കൊല്ലം- പാസഞ്ചർ ട്രെയിനിന്റെ എൻജിൻ തകരാറിലായതിനെത്തുടർന്ന് സ്ത്രീകൾ അടക്കമുള്ള യാത്രികരെ രാത്രിയിൽ പാതിവഴിയിൽ ഇറക്കിവിട്ടു. ഇന്നലെ വൈകിട്ട് ആറേമുക്കാലോടെ കൊല്ലം-പുനലൂർ റൂട്ടിലാണ് സംഭവം.
കൊല്ലത്തു നിന്ന് പുനലൂരിലേക്കുള്ള ട്രെയിൻ കുണ്ടറ പള്ളിമുക്കിലെത്തിയതോടെ എൻജിൻ തനിയേ ഓഫായി ട്രാക്കിൽ നിന്നുപോകുകയായിരുന്നു. ഏറെ സമയം ട്രെയിൻ കിടപ്പായതോടെ പുനലൂരിൽ എത്തേണ്ട സ്ത്രീകൾ അടക്കമുള്ള യാത്രികർ പരിഭ്രാന്തരായി. ട്രെയിനിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് വിവരം അന്വേഷിച്ചപ്പോൾ തട്ടിക്കയറിയതായും അപമര്യാദയായി പെരുമാറിയതായും പരാതിയുണ്ട്.
ഏറെക്കഴിഞ്ഞ് മറ്റൊരു എൻജിൻ പള്ളിമുക്കിൽ എത്തിച്ച് കേടായ ട്രെയിൻ രാത്രി ഏഴരയോടെ തിരികെ കുണ്ടറ സ്‌റ്റേഷനിലെത്തിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രികരെ കുണ്ടറയിൽ ഇറക്കി വിടുകയായിരുന്നു. ഇതോടെ കുണ്ടറ-കൊട്ടാരക്കര റൂട്ടിലുള്ള ബസുകളിലും തിരക്കായി. ട്രെയിൻ ടിക്കറ്റെടുത്ത ശേഷം കയ്യിൽ പണമില്ലാതിരുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. ഇവർക്ക് നാട്ടുകാരും സ്ഥലത്തെ ഓട്ടോ ടാക്‌സി ഡ്രൈവർമാരുമാണ് ബസ് ടിക്കറ്റിനുള്ള പണം നൽകിയത്.
വഴിയിലായ ട്രെയിൻ കുണ്ടറയിലെത്തിക്കാൻ ഇതേ ട്രാക്കിൽ വരികയായിരുന്ന കന്യാകുമാരി പാസഞ്ചറിന്റെ എൻജിനാണ് ഉപയോഗിച്ചത്. ഇതിനായി കന്യാകുമാരി പാസഞ്ചർ കിളികൊല്ലൂരിൽ നിർത്തിയിട്ടു. പള്ളിമുക്കിൽ നിന്ന് പുനലൂർ പാസഞ്ചർ കുണ്ടറയിലെത്തിച്ച ശേഷം എൻജിൻ കിളികൊല്ലൂരിലെത്തി കന്യാകുമാരി യാത്ര പുനരാരംഭിക്കാൻ രണ്ടു മണിക്കൂറോളം വൈകി.
ശനിയാഴ്ച രാവിലെ 6.45ന് കൊല്ലം സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിക്കാൻ തുടങ്ങവേ പാസഞ്ചർ ട്രെയിനിന്റെ എൻജിനിൽ നിന്ന് തീയും പുകയും ഉയരുകയും പൊട്ടിത്തെറിയുണ്ടാകുകയും ചെയ്തിരുന്നു. ഒരു മാസം മുമ്പും ഇത്തരത്തിൽ എൻജിൻ തകരാറിനെത്തുടർന്ന് ട്രെയിൻ വൈകിയിരുന്നു. വൈദ്യുത തകരാറ് കാരണമാണ് എൻജിനിൽ തീയും പുകയും വന്നതെന്നായിരുന്നു ശനിയാഴ്ചത്തെ സംഭവത്തിൽ റയിൽവേ അധികൃതരുടെ വിശദീകരണം. ഇന്നലെ ഡീസൽ എൻജിനാണ് തകരാറിലായത്.