ദുബായ്- എല്ലാ ദിവസവും ഉച്ചയാകുമ്പോള്‍ ഒരു ട്രോളി നിറയെ സാധനങ്ങളുമായി സണ്ണി എത്തും. ഒരു കുപ്പി വെള്ളം, ഒരു ആപ്പിള്‍, ഓറഞ്ച് ജ്യൂസ്. പാക്ക് ചെയ്ത സമ്മാനം എല്ലാ തൊഴിലാളികള്‍ക്കും നല്‍കി സണ്ണി മടങ്ങും. ഉച്ചവെയിലിന്റെ ആധിക്യത്തില്‍, ജോലിക്കിടയിലെ ചെറിയ ഇടവേളയില്‍ തൊഴിലാളികള്‍ക്ക് ഇത് വലിയ ആശ്വാസം. ആറു മാസമായി ഈ പതിവു തുടരുന്നു. പക്ഷെ ആരാണ് ആ നല്ല ശമരിയക്കാരന്‍ എന്ന് ആര്‍ക്കുമറിയില്ല.
അല്‍സഫ ഒന്ന് ഏരിയയില്‍ പൈപ്പിടല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നൂറോളം തൊഴിലാളികള്‍ക്കാണ് ഈ സമ്മാനം ഒരു ദിവസംപോലും മുടങ്ങാതെ എത്തുന്നത്. സാധനങ്ങള്‍ എത്തിക്കുന്ന സണ്ണി അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനാണ്.
തൊഴിലാളികള്‍ ജോലി ചെയ്യുന്നതിന് സമീപമുള്ള ഒരു വീട്ടില്‍നിന്നാണ് ഇത് എത്തുന്നത്. സണ്ണിയുടെ തൊഴിലുടമയായ ഇന്ത്യന്‍ വനിതയാണ് ദയാലുവായ ആ ശമരിയക്കാരി. അവരെ ബന്ധപ്പെട്ടപ്പോള്‍, പേരും വിവരവും വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥന. തന്റെ വീടിന് സമീപം പണിയെടുക്കുന്ന തൊഴിലാളികളെ ശ്രദ്ധയില്‍പെട്ടപ്പോള്‍ അവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. തന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവന്ന് പാക്ക് ചെയ്ത് സണ്ണിയുടെ ട്രോളിയില്‍ കൊടുത്തുവിടുന്നു.
ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്നതിനും സമയം ചെലവഴിക്കുന്ന ഈ വനിത പക്ഷെ ഒരു കാരണവശാലും തന്റെ പേര് പറയരുതെന്ന് നിര്‍ബന്ധിച്ച് അപേക്ഷിച്ചു. മുപ്പത് വര്‍ഷമായി ദുബായില്‍ താമസിക്കുന്നവരാണിവര്‍. കൊടുക്കുമ്പോള്‍ കിട്ടുന്ന സന്തോഷം മാത്രമാണ് തന്റെ ലക്ഷ്യം. അതിനപ്പുറം ഒന്നുമില്ല.
ആറുമാസമായി ഈ സമ്മാനം എല്ലാ ദിവസവും കിട്ടുന്നതായി തൊഴിലാളികള്‍ പറഞ്ഞു. കമ്പനി തൊഴില്‍ സ്ഥലത്ത് രണ്ട് വാട്ടര്‍കൂളറുകള്‍ നല്‍കിയിട്ടുണ്ട്. എങ്കിലും സണ്ണിയുടെ ട്രോളി കാത്ത് തൊഴിലാളികള്‍ സന്തോഷത്തോടെ എല്ലാ ദിവസവും കാത്തിരിക്കുന്നു. "ആരാണ് ഇത് കൊടുത്തയക്കുന്നതെന്ന് അറിയില്ല, അവരുടെ നല്ല ഹൃദയത്തിന് നന്ദി. ഒപ്പം പ്രാര്‍ഥനയും'- രാജസ്ഥാന്‍ സ്വദേശിയായ അബ്ദുല്‍ അസീസും തെലങ്കാനക്കാരനായ ഗംഗാറാമും പറഞ്ഞു.