മലപ്പുറം- കാരന്തൂർ മർകസിന്റെ കീഴിൽ അനാഥരെ ഏറ്റെടുത്തു വീടുകളിലേക്കു ചെലവു എത്തിക്കുന്ന ഓർഫൻ കെയർ പദ്ധതിയുടെ വാർഷിക ഫണ്ട് വിതരണ ഉദ്ഘാടനം മലപ്പുറം മഅ്ദിൻ അക്കാദമിയിൽ നടന്നു. പിതാക്കൾ മരിച്ച 4844 വിദ്യാർഥികളുടെ ഒരു വർഷത്തെ വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, മെഡിസിൻ, പരിശീലനം തുടങ്ങിയ ചെലവുകൾക്കാവശ്യമായ 19.6 കോടി രൂപയുടെ ചെക്ക് ചടങ്ങിൽ എ.പി. അനിൽ കുമാർ എം.എൽ.എ വിദ്യാർഥികൾക്കു കൈമാറി. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൾ ഹക്കീം അസ്ഹരി അധ്യക്ഷത വഹിച്ചു. അനാഥകളായ വിദ്യാർഥികളെ വീടുകളിൽ തന്നെ താമസിപ്പിച്ചു ഉന്നത മേഖലകളിലേക്കു വളർത്തിക്കൊണ്ടുവരുന്ന പദ്ധതിയാണിത്. മലപ്പുറം ജില്ലയിൽ മാത്രം 879 വിദ്യാർഥികൾ ഈ പദ്ധതിക്ക് കീഴിൽ നിലവിലുണ്ട്. ആവശ്യമായ പണം നൽകുന്നതോടൊപ്പം കൃത്യമായ ഇടവേളകളിൽ ഇവരെയും മാതാക്കളെയും ഒരുമിപ്പിച്ചു വിദ്യാഭ്യാസ മനഃശാസ്ത്ര ക്ലാസുകൾ നൽകുകയും ചെയ്യുന്നു. പതിനാറു വർഷം മുമ്പു ആരംഭിച്ച ഈ പദ്ധതിയിലൂടെ വിദ്യാഭ്യാസവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നേടിയ നൂറുകണക്കിനു പേർ ഇപ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ട്. സർക്കാരുകൾ നടത്തുന്നതു പോലുള്ള സാമൂഹിക മുന്നേറ്റ യത്‌നങ്ങളാണ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ കീഴിൽ മർകസ് രാജ്യത്താകെ നടത്തുന്നതെന്നു എ.പി. അനിൽ കുമാർ എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 40,000 വിദ്യാർഥികൾക്കു അക്കാദമിക അറിവ് നൽകുന്നതോടൊപ്പം ജീവകാരുണ്യ രംഗത്തു നടത്തുന്ന അസാധാരണമായ ഇടപെടലുകൾ ഏറെ പ്രശംസനീയവും മാതൃകാപരവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിതാവ് നഷ്ടപ്പെട്ടതിന്റെ മാനസിക വേദനയും സാമ്പത്തിക പ്രയാസങ്ങളും അനുഭവിക്കുന്ന അനാഥരെ ഏറ്റെടുത്തു വീടുകളിൽ താമസിപ്പിച്ചു നടത്തുന്ന ഓർഫൻ ഹോം കെയർ പദ്ധതി ലക്ഷ്യമാക്കുന്നത് എല്ലാവരെയും വൈജ്ഞാനികമായും സാമൂഹികമായും ഉയർത്തുകയെന്നതാണെന്ന് മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു. കൃത്യമായ പരിശീലനവും വിജ്ഞാനവും നൽകിയാൽ ഓരോ വിദ്യാർഥിയെയും അവർക്കു അഭിരുചിയുള്ള മേഖലകളിൽ ഉന്നതരാക്കാൻ സാധിക്കും. അതാണ് മർകസും മഅ്ദിൻ അക്കാദമിയും പോലുള്ള സ്ഥാപനങ്ങൾ നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തിലധികം അനാഥ വിദ്യാർഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. മർകസ് റിലീഫ് സെൽ റീജണൽ മാനേജർ റഷീദ് പുന്നശേരി, മഅദിൻ അക്കാദമിക ഡയറക്ടർ നൗഫൽ കോഡൂർ, മർസൂഖ് സഅദി, ദുൽഫുഖാർ സഖാഫി, ഉമർ മേൽമുറി, മുസ്തഫ വേങ്ങര, ശറഫുദീൻ കൊളപ്പുറം എന്നിവർ പ്രസംഗിച്ചു. യൂസുഫ് നൂറാനി സ്വാഗതവും സയ്യിദ് ശിഹാബ് തങ്ങൾ നന്ദിയും പറഞ്ഞു.