പുതമകളോടെ മലയാളം ന്യൂസ് ആപ്പ്; ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം
ജറൂസലം- ഇസ്രായില്‍ ഗതാഗത, ഇന്റലിജന്‍സ് മന്ത്രി ഇസ്രായില്‍ കാറ്റ്‌സ് അടുത്തയാഴ്ച ഒമാന്‍ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു അറിയിച്ചു. മസ്‌കത്തില്‍ ചേരുന്ന അന്താരാഷ്ട്ര ഗതാഗത സമ്മേളനത്തില്‍ കാറ്റസ് സംബന്ധിക്കുമെന്നും ഇതിനായി ഒമാന്‍ ഗതാഗത മന്ത്രിയും സമ്മേളന സംഘാടകരും പ്രത്യേകം ക്ഷണിച്ചതായും നെതന്യാഹു പറഞ്ഞു.
കഴിഞ്ഞയാഴ്ച മസ്‌കത്തിലെത്തിയ നെതന്യാഹു സുല്‍ത്താന്‍ ഖാബൂസുമായും മറ്റും ചര്‍ച്ച നടത്തിയിരുന്നു. 1996 നുശേഷം ഇരു രാജ്യങ്ങളിലേയും നേതാക്കളുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു അത്.
കാറ്റ്‌സിന്റെ സന്ദര്‍ശനത്തില്‍ ഇസ്രായില്‍ തയാറാക്കിയ ഗതാഗത പദ്ധതി സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മെഡിറ്ററേനിയന്‍ കടലിനേയും അറേബ്യന്‍ ഗള്‍ഫിനേയും റെയില്‍ വഴി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് ട്രാക്ക്‌സ് ഫോര്‍ റീജ്യണല്‍ പീസ് എന്നാണ് ഇസ്രായില്‍ പേരിട്ടിരിക്കുന്നത്. ഇസ്രായിലും ജോര്‍ദാനും വഴിയാണ് റെയില്‍പാത ഒരുക്കുന്നത്.
ആദ്യമായാണ് ഒരു ഇസ്രായില്‍ മന്ത്രിയെ ഒമാനില്‍ ചേരുന്ന അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നത്. ഇരു രാജ്യങ്ങള്‍ തമ്മില്‍ ഓദ്യോഗിക നയതന്ത്ര ബന്ധമില്ല. മേഖലയിലെ രാജ്യങ്ങളുമായി ബന്ധം സാധാരണനിലയിലാക്കാന്‍ ഇസ്രായില്‍ ശ്രമിച്ചുവരികയാണ്. യു.എ.ഇയില്‍ ഞായറാഴ്ച നടന്ന അന്താരാഷ്ട്ര ജൂഡോ മത്സരത്തില്‍ ഇസ്രായില്‍ സ്‌പോര്‍ട്‌സ് മന്ത്രി മിറി റെഗെവ് സംബന്ധിച്ചിരുന്നു.
താനും ഭാര്യയും ഔദ്യോഗിക സന്ദര്‍ശനത്തിനുശേഷം മസ്‌കത്തില്‍നിന്ന് മടങ്ങിയെന്ന് കഴിഞ്ഞ വെള്ളിയാഴ്ച അപ്രതീക്ഷിതമായാണ് നെതന്യാഹു വെളിപ്പെടുത്തിയത്.