അബുദാബി- ബഹിരാകാശ ക്ലബ്ബില്‍ യു.എ.ഇക്കും അംഗത്വം നല്‍കി ഖലീഫസാറ്റ് ചരിത്രത്തിലേക്ക് കുതിച്ചു. ആവേശവും ആഹ്ലാദവും അഭിമാനവും തിരതല്ലിയ നിമിഷങ്ങളില്‍ ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് യു.എ.ഇ സമയം എട്ടിനായിരുന്നു വിക്ഷേപണം. പൂര്‍ണമായും തദ്ദേശീയ നിര്‍മിതമായ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയതോടെ യു.എ.ഇ പുതിയൊരു ചരിത്രംകൂടി സൃഷ്ടിക്കുകയായിരുന്നു.
നമുക്കിത് ചരിത്രദിനം- യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ അറബ് ഉപ്രഗഹമാണിത്. സ്വദേശികള്‍ കഴിവ് തെളിയിച്ചിരിക്കുന്നു- ശൈഖ് മുഹമ്മദ് പറഞ്ഞു.
യു.എ.ഇ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് ഖലീഫസാറ്റ്. നേരത്തെ ദുബായ് സാറ്റ്1, ദുബായ് സാറ്റ്2 എന്നീ രണ്ടു ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നുവെങ്കിലും പൂര്‍ണമായി യു.എ.ഇ എന്‍ജിനീയര്‍മാര്‍ വികസിപ്പിച്ച ആദ്യ ഉപഗ്രഹമാണിത്. കാലാവസ്ഥാ നിരീക്ഷണം, അടിസ്ഥാന സൗകര്യ വികസനം, നഗരാസൂത്രണം, സമുദ്ര പഠനം തുടങ്ങിയ മേഖലകളില്‍ വിലപ്പെട്ട വിവരങ്ങളും അതിസൂക്ഷ്മ ചിത്രങ്ങളും ഖലീഫ സാറ്റ് ഉപഗ്രഹം തല്‍സമയം ലഭ്യമാക്കും.
രാജ്യത്തിന് അഭിമാനമേകിയ യു.എ.ഇയുടെ സ്‌പേസ് എന്‍ജിനീയര്‍മാര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്വപ്‌നം യു.എ.ഇ മക്കള്‍ സാക്ഷാത്കരിച്ചുവെന്ന് അഹ്മദ് അല്‍ ബെല്‍ഹൂല്‍ ട്വീറ്റ് ചെയ്തു. സ്വദേശികള്‍ക്ക് അഭിമാനകരമായ ദിനമാണിതെന്ന് ഇമാറാത്തി എഴുത്തുകാരന്‍ ഹസ്സന്‍ സജ്്വാനി പറഞ്ഞു.