Sorry, you need to enable JavaScript to visit this website.

ശബരിമല കേസിൽ വിധി പറഞ്ഞ  സ്റ്റീഫൻ ഹോക്കിൻസ് 

നിത്യേന ഉച്ചയ്ക്ക് മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന കൃഷിഭൂമി പരിപാടിയിൽ കഴിഞ്ഞ വാരം വടകരയ്ക്കടുത്ത് ചോമ്പാലിലെ കോളേജ് വിദ്യാർഥിനികളുടെ പച്ചക്കറി തോട്ടത്തിന്റെ നേട്ടങ്ങളാണ് വിവരിച്ചത്. അഴിയൂർ കൃഷി ഭവന്റെ സഹകരണത്തോടെയാണ് കാമ്പസിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം പെൺകുട്ടികൾ കൃഷിക്കായി ഉപയോഗപ്പെടുത്തിയത്. ഇവിടെ വിളയുന്ന പച്ചക്കറികൾ കുട്ടികൾ വീട്ടിലേക്ക് കൊണ്ടുപോകും. മിച്ചം വരുന്നത് സമീപ വാസികൾക്ക് നാമമാത്ര തുക ഈടാക്കി നൽകുകയും ചെയ്യും. വിദ്യാർഥിനികൾ സംസാരിക്കുമ്പോൾ അച്ചടി ഭാഷയിൽ തുടരാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. കാസർകോട്, വടകര സ്ലാംഗിലെ സംസാരം മറ്റിടങ്ങളിലെ പ്രേക്ഷകർക്ക് മനസ്സിലാവണമെങ്കിൽ നിഘണ്ഡു വേറെ കരുതണമല്ലോ. കൃഷി, സ്ത്രീ വിഷയങ്ങൾക്കായി സമയം മാറ്റിവെക്കുന്ന രീതി മാതൃകാപരമാണ്. ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിലൊന്നായ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തെലുങ്ക് ഭാഷയിലെ ഈനാടു വായനക്കാരുടെ കാര്യത്തിൽ റെക്കോർഡ് സൃഷ്ടിച്ചത് വനിതകൾക്കായി നിത്യേന വസുന്ധര എന്ന ശീർഷകത്തിൽ പേജ് അനുവദിച്ചിട്ടാണല്ലോ. 

