കൊച്ചി- അമിത് ഷായുടെ വാക്ക് കേട്ട് ശബരിമലയിൽ കലാപമുണ്ടാക്കുവാൻ ശ്രമിക്കുന്നവർ അതിന്റെ ഫലം അനുഭവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംഘപരിവാർ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിന്റെ ഭാഗമായി എൽ.ഡി.എഫ് എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും കലൂർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ മുതലെടുക്കുവാനാണ് അമിത് ഷായുടെ വരവ്. എന്നാൽ കേരളത്തിന്റെ മണ്ണിൽ അത്തരത്തിലുള്ള നീക്കങ്ങൾക്ക് സാധ്യതയില്ലെന്ന് ബി.ജെ.പിയും അമിത് ഷായും മനസിലാക്കണം. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ സർക്കാരുകളെ താഴേയിറക്കിയിട്ടുണ്ടാകും. കേരളത്തിൽ അത്തരം നീക്കങ്ങൾ നടക്കില്ലെന്ന് ബി.ജെ.പിയും അമിത്ഷായും തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്യുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നു. അക്രമത്തിന് നേതൃത്വം നൽകിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നിയമവാഴ്ച തടസപ്പെടുത്തുന്നവർ ആരായാലും അറസ്റ്റിലാകും. അവിടെ ജാതിക്കോ മതത്തിനോ സ്ഥാനമില്ല.
സ്ത്രീ പ്രവേശനത്തിനെ എതിർക്കുന്നതിലൂടെ സമൂഹത്തിനെ പിന്നോട്ട് അടിക്കുന്നതിനാണ് ചിലർ ശ്രമിക്കുന്നത്. എന്നാൽ കേരളം അക്കൂട്ടർക്ക് സ്ഥാനം നൽകില്ല. കോൺഗ്രസിന്റെ ദേശീയ നേൃത്വത്വം ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തിട്ടുള്ളതാണ്. എന്നാൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടില്ല. പല കാര്യത്തിലുമെന്ന പോലെ ശബരിമല വിഷയത്തിലും മനസുകൊണ്ട് കോൺഗ്രസ് ബിജെപിക്കൊപ്പമാണ്. കേരളത്തിലും അത്തരം നിലപാടുകൾ സ്വീകരിക്കുകയാണെങ്കിൽ ദേശീയ രാഷ്ട്രിയത്തിലെന്ന പോലെ സ്വയം നാശത്തിലേക്കാവും കോൺഗ്രസ് പോവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുകയെന്നത് സർക്കാരിന്റെ ബാധ്യതയാണ്. എന്നാൽ അക്രമത്തിലൂടെ ചിലർ ഭരണഘടനയെ തന്നെയാണ് അട്ടിമറിക്കുവാൻ ശ്രമിക്കുന്നത്. അത് അനുവദിക്കില്ല. നിയമവാഴ്ച ഉറപ്പാക്കുക തന്നെ ചെയ്യും. ശാന്തിയും സമാധാനവും പുലരേണ്ട സ്ഥലമാണ് ശബരിമലയെന്ന് ഇതുമായി ബന്ധപ്പെട്ട് വിവാദം ഉയർത്തുന്നവർ മനസ്സിലാക്കണം. ശബരിമല സമരത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാൾ സന്നിധാനത്ത് രക്തമോ മൂത്രമോ വീഴ്ത്താൻ പ്ലാൻ ചെയ്യുമെന്ന് പറഞ്ഞു. രക്തമൊഴുക്കാൻ ഏതായാലും ഇവർ തയാറാവില്ല. മൂത്രമൊഴിക്കാൻ തന്നെയാകും പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു. ശബരിമല മാസ്റ്റർ പ്ലാനിനെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു.
നേരത്തെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടികെഎ നായരുടെ നേതൃത്വത്തിലുള്ള ഈ സമിതി റിപ്പോർട്ട് സർക്കാരിന് ഉടൻ നൽകും. ഇത് നടപ്പിലാക്കുന്നതോടെ ശബരിമലയിലും മറ്റ് അനുബന്ധ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ മാത്യു ടി.തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽ.ഡി.എഫിന്റെ ജില്ലയിലെ പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.