പവർ ലിഫ്റ്റിങിന്റെ രണ്ടു വിഭാഗങ്ങളായ എക്യുപ്ഡിലും അൺ എക്യുപ്ഡിലും പ്രേമചന്ദ്രനാണ് മുന്നിൽ. അൺ എക്യുപ്ഡിൽ കോസ്റ്റ്യൂമും സപ്പോർട്ടേഴ്‌സും ഇല്ലാതെയാണ് മത്സരം. ഈ ഇനത്തിൽ നിലവിലുള്ള ജേതാവായ തമിഴ്‌നാട് സ്വദേശിയായ ഇളമുരുകന്റെ റെക്കോഡാണ് പ്രേമചന്ദ്രൻ തകർത്തത്. 172 കിലോയായിരുന്നു ഇളമുരുകന്റെ റെക്കോഡെങ്കിൽ പ്രേമചന്ദ്രൻ 175 കിലോ ഉയർത്തി ആ റെക്കോഡിനെ മറികടക്കുകയായിരുന്നു.
ആരോഗ്യമാണ് സമ്പത്ത് എന്ന ആപ്തവാക്യം പ്രേമചന്ദ്രനാണോ എഴുതിയതെന്നു തോന്നും. കാരണം അറുപത്തിയെട്ടാം വയസ്സിലാണ് ഇദ്ദേഹം ഇന്ത്യയിലെ ഏറ്റവും ശക്തിയുള്ള മനുഷ്യനായത്.
ലഖ്‌നൗവിൽ നടന്ന ഈ വർഷത്തെ നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്‌ട്രോംഗ് മാൻ ഓഫ് ഇന്ത്യ എന്ന ബഹുമതിക്കാണ് ഈ കോഴിക്കോട്ടുകാരൻ അർഹനായത്. അറുപതു വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ മാസ്‌റ്റേഴ്‌സ് മീറ്റിൽ അറുപത്തിയാറ് കിലോഗ്രാം കാറ്റഗറിയിൽ സർവ്വകാല റെക്കോർഡോടെയാണ് പ്രേമചന്ദ്രൻ സ്വർണമെഡൽ കരസ്ഥമാക്കിയത്.
കാരപ്പറമ്പിനടുത്ത കൃഷ്ണൻ നായർ റോഡിൽ കരുവിേേശ്ശരിയിലെ തീർത്ഥം എന്ന വീട്ടിലെത്തുന്നവർ ഷോക്കേസ് നിറയെയുള്ള മെഡലുകൾ കാണുമ്പോൾ ശരിക്കും ഞെട്ടും. പവർ ലിഫ്റ്റിംഗിലൂടെ പ്രേമചന്ദ്രൻ നേടിയെടുത്ത മെഡലുകളും ട്രോഫികളുമാണ് രണ്ടു ഷോകേസുകളെയും അലങ്കരിക്കുന്നത്.
കോഴിക്കോട് ഈസ്റ്റ്ഹില്ലിനടുത്ത് ജനിച്ചുവളർന്ന പ്രേമചന്ദ്രൻ വലിയങ്ങാടിയിൽ അരി മൊത്തവ്യാപാരിയായിരുന്നു. അർജുന അവാർഡ് ജേതാവും പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സെക്രട്ടറിയുമായിരുന്ന ആലപ്പുഴക്കാരൻ പി.ജെ. ജോസഫുമായുള്ള സൗഹൃദമാണ് പ്രേമചന്ദ്രനെ ഈ രംഗത്തേയ്ക്ക് ആകർഷിച്ചത്. കേരള യോഗാസന ആന്റ് ജിംനാസ്റ്റിക്‌സ് എന്ന സ്ഥാപനത്തിലൂടെയായിരുന്നു പരിശീലനം തുടങ്ങിയത് -അതും 1972 ൽ. തുടക്കത്തിൽ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും 1978 മുതൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമെല്ലാം മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിത്തുടങ്ങി. 1985 മുതൽ കനകാലയ ബാങ്കിനടുത്ത് ജയദാസ് നടത്തിയിരുന്ന ജയ ജിംനേഷ്യത്തിൽ ചേർന്ന് പരിശീലനം തുടർന്നു.
