തലശ്ശേരി - ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങും. അമിത് ഷാ ഉദ്ഘാടനത്തിന് മുമ്പ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത് സി.പി.എം പ്രവർത്തകരിൽ ഏറെ പ്രതിഷേധത്തിന് ഇട നൽകിയിരുന്നു.
തലശ്ശേരി-മാഹി ബൈപ്പാസ് പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കാനാണ് ഈ മാസം 30 നാണ് പിണറായി വിജയൻ കണ്ണൂർ വിമാനത്താവളം വഴി എത്തുന്നത.് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിയാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്യുന്നത.് കേന്ദ്ര മന്ത്രിയും മറ്റൊരു വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ തന്നെയാണ് വന്നിറങ്ങുന്നത.്
കൊച്ചിയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ കണ്ണൂരിൽ ഇറങ്ങി തലശ്ശേരിയിൽ നടക്കുന്ന റോഡ് പ്രവൃത്തി ഉദ്ഘാടന ചടങ്ങിന് ശേഷം വൈകിട്ട് വിമാനത്താവളം വഴി തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചു പോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. നോൺ ഷെഡ്യൂൾഡ് ഓപറേറ്ററായ വി.ആർ.എൽ ലോജിസ്റ്റിക്‌സിന്റെ ചെറു വിമാനത്തിലാണ് പിണറായി എത്തുക. ആറു പേർക്ക് യാത്ര ചെയ്യാവുന്ന ബീച്ച് ക്രാഫ്റ്റിന്റെ പ്രീമിയർ 1 എ വിമാനമാണ് യാത്രക്കായി സജ്ജമാക്കുന്നതെന്നറിയുന്നു.
അമിത് ഷായുടെ കണ്ണൂർ വിമാനത്താവളത്തിലെ വരവ് പാർട്ടി പ്രവർത്തകർ ഏറെ ആഘോഷമാക്കി മാറ്റിയിരുന്നു. വിമാനത്താവളത്തിന്റെ ഉദ്ഘാടനം എന്ന പ്രതീതി ആദ്യ യാത്രികനായി ഇവിടെയെത്തിയ അമിത് ഷാക്ക് പ്രവർത്തകർ നൽകിയിരുന്നു. ഇതേ പോലെ പിണറായിക്കും സി.പി.എം പ്രവർത്തകർ ഇവിടെ സ്വീകരണമൊരുക്കാനുള്ള നീക്കം നടത്തുന്നതായുള്ള വിവരമുണ്ട്.
ഇതോടെ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് തന്നെ രാഷട്രീയ എതിരാളികളുടെ മേൽക്കൈ കാണിക്കാനുള്ള അവസരമായും ഇരുകൂട്ടരും ഇതിനെ കണ്ടത് ഷെയർ ഉടമകളിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട.് ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ ഇരു പാർട്ടികളും ശക്തി പരീക്ഷിക്കുന്നത് ശരിയായില്ലെന്ന നിലപാടിലാണ് വിമാനത്താവളത്തിന്റെ ഭൂരിഭാഗം ഓഹരി ഉടമകളും .