***    ***    ***

ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെ വലിയ പ്രചാരണമാണ് വാട്‌സ്ആപ്പും ഫേസ്ബുക്കും കേന്ദ്രീകരിച്ച് അഴിച്ചുവിടുന്നത്. വ്യാജ ചിത്രങ്ങളടക്കം ഉപയോഗിച്ചുളള നുണ പ്രചാരണവും നടക്കുന്നു. അക്കൂട്ടത്തിലൊന്ന് ന്യൂയോർക്ക് ടൈംസിലെ മാധ്യമ പ്രവർത്തകയായ സുഹാസിനി രാജ് ശബരിമലയിലേക്ക് വന്നതുമായി ബന്ധപ്പെട്ടാണ്. സുഹാസിനിയും യെച്ചൂരിയും തമ്മിൽ ബന്ധമുണ്ട് എന്ന് വ്യാജ ചിത്രം ഉപയോഗിച്ചാണ് പ്രചാരണം. ഈ ചിത്രം വ്യാജമാണ് എന്നത് മാധ്യമങ്ങൾ വാർത്ത നൽകിയതുമാണ്. എന്നിട്ടും ഇത്തരം വാട്‌സ്ആപ്പ് ഫോർവേർഡ് നുണകളുമായി രാത്രി ചാനൽ ചർച്ചയിൽ പോയാൽ എങ്ങനിരിക്കും? അതും ബിജെപിയുടെ സംസ്ഥാന നേതാവ്. 
റിപ്പോർട്ടർ ചാനലിൽ വാട്‌സ്ആപ്പ് ഫോർവേഡ് വിജ്ഞാനം വിളമ്പാൻ പോയ ബിജെപി നേതാവ് എസ് സുരേഷിനെ നികേഷ് കുമാർ കണക്കിന് പെരുമാറി.  മാധ്യമ പ്രവർത്തകയായ സുഹാസിനി രാജ് മാർക്‌സിസ്റ്റ് പാർട്ടിയുമായി വളരെ അടുത്ത് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് എന്നായി സുരേഷ്. ഇതോടെ നികേഷ് കുമാർ ഇടപെട്ടു. എന്താണ് സുഹാസിനിക്ക് മാർക്‌സിസ്റ്റ് പാർട്ടിയുമായി ബന്ധം എന്ന് പറഞ്ഞ ശേഷം ചർച്ച മുന്നോട്ട് കൊണ്ടുപോകാം എന്ന് നികേഷ് നിലപാടെടുത്തു. തുടർന്നാണ് സുരേഷിന്റെ വാട്‌സ്ആപ്പ് ഫോർവേർഡ് വിവരം പുറത്തേക്ക് വന്നത്. യെച്ചൂരിയുമായി സുഹാസിനിക്ക് ബന്ധമുണ്ട് എന്ന് എങ്ങനെ മനസ്സിലായി എന്ന് നികേഷിന്റെ ഇടപെടൽ. അവരുടെ നിരവധി ഫോട്ടോകൾ ഫേസ്ബുക്കിൽ ഉണ്ടെന്ന് ഒഴുക്കിൽ മറുപടി പറഞ്ഞ് ഊരാൻ നോക്കിയ സുരേഷിനെ നികേഷ് കുമാർ വിട്ടില്ല. പറഞ്ഞിട്ട് പോയാൽ മതിയെന്ന് നികേഷ്. യെച്ചൂരിയും സുഹാസിനിയും തമ്മിലുളള ബന്ധം എന്താണെന്ന് നികേഷ് ആവർത്തിച്ചു. ഇതോടെ സുരേഷ് ഫോട്ടോ കാണിക്കാൻ വേണ്ടി ഫോണെടുത്തു. താങ്കൾക്ക് എന്തോ ഫോട്ടോ കാണിക്കാനുണ്ടെന്ന് തോന്നുന്നൂ, ഒന്ന് കാണിക്കൂ എന്ന് നികേഷ് പറഞ്ഞു. ഇപ്പോൾ കാണിക്കുന്നില്ലെന്നും ചർച്ച കഴിഞ്ഞ് നികേഷിന്റെ വാട്‌സ്ആപ്പിലേക്ക് അയച്ച് തരാമെന്നും സുരേഷ് പറഞ്ഞു. അത് വേണ്ട, ഇപ്പോൾ അയച്ച് തരൂ എന്ന് നികേഷ് മറുപടി നൽകി. യെച്ചൂരിക്കൊപ്പം സുഹാസിനിയുള്ള ഫോട്ടോ കാണാൻ ആഗ്രഹമുണ്ടെന്നും തന്റെ നമ്പർ അറിയാമല്ലോ എന്നും നികേഷ് തുടർന്നു. ഫോട്ടോ അയക്കാൻ വെല്ലുവിളി ഉയർത്തുകയും ചെയ്തു. എന്നാൽ ആനത്തലവട്ടം ആനന്ദന് ഇല്ലാത്ത ആവേശം എന്തിനാണ് നികേഷിന് എന്നായി ഉത്തരം മുട്ടിയ സുരേഷിന്റെ പ്രതികരണം. ടീസ്റ്റ സെത്തിൽവാദും യെച്ചൂരിയും ഒരുമിച്ചുളള ചിത്രമാണ് അതെന്ന് 9 മണി ചർച്ചയിൽ പറഞ്ഞ് തരേണ്ടി വരുന്നത് കഷ്ടമാണ് എന്നും നികേഷ് പറഞ്ഞു. ചർച്ചയ്ക്ക് വരുമ്പോൾ പത്രങ്ങൾ വായിക്കുകയും ടിവി കാണുകയും ചെയ്യണമെന്ന് ഉപദേശം നൽകി. ബിജെപിയുടെ വാദം പറയാനാണ് ചർച്ചയ്ക്ക് വിളിച്ചത് എന്നും ഫേസ്ബുക്കിൽ കെട്ടിപ്പൊക്കുന്ന നുണകൾ പറയാനല്ല എന്നും നികേഷ് വ്യക്തമാക്കി. 
ഈ ചർച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായ വാരമാണ് പിന്നിട്ടത്. 
ഇതുകൊണ്ടും തീർന്നില്ല. ഇതേ നേതാവ് ന്യൂസ് 18 ചാനലിൽ ഇംഗ്ലീഷ് പാണ്ഡിത്യം വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിൽ സുപ്രീം കോടതി ഉത്തരവനുസരിച്ച് സ്ത്രീ പ്രവേശനത്തിന് സുരക്ഷയൊരുക്കണമെന്ന് പറയുന്ന കേന്ദ്ര സർക്കാർ ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു  നേതാവ്. ന്യൂസ് 18 ചാനലിൽ നടന്ന ചർച്ചയിലാണ് ബി.ജെ.പി നേതാവിന്റെ സ്വന്തം നിലയിലുള്ള വ്യാഖ്യാനം നൽകിയത്. ശബരിമല സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നത്. സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിനെ തുടർന്ന് സംസ്ഥാനത്ത് അക്രമാസക്തമായ സമരങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രത്തിന്റെ ഈ നിർദ്ദേശം- അദ്ദേഹം വിശദീകരിക്കുമ്പോൾ പാനലിലെ മറ്റുള്ളവരും അവതാരകയും ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.  ലോക പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിൻസ് മരിച്ച സമയത്ത് അദ്ദേഹമാണ് ഹോക്കിൻസ് പ്രഷർ കുക്കറിന്റെ മുതലാളിയെന്ന് ചിലരൊക്കെ സമൂഹ മാധ്യമങ്ങളിൽ തമാശിച്ചിരുന്നു. മൂപ്പർക്ക് മരണാനന്തര ബഹുമതിയായി പുതിയ ജോലി കിട്ടി. ശബരിമല കേസിൽ വിധി പറഞ്ഞ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് പരിപൂർണനായാണ് പുനർജന്മം. വിധി പറഞ്ഞതിന് കണക്കിന് കിട്ടി. ഒരു വശം തളർന്നിരിക്കുന്ന ജഡ്ജിയുടെ ചിത്രം പരമാവധി ഷെയർ ചെയ്യൂ എന്ന അഭ്യർഥനയോടെയാണ് സമൂഹ മാധ്യമങ്ങളിൽ പടർന്നത്. ഇനി എന്തൊക്കെ കാണാനിരിക്കുന്നു. 