ദിവസവും ഒന്നര മണിക്കൂർ വീതം ആഴ്ചയിൽ അഞ്ചു ദിവസം പരിശീലനം തുടരും. അതുകൊണ്ടു തന്നെ കാര്യമായ രോഗാവസ്ഥകളില്ല. രക്തസമ്മർദ്ദമോ പ്രമേഹമോ അലട്ടിയിട്ടില്ല. എന്നാൽ 2008 ൽ പുതിയങ്ങാടിയിൽ നടന്ന കാറപകടം ഒരു വർഷത്തോളം പ്രേമചന്ദ്രനെ രോഗശയ്യയിലാക്കി. ഇപ്പോഴും നെറ്റിയിലെ വലിയ മുറിവടയാളം അന്നത്തെ അപകടത്തിന്റെ ബാക്കിപത്രമാണ്. എന്നാൽ ഒരു വർഷത്തെ വിശ്രമത്തിനു ശേഷം 2009 ൽ പ്രേമചന്ദ്രൻ വീണ്ടും കളിക്കളത്തിലെത്തി. ആ വർഷം തന്നെ പൂനെയിൽ നടന്ന കോമൺവെൽത്ത് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ റെക്കോർഡോടെ സ്വർണ മെഡൽ സ്വന്തമാക്കി. സ്‌ക്വാട്ടിലും ബെഞ്ചിലും ഡെഡ് ലിഫ്റ്റിലുമെല്ലാമായി 465 കിലോഗ്രാം ഭാരം ഉയർത്തിയാണ് അദ്ദേഹം റെേക്കാഡിനുടമയായത്. പ്രേമചന്ദ്രന്റെ പേരിലുള്ള ഈ റെക്കോഡ് ഇന്നും ആരും തിരുത്തിക്കുറിച്ചിട്ടില്ല.
പവർ ലിഫ്റ്റിങിന്റെ രണ്ടു വിഭാഗങ്ങളായ എക്യുപ്ഡിലും അൺ എക്യുപ്ഡിലും പ്രേമചന്ദ്രനാണ് മുന്നിൽ. അൺ എക്യുപ്ഡിൽ കോസ്റ്റ്യൂമും സപ്പോർട്ടേഴ്‌സും ഇല്ലാതെയാണ് മത്സരം. ഈ ഇനത്തിൽ നിലവിലുള്ള ജേതാവായ തമിഴ്‌നാട് സ്വദേശിയായ ഇളമുരുകന്റെ റെക്കോഡാണ് പ്രേമചന്ദ്രൻ തകർത്തത്. 172 കിലോയായിരുന്നു ഇളമുരുകന്റെ റെക്കോഡെങ്കിൽ പ്രേമചന്ദ്രൻ 175 കിലോ ഉയർത്തി ആ റെക്കോഡിനെ മറികടക്കുകയായിരുന്നു. എക്യുപ്ഡ് പവർ ലിഫ്റ്റിംഗിൽ 185 കിലോ ആയിരുന്നു പഴയ റെക്കോഡ്. പ്രേമചന്ദ്രൻ 195 കിലോ ഉയർത്തി ആ റെക്കോഡും സ്വന്തം പേരിലേയ്ക്ക് മാറ്റിയെഴുതുകയായിരുന്നു.
തുടർച്ചയായി പത്തു വർഷത്തോളം ദേശീയ പവർ ലിഫ്റ്റിംഗ് മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി മെഡലുകൾ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പത്തിലേറെ ദേശീയ മെഡലുകൾ അദ്ദേഹം വാരിക്കൂട്ടി. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ സ്വന്തം കീശയിൽനിന്നും പണം ചെലവാക്കിയാണ് പ്രേമചന്ദ്രനെത്തുക. ഈയിടെ ലക്‌നൗവിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് അൻപതിനായിരത്തോളം രൂപ ചെലവായതായും പ്രേമചന്ദ്രൻ പറയുന്നു.
