സ്‌നേഹിക്കയില്ല ഞാൻ, നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും!
-വയലാർ രാമവർമ
(ഒക്‌ടോബർ 27 വയലാർ രാമവർമയുടെ ചരമവാർഷികം)
കവിതയുടെ കൂമ്പടഞ്ഞുപോയി എന്ന വിലാപം മലയാളത്തിൽ കത്തിപ്പടർന്ന കാലത്ത് അതിനെ തിരുത്തിയും തുരത്തിയും സർഗ വൈഭവത്തിന്റെ സൂര്യതേജസ്സായി ഉയർന്നു വന്ന ഒരു കൂട്ടം കവികളിൽ, കവിത്വത്തിന്റെ സിദ്ധിയും സൃഷ്ടിയിലെ സൗന്ദര്യവും കൊണ്ട് സവിശേഷ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞ കവിയാണ് വയലാർ എന്ന വയലാർ രാമവർമ.
ചങ്ങമ്പുഴയ്ക്ക് ശേഷം മലയാളം കണ്ട ഏറ്റവും സർഗധനനായ കവി എന്ന് മഹാകവി ജി.ശങ്കരക്കുറുപ്പ് അദ്ദേഹത്തെ വിശേഷിപ്പിച്ചതും അതുകൊണ്ടു തന്നെ. ഭാവനയുടെ അനന്തപഥങ്ങളിൽ സ്വർണച്ചാമരം വീശിയെത്തിയ വയലാർ അവിടെ നിന്നും സ്വാംശീകരിച്ചെടുത്ത വൈവിധ്യങ്ങളായ വിഷയങ്ങളുടെ ലാവണ്യാനുഭൂതിയിൽ ആയിരം പാദസരങ്ങൾ കിലുക്കി മലയാളത്തിന്റെ കവിത-നാടക -സിനിമാ ഗാനശാഖകളെ വശ്യവും സമൃദ്ധവും സമ്പന്നവുമാക്കി. മലയാളിയുടെ ഗാനസങ്കൽപങ്ങളിൽ വേറിട്ട ശൈലിയും ശീലങ്ങളും സമ്മാനിച്ച വയലാർ അന്തരിച്ചിട്ട് ഇന്നലെ (ഒക്‌ടോബർ-27) 43 വർഷം തികഞ്ഞു.
1928 മാർച്ച് 25 ന് വെള്ളാരപ്പള്ളി കേരള വർമയുടെയും വയലാർ രാഘവപ്പറമ്പിൽ അംബാലികത്തമ്പുരാട്ടിയുടെയും മകനായി വയലാർ രാമവർമ ജനിച്ചു. ഔപചാരികമായ സ്‌കൂൾ വിദ്യാഭ്യാസത്തിനൊപ്പം അന്നത്തെ ഗുരുകുല സമ്പ്രദായത്തിൽ സംസ്‌കൃത പഠനവും അഭ്യസിച്ചു. അക്കാലത്തേ ആരംഭിച്ചതാണ് കുട്ടൻ എന്ന ഓമനപ്പേരിൽ കുടുംബ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്ന രാമവർമയുടെ കവിതാകമ്പം. വള്ളത്തോളും ജി.ശങ്കരക്കുറുപ്പുമായിരുന്നു അദ്ദേഹത്തെ കവിയാകാൻ പ്രചോദിപ്പിച്ച കവികൾ. എന്നാൽ ചങ്ങമ്പുഴയായിരുന്നു വയലാറിന്റെ കവിത്വത്തെ ഏറെ സ്വാധീനിച്ച കവി. അക്കാര്യം പരസ്യമായി തന്നെ അദ്ദേഹം തന്റെ ആദ്യകാല കവിതകളിലൊന്നിൽ (അങ്ങയെ ഓർമിക്കുമ്പോൾ) രേഖപ്പെടുത്തിയത് ഇങ്ങനെയാണ്-
ഭാവാത്മകരസഭരിത ഗാനങ്ങൾ പാടി
ഭാവനയിൽ നിമിഷങ്ങൾ പൂത്തുവിരിഞ്ഞാടി,
കരുണരസം കര കവിയും കഥകളുമായെന്നും
വരുമങ്ങെന്നോർമ്മകളിൽ...നീർച്ചാലുകൾ തുന്നും!
രാജപാരമ്പര്യമുള്ള സ്വന്തം കുടുംബത്തിൽ ന്യായമായും പുലരേണ്ട സമ്പന്നത തകർന്നു തരിപ്പണമാകുന്നതിന്റെ ശബ്ദഘോഷം കേട്ടു തുടങ്ങിയതും ദാരിദ്ര്യം ഒരു കഠിന യാഥാർഥ്യമായി അദ്ദേഹത്തിന്റെ മുന്നിൽ വന്ന് പല്ലിളിച്ചു പേടിപ്പിച്ചതും അക്കാലത്താണ്. നേടിയെടുത്ത ഏത് ഉയർച്ചയിൽ നിന്നും വീഴാൻ മനുഷ്യന് ഒരു നിമിഷം മതി എന്നും ആ നിസ്സഹായതയിൽ നിൽക്കുമ്പോൾ നാം ഒന്നുമല്ലെന്നുമുള്ള വലിയ തിരിച്ചറിവ് അദ്ദേഹത്തിനുണ്ടാകാൻ അത് കാരണമായി. ജീവിച്ചിരിക്കേ മനുഷ്യൻ പരസ്പരം സ്‌നേഹിക്കുന്നതിൽ കവിഞ്ഞ് മറ്റൊന്നും ആർക്കും സമ്പാദ്യമായി ഇല്ലെന്ന വലിയ തത്വശാസ്ത്രമാണ് അതോടെ അദ്ദേഹം പഠിച്ചത്.