***    ***    ***

മലയാള താരം അമല പോളിന്റെ പാട്ട് സീൻ കൈരളി വി ചാനലിൽ. അമ്മ പ്രസിഡന്റ് ലാലേട്ടനാണ് ഒപ്പം. റൺ ബേബി റണിലെ ഹിറ്റ് സോംഗ്. അമ്മ, വനിതാ കൂട്ടായ്മ ബഹളത്തിനിടയ്ക്ക് കാര്യമായ പ്രതികരണമൊന്നുമില്ലാതെ കഴിഞ്ഞിരുന്ന അമലയും വാർത്തകളിൽ നിറഞ്ഞു നിന്ന വാരമാണ് പിന്നിട്ടത്. സംവിധായകൻ സൂസി ഗണേശനെതിരെയാണ്  അമല പോൾ മി ടൂ 
ആക്ഷേപങ്ങളുമായെത്തിയത്. സൂസി ഗണേശനെതിരെ ആരോപണമുന്നയിച്ച ലീന മണിമേഖലയുടെ പരാതിയെ പിന്തുണച്ചാണ് അമല വെളിപ്പെടുത്തൽ നടത്തിയത്. തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ മോശമായി പെരുമാറിയെന്നാണ് പരാതി. ശരീരത്തിൽ സ്പർശിക്കാൻ സൂസി ഗണേശൻ ശ്രമിച്ചെന്ന് താരം വ്യക്തമാക്കി. തന്നെ മാനസികമായി പീഡിപ്പിച്ചു. സെറ്റിൽ ഓരോ ദിവസവും പോയിരുന്നത് ഭയത്തോടെയാണെന്നും അമല പറഞ്ഞു.

