ദോഹ- രണ്ടു ദിവസത്തെ ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള സുപ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ വിഷയീഭവിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഖത്തറിലെത്തിയ സുഷമക്ക് വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് ഹസ്സന്‍ അല്‍ ഹമ്മദി അവരെ സ്വീകരിച്ചു. ചീഫ് ഓഫ് പ്രോട്ടോക്കോള്‍ ഇബ്രാഹിം യൂസഫ് അബ്ദുല്ല ഫക്രു, ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്‍, ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
2015 മാര്‍ച്ചില്‍ അമീര്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച സുഷമ സ്വരാജ്, ഇരുരാജ്യങ്ങളുടെയും സൗഹൃദപൂര്‍ണമായ പ്രയാണത്തെക്കുറിച്ചുള്ള രൂപരേഖയും മുന്നോട്ടുവെച്ചതായി വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. ഖത്തര്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയാണു സുഷമ. ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനിയുമായും ചര്‍ച്ചകള്‍ നടത്തും. പ്രധാനപ്പെട്ട കരാറുകളില്‍ ഒപ്പുവച്ചേക്കും.
ഔദ്യോഗിക പ്രതിനിധി സംഘവും സുഷമയെ അനുഗമിക്കുന്നുണ്ട്. ഹോട്ടല്‍ ഷെറാട്ടനില്‍ പ്രവാസി ഇന്ത്യന്‍ പ്രതിനിധികളുമായും ആശയ വിനിമയം നടത്തും. ഗള്‍ഫ് മേഖലയുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു സുഷമ സ്വരാജിന്റെ ഖത്തര്‍ സന്ദര്‍ശനം. 30, 31 തീയതികളില്‍ സുഷമ സ്വരാജ് കുവൈത്ത് സന്ദര്‍ശിക്കുന്നുണ്ട്. കുവൈത്തില്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായും വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹുമായും ചര്‍ച്ച നടത്തും.