നെടുമ്പാശ്ശേരി- റദ്ദാക്കിയ ടിക്കറ്റുമായി കൊച്ചി രാജ്യാന്തര വിമാനത്താവള ടെർമിനലിൽ കയറിയയാൾ പിടിയിലായി.
പത്തനംതിട്ട സ്വദേശി പി.കെ. ജേക്കബിനെയാണ് പിടികൂടിയത്. പത്തനംതിട്ട മുനിസിപ്പൽ കൗൺസിലർ ആണ് ജേക്കബ്. സിൽക്ക് എയർ വിമാനത്തിൽ ഓസ്‌ട്രേലിയയിലേക്ക് യാത്രയാകുന്ന ഭാര്യയെ സഹായിക്കുന്നതിനു വേണ്ടിയാണ് ജേക്കബ് റദ്ദാക്കിയ ടിക്കറ്റുമായി ടെർമിനലിൽ കയറിയത്. ഇയാൾക്കും ഭാര്യക്കുമായി രണ്ട് ടിക്കറ്റാണ് ബുക്ക് ചെയ്തിരുന്നത്. ജേക്കബിന്റെ ടിക്കറ്റ് ക്യാൻസൽ ചെയ്ത ശേഷം ടിക്കറ്റിന്റെ പ്രിന്റുമായി ടെർമിനലിൽ പ്രവേശിക്കുകയായിരുന്നു. ടെർമിനലിൽ ടിക്കറ്റുമായി കയറിയയാൾ യാത്ര ചെയ്യാതെ തിരികെ ഇറങ്ങാൻ ശ്രമിച്ചപ്പോൾ സി.ഐ.എസ്.എഫ് പിടികൂടുകയായിരുന്നു. തുടർന്ന് നെടുമ്പാശേരി പോലീസിന് കൈമാറി.
വിമാനത്താവളത്തിൽ സന്ദർശകർക്ക് ടെർമിനലിൽ പ്രവേശിക്കുന്നതിന് നിശ്ചിത തുക ഈടാക്കി പാസ് നൽകുന്നുണ്ട്. എന്നാൽ ഇവർക്ക് എമിഗ്രേഷൻ ഭാഗത്തേക്ക് കടക്കുവാൻ കഴിയില്ല. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് മാത്രം കടക്കുവാൻ കഴിയുന്ന ഭാഗത്തേക്ക് കടക്കുവാനാണ് പലരും യാത്രക്കാരെന്ന വ്യാജേന ടെർമിനലിൽ പ്രവേശിച്ച് ഇത്തരം ഭാഗങ്ങളിലേക്ക് കടക്കുവാൻ ടിക്കറ്റെടുക്കുന്നത്. എന്നാൽ യാത്ര ചെയ്യാതെ ടിക്കറ്റ് റദ്ദാക്കുക വഴി വളരെ കുറച്ചു തുക ഒഴികെ ബാക്കി ടിക്കറ്റ് തുക തിരികെ ലഭിക്കുകയും ചെയ്യും.