***    ***    ***

ശബരിമല വാർത്തകൾ നിറഞ്ഞാടിയപ്പോൾ ന്യൂസ് ചാനലുകൾ കണ്ടിരിക്കാൻ വയ്യെന്ന് കരുതി റിമോട്ട് പ്രയോഗിച്ചപ്പോൾ ആശ്വാസം പകർന്നത് സഫാരി ടിവിയാണ്. ട്രെയിനിലെ ടിക്കറ്റെടുക്കാതെ ഇന്ത്യ മുഴുവൻ കറങ്ങി അവസാനം ആലുവ മുതൽ ആലപ്പുഴ വരെ മാത്രം ടിക്കറ്റെടുത്ത യാത്രക്കാരന്റെ അനുഭവം രസകരമായി. ശബരിമല സംഭവങ്ങൾ കാരണം കാണികൾ ഏറിയെന്ന് ജനം ടിവി. ബാർക് കണക്കുകളെ ആധാരമാക്കിയാണ് അവകാശവാദം. 
ഇന്ത്യയിൽ ഏറ്റവുമധികം ടെലിവിഷൻ സെറ്റുകൾ ഉള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. 90 ശതമാനം പേരും ടിവി ഉടമകൾ/കാഴ്ചക്കാരാണ്. തമിഴനാടാണ് ഒന്നാമത്,  93 ശതമാനം. കേരളത്തിലെ മൂന്ന് കോടി പതിമൂന്ന് ലക്ഷത്തി ഇരുപതിനായിരം പേരിലേക്ക് ടെലിവിഷൻ എത്തുന്നു. ഇനി, ഇതിൽ കാഴ്ചക്കാരുടെ അഭിരുചിയും തെരഞ്ഞെടുപ്പും സംബന്ധിച്ച ലഭ്യമായ ഏക ഡാറ്റ ബാർക് റിപ്പോർട്ട് ആണ്. ശാസ്ത്രീയമായ സാമ്പഌങിനും വിശകലനത്തിനും ശേഷം തയ്യാറാക്കുന്നു എന്ന് അവകാശപ്പെട്ടാണ് ബാർക് വീക്കിലി ഡാറ്റ. കേരളത്തിൽ നൂറിൽ താഴെ വീടുകളിൽ മാത്രമാണ് ബാർക് ഈ മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ നിന്നാണ്, സ്ത്രീകൾ കണ്ടത്, കുട്ടികൾ കണ്ടത്, ഓരോ പ്രായവിഭാഗത്തിലുമുള്ള പുരുഷൻ കണ്ടത് എന്നൊക്കെ പറഞ്ഞു വിശദരേഖ തയ്യാറാക്കുന്നത്. 
ഏഷ്യാനെറ്റ്  26,299, മനോരമ ന്യൂസ് 12,227, മാതൃഭൂമി ന്യൂസ് 10,851, ജനം 7040, ന്യൂസ് 18 5,886, മീഡിയ വൺ 4245, പീപ്പിൾ 3270 എന്നിങ്ങനെയാണ് കണക്ക്. എല്ലാ ചാനലുകാരും യുവതി ഇതാ മല കയറുന്നു എന്ന് ബ്രേക്കിംഗ് ന്യൂസ് കൊടുത്തപ്പോൾ യുവതിയുടെ പൂർണ മേൽവിലാസ സഹിതം കൊടുക്കാനായതായിരിക്കും ജനത്തിന്റെ റേറ്റിംഗ് കൂടാൻ കാരണമായത്. 

Latest News