കോഴിക്കോട് - യുവതികൾക്കായി അയ്യപ്പ ക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് സുരേഷ് ഗോപി എം.പി. ഇതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് അഭ്യർഥിക്കും. പൂങ്കാവനത്തിനടുത്ത് സ്ഥലം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ഇല്ലെങ്കിൽ വിഷയത്തിൽ സമാന മനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരായ പരാതികളുടെ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയുടെ ആശ്വസിപ്പിക്കൽ. ക്ഷേത്രത്തിന്റെ പൂർണരൂപം ആയിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ വിളംബരം ഈയടുത്ത ദിവസങ്ങളിലുണ്ടാകും. ഈ വർഷം തന്നെ ക്ഷേത്രത്തിനായി സ്ഥലം കണ്ടെത്തും. ആ ക്ഷേത്രത്തിൽ പൂജ നടത്താൻ പൂജാരി വേണോ പൂജാരിണി വേണോ എന്ന കാര്യത്തിൽ തന്ത്രി മുഖ്യനുമായി ആലോചിച്ച് തീരുമാനമെടുക്കും. ശബരിമലയെ സംബന്ധിച്ച് ദൈവ ഹിതത്തിന് വേണ്ടി നിലനിൽക്കുന്ന സമൂഹത്തിന് യാതൊരു പോറൽ പോലും ഏൽക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. കൊളത്തൂർ അദൈ്വതാശ്രമത്തിൽ ശ്രീശങ്കര ചാരിറ്റബിൾ ട്രസ്റ്റിന്റെ വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.