1994 മുതൽ 2010 വരെയുള്ള പതിനാറു വർഷത്തോളം കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷന്റെ സെക്രട്ടറിയായിരുന്നു പ്രേമചന്ദ്രൻ. സംസ്ഥാന പവർ ലിഫ്റ്റിംഗ് അസോസിയേഷന്റെയും ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷന്റെയും വൈസ് പ്രസിഡന്റാണിപ്പോൾ. കൂടാതെ സ്‌പോർട്‌സ് കൗൺസിൽ അംഗവുമാണ്. കോഴിക്കോട്ടെ ആദ്യത്തെ നാഷണൽ കാറ്റഗറി വൺ റഫറി കൂടിയാണ് ഇദ്ദേഹം.
ശരീര സംരക്ഷണത്തിനായി പ്രത്യേക ഭക്ഷണ രീതിയൊന്നുമില്ല. അമിതാഹാരമില്ല. എന്തും കഴിക്കും. ചോറും കഞ്ഞിയും കപ്പയുമെല്ലാമാണ് ഇഷ്ട വിഭവങ്ങൾ. ഭക്ഷണത്തിലെ കൃത്യനിഷ്ഠ കൊണ്ടാവാം രോഗങ്ങളൊന്നും അലട്ടാറില്ല.
ബീച്ച് ആശുപത്രിക്ക് സമീപമുള്ള പവർ ഫിറ്റ്‌നസിലാണ് പ്രേമചന്ദ്രന്റെ ഇപ്പോഴത്തെ പരിശീലനം. ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യനായ അബ്ദുൽ സലീമിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൽ സ്ത്രീകളടക്കം ഒട്ടേറെ പേർ പരിശീലനത്തിനെത്തുന്നത് പ്രേമചന്ദ്രനെപ്പോലുള്ളവർക്ക് ഏറെ സന്തോഷം നൽകുന്നുണ്ട്.
ജോലി സാധ്യതയും ആരോഗ്യ രക്ഷയും മുൻനിർത്തി യുവതലമുറ പവർ ലിഫ്റ്റിംഗ് രംഗത്തേയ്ക്ക് കടന്നുവരുന്നത് സന്തോഷപ്രദമാണ്. ദേശീയ മത്സരങ്ങളിൽ പലയിടങ്ങളിലും ആയിരത്തോളം പേർ മാറ്റുരയ്ക്കാനെത്തുന്നത് ഇതിന് തെളിവാണ്. ലക്‌നൗവിൽ നടന്ന മത്സരത്തിലും എണ്ണൂറിലേറെ പേർ മത്സരിക്കാൻ എത്തിയിരുന്നതായി പ്രേമചന്ദ്രൻ പറയുന്നു.
ഓരോ വർഷവും മത്സരം അവസാനിക്കുമ്പോൾ ഇനി മത്സരരംഗത്തേക്കില്ല എന്നു തീരുമാനിക്കും. എന്നാൽ സമയമാവുമ്പോൾ വീണ്ടുമെത്തും. അതാണവസ്ഥ -പ്രേമചന്ദ്രൻ പറയുന്നു.
ഭാര്യ ശാന്തയും മക്കളുമാണ് ഇപ്പോഴും ഈ രംഗത്ത് നിലയുറപ്പിക്കാൻ സഹായിക്കുന്നതെന്ന് പ്രേമചന്ദ്രൻ പറയുന്നു. മൂത്ത മകൻ ഷൈൻ ചന്ദ് എമിറൈറ്റ്‌സ് എയർ ലൈൻസിന്റെ മുംബൈ ശാഖയിൽ ജോലി നോക്കുന്നു. മകൾ ഷെറിൻ ദാൽബർഗ ആഡ് എന്ന പേരിൽ ഒരു പരസ്യ സ്ഥാപനം നടത്തുന്നു. മറ്റൊരു മകളായ ഷെബിൻ ബാസ്‌കിൻ ആന്റ് റോബിൻസിന്റെ എച്ച്.ആർ മാനേജരായി ദുബായിലാണുള്ളത്. ഇളയവനായ ഷിജിൻ ചന്ദ് ഇത്തിഹാദ് എയർലൈൻസിന്റെ അബുദാബി ശാഖയിലാണ്.