കാസർകോട്-മഞ്ചേശ്വരം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ ഹരജി പിൻവലിക്കില്ലെന്ന് ഉറപ്പിച്ചു ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന കെ. സുരേന്ദ്രൻ. കേസ് നീട്ടിക്കൊണ്ടുപോകാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്നും എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് കേസ് വൈകിപ്പിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. മഞ്ചേശ്വരത്ത് എതിർ സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിക്കുകയും കഴിഞ്ഞ ദിവസം മരണപ്പെടുകയും ചെയ്ത പി.ബി. അബ്ദുറസാഖ് എം.എൽ.എയുടെ വസതിയിൽ എത്തിയ സുരേന്ദ്രൻ ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെയാണ് സുരേന്ദ്രൻ കാസർകോട്ട് എത്തി എം.എൽ.എയുടെ വീട് സന്ദർശിച്ചത്. കേസിൽ 67 സാക്ഷികൾ കോടതിയിൽ ഹാജരാകാനുണ്ട്. സാക്ഷികൾ ഹാജരാകാതിരിക്കാൻ യു.ഡി.എഫ് മനഃപൂർവ്വം ശ്രമിക്കുന്നു. സമൻസ് നൽകാനെത്തിയ കോടതി ജീവനക്കാരെ മുസ്‌ലിം ലീഗ് പ്രവർത്തകരും സി.പി.എമ്മുകാരും തടയാൻ രംഗത്തു വന്നുവെന്നും അദ്ദേഹം ആരോപിച്ചു. പല തവണ സംരക്ഷണം കൊടുക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറായില്ല. സാക്ഷികളെ തടയുന്നവർക്കെതിരെ നടപടി സ്വീകരിച്ചില്ല. തെരഞ്ഞെടുപ്പിൽ ജനവിധി അട്ടിമറിക്കാൻ യു.ഡി.എഫിനെ എൽ.ഡി.എഫ് സഹായിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി തുടരാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന കെ. സുരേന്ദ്രനോട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചിരുന്നു. മഞ്ചേശ്വരം എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്‌ലിം ലീഗിലെ പി.ബി. അബ്ദുറസാഖ് മരണപ്പെട്ട പശ്ചാത്തലത്തിലാണിത്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച സുരേന്ദ്രൻ നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് അബ്ദുറസാഖ് വിജയിച്ചത്. മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പു ഫലം മറ്റൊന്നാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്. അബ്ദുറസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രന്റെ ഹരജിയിലെ ആവശ്യം. ഹരജിക്കാരൻ സംശയമുന്നയിച്ച വോട്ടർമാരെ സമൻസയച്ച് വരുത്തിയുള്ള തെളിവെടുപ്പ് ഹരജിയുടെ ഭാഗമായി നടക്കുന്നുണ്ട്. ഇതിനിടെയാണ് അബ്ദുറസാഖ് മരണപ്പെട്ടത്. കേസ് പരിഗണിക്കവേ ഇക്കാര്യം ഹരജിക്കാരന്റെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്നാണ് കേസ് തുടരുന്നുണ്ടോയെന്ന് കോടതി ചോദിച്ചത്. ഇക്കാര്യം ദിവസങ്ങൾക്കകം അറിയിക്കാമെന്ന് ഹരജിക്കാരൻ കോടതിയ അറിയിച്ചിരുന്നു. കേസിൽ കക്ഷിയായ അബ്ദുറസാഖിന്റെ മരണവുമായി ബന്ധപ്പെട്ട വിവരം കോടതിയെ ഔദ്യോഗികമായി അറിയിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് മെമ്മോ ഹാജരാക്കാൻ ഹരജിക്കാരനോട് കോടതി നിർദേശിച്ചു. ഹരജി വരുന്ന ബുധനാഴ്ച വീണ്ടും പരിഗണിക്കും.