കാസർകോട് - മംഗളൂരു വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ കാസർകോട് സ്വദേശി അടക്കമുള്ള സംഘത്തിന് ഒത്താശ നൽകിയ കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. കസ്റ്റംസ് ഹവിൽദാർ മംഗളൂരു സ്വദേശി എൻ.വി അശ്വിൻ പൂജാരി (34) യെയാണ് റവന്യൂ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ കസ്റ്റംസ് ഹവിൽദാർ ഉത്തര കന്നഡ സ്വദേശി ശ്രീകാന്ത്(38), കാസർകോട് മുള്ളേരിയയിലെ അബ്ദുൽ ഖാദർ(32), അക്ബർ സിദ്ദീഖ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വർണം കടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 21 ന് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ പരിശോധനക്കിടെ അബ്ദുൽ ഖാദറിൽനിന്ന് 47 ലക്ഷം രൂപ വില വരുന്ന 1515.270 ഗ്രാം സ്വർണം പിടികൂടിയിരുന്നു. അബ്ദുൽ ഖാദറിനെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിൽപെട്ട അക്ബർ സിദ്ദീഖിനെക്കുറിച്ചും സ്വർണക്കടത്തിന് ഒത്താശ നൽകിയ കസ്റ്റംസ് ഉദ്യോഗസ്ഥരെക്കുറിച്ചും വിവരം കിട്ടിയത്. ഉദ്യോഗസ്ഥരിൽ ഒരാളായ ശ്രീകാന്തിനെ പിടികൂടി 25 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. അശ്വിനെ അന്ന് ചോദ്യം ചെയ്തിരുന്നെങ്കിലും ഇയാൾ ആരോപണം നിഷേധിക്കുകയായിരുന്നു. മതിയായ തെളിവ് കിട്ടാതിരുന്നതിനെ തുടർന്ന് അശ്വിനെ വിട്ടയക്കുകയും ചെയ്തു. ഇതിനു പിന്നാലെ അശ്വിനെ മംഗളൂരു വിമാനതാവളത്തിൽനിന്ന് കാർവാറിലേക്ക് സ്ഥലംമാറ്റി. തുടർന്നുള്ള അന്വേഷണത്തിനിടെയാണ് സ്വർണക്കടത്തുകാരുമായി ഇയാൾക്കുള്ള ബന്ധം ഉറപ്പിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.