Sorry, you need to enable JavaScript to visit this website.

മർകസ് നോളജ് സമ്മേളനത്തിൽ സ്ത്രീ പുരുഷ ഇടകലരൽ: കാന്തപുരം വിഭാഗം വിവാദത്തിൽ

കോഴിക്കോട് - ഒക്‌ടോബർ 19 മുതൽ 21 വരെ കോഴിക്കോട് മർകസ് നോളജ് സിറ്റിയിൽ നടന്ന ആഗോള യുവസമ്മേളനത്തിന് സ്ത്രീ പുരുഷ ഇടകലരിന്റെ പേരിൽ പഴി. 
വേദിയിലും സദസ്സിലും ഒരുപോലെ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്നാണ് പരിപാടിയിൽ പങ്കെടുത്തത്. ഇതിനെ സമൂഹ മാധ്യമങ്ങളിൽ കാന്തപുരം വിഭാഗത്തെ ചോദ്യം ചെയ്യുകയാണ്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളടക്കം 250 ലേറെ പേർ പങ്കെടുത്ത പരിപാടി ഐക്യരാഷ്ട്ര സംഘടനയുടെ യൂത്ത്  സർക്യൂട്ട് എന്ന പരിപാടിയുടെ ഭാഗമായിരുന്നു എം.യു.വൈ.എസ് സംഘടിപ്പിച്ചത്. പഞ്ചാബ് സാംസ്‌കാരിക വകുപ്പ് മന്ത്രിയും മുൻ ക്രിക്കറ്ററുമായ നവജ്യോത് സിംഗ് സിദ്ദു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മണിശങ്കർ അയ്യർ അടക്കം പ്രമുഖർ സംസാരിച്ചു. 
മർകസ് ചാൻസലർ കൂടിയായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും പ്രതിനിധികളെ അഭിസംബോധന ചെയ്തിരുന്നു. കാന്തപുരത്തിന്റെ മകൻ എം.എച്ച്. അസ്ഹറിയാണ് എം.യു.വൈ.എസിന്റെ പ്രസിഡന്റ്.
ഉദ്ഘാടന ദിവസത്തെ ചാനൽ റിപ്പോർട്ടോടു കൂടി തന്നെ സ്ത്രീ പുരുഷ ഇടകലരലിനെക്കുറിച്ച വിമർശവും ഉയർന്നു. ഇതോടെ അവസാന പരിപാടിയിൽ മലയാളത്തിൽ നൽകിയ വിശദീകരണത്തിൽ ഈ പരിപാടി മർകസിന്റെ പൂർണ നിയന്ത്രണത്തിൽ നടത്തിയതല്ലെന്നും ആശയാദർശങ്ങൾക്ക് നിരക്കാത്തത് വല്ലതും നടന്നിട്ടുണ്ടെങ്കിൽ അത് പിഴവാണ്, തിരുത്തി മുന്നോട്ടു പോകുകയാണെന്നും നയനിലപാടുകളിൽ മാറ്റമില്ലെന്നും വ്യക്തമാക്കി.
സംഘാടനത്തെക്കുറിച്ച് പൂർണമായി മനസ്സിലാക്കാതെ പെട്ടെന്ന് പരിപാടിക്കെത്തുകയായിരുന്നുവെന്നാണ് കാന്തപുരം നൽകുന്ന വിശദീകരണം.
എന്താണ് പിശക് എന്ന് സംഘാടകർ വിശദമാക്കിയിട്ടില്ല. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് വേദിയിലും സദസ്സിലും ഉണ്ടാകരുതെന്നാണ് കാന്തപുരത്തിന്റെ നിലപാട്. ഇതിന്റെ പേരിൽ മറ്റു മത സംഘടനകളെ ഈ വിഭാഗം വിമർശിക്കുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് യൂത്ത് സമ്മിറ്റ് സമൂഹ മാധ്യമങ്ങളിൽ വിവാദമായത്.
 

Latest News