ഥലം വിടുകയും ചെയ്തു.
പിടിയിലായ സുജാത പോലീസിനു മുന്നിൽ വെച്ച് കൃഷ്ണകുമാറിനോട് ക്ഷമ ചോദിച്ചതും ഇത്രയൊക്കെ സ്‌നേഹിച്ചിട്ടും നീയെന്നെ കൊല്ലാൻ ആളെ വിട്ടില്ലേ എന്ന് കൃഷ്ണകുമാർ ചോദിച്ചതും വികാരനിർഭരമായ രംഗമായി. സ്വകാര്യ ബസിലെ ഡ്രൈവറാണ് അറസ്റ്റിലായ സുരേഷ്ബാബു.