അതേ കാലത്തു തന്നെയാണ് സ്വാതന്ത്ര്യ സമരത്തിന്റെയും നവോത്ഥാനത്തിന്റെയും അലയൊലികൾ കേരളത്തിലെങ്ങും ശക്തമാകുന്നത്. അതിന്റെ അനുരണനങ്ങൾ വയലാറിലും വ്യാപിച്ചിരുന്നു. മനുഷ്യനെ കുറിച്ച് താൻ കാ ണുന്ന സ്വപ്നങ്ങൾക്ക് സമാനമായ ആശയങ്ങളിൽ ഊന്നിനിന്നുകൊണ്ട് വ യലാറിന്റെ ഭൂമികയിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കമ്യൂണിസ്റ്റുകാർ നയിച്ചിരുന്ന സവിശേഷ സ്വാതന്ത്ര്യ പോരാട്ടങ്ങൾ വയലാർ രാമവർമയിൽ വ ലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. തൊഴിലാളി വർഗത്തിന്റെ കരുത്തിൽ കുരുത്ത ജ നത, മനുഷ്യരെ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വിവേചിക്കാതെ, ജാ തി-മതബോധം സൃഷ്ടിച്ച സവർണ-അവർണ കാഴ്ചപ്പാടുകളുടെ അന്ധത ബാധിക്കാതെ ഒരുമയോടെ പോരിനിറങ്ങയത് അദ്ദേഹത്തിലെ മനുഷ്യനെ, കവിയെ ആഴത്തിൽ സ്വാധീനിച്ചു. ഒപ്പം കമ്യൂണിസ്റ്റുകാർ വയലാറിലും പരിസരത്തും തിരികൊളുത്തിയ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളും അവയുടെ ആശയങ്ങളും അദ്ദേഹത്തെ ആവേശഭരിതനാക്കി.
നിരന്തരം കവിതകളെഴുതിക്കൊണ്ടാണ് ആ ആവേശത്തെ വയലാർ ക്രിയാത്മകമായി വിനിയോഗിച്ചത്. സ്വാതന്ത്ര്യം ഇന്ത്യയെ രണ്ടായി കീറിമുറിച്ചപ്പോൾ കവി എന്ന നിലയിൽ ആ വേദന സ്വയം ആത്മാവിലേറ്റുവാങ്ങി പാദമുദ്രകൾ എന്ന കവിതയിൽ അദ്ദേഹം ഇങ്ങനെ വിലാപം കൊണ്ടു-
കരയുന്നില്ലേ നിങ്ങ-
ളിന്ത്യതൻ കരൾ വെട്ടി-
ക്കുരുതിക്കളം തീർത്ത,
കണ്ണീരിൻ കഥ കേൾക്കെ?
നവോത്ഥാനത്തിന്റെ നാൾവഴികളിലെ തന്റെ പോരാട്ടത്തിന് വീറും വാ ശിയും പകർന്നുകൊണ്ട് അദ്ദേഹം കൊന്തയും പൂണൂലും എന്ന കവിതയിൽ കുറിച്ച വരികളും ശ്രദ്ധേയമാണ്-
വരികയാണിനി ഞങ്ങൾ; കൊന്തയും പൂണൂലും
വരിയാത്ത മാനവ ഭാവനകൾ,
പുതിയ യുഗത്തിന്റെ സന്ദേശ വാഹകർ;
പുതിയ സംസ്‌കാരത്തിൻ ഗായകൻമാർ!
ഒഴിവക്കിൽ നിന്നൊന്നു മാറുക; ഞങ്ങൾക്കു
മുഴുമിപ്പിക്കാനുണ്ടൊരശ്വമേധം!
കമ്യൂണിസ്റ്റ് ആശയങ്ങളെ തന്റെ ജീവിതത്തിന്റെ അടിസ്ഥാന വിശ്വാസ പ്രമാണമായി സ്വീകരിക്കുമ്പോഴും അത് ആത്യന്തികമായി മനുഷ്യന്റെ കണ്ണീരിന് ബദലാവണമെന്നും കിനാവിന് ബലമേകണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അത് അങ്ങനെയല്ലാതായിത്തീരുന്ന അവസ്ഥയെ മനുഷ്യ പക്ഷത്തു നിന്നുകൊണ്ട് നിശിതമായി വിമർശിക്കുക വഴി അദ്ദേഹം കവികളിലെ ജനകീയനായി തീരുകയും ചെയ്തു. 1953 ൽ എഴുതിയ മാ നിഷാദ എന്ന കവിതയിൽ അക്കാര്യം അദ്ദേഹം അരക്കിട്ടുറപ്പിക്കുന്നത് നോക്കുക-
സ്‌നേഹിക്കയില്ല ഞാൻ, നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും!
1948 ൽ തന്നെ പാദമുദ്രകൾ എന്ന പേരിൽ അദ്ദേഹം തന്റെ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. തുടർന്ന് കൊന്തയും പൂണൂലുമിറങ്ങി. 1954 ൽ വയലാറിന്റെ മാസ്റ്റർ പീസായ ആയിഷ എന്ന ഖണ്ഡകാവ്യം പുറത്തു വന്നു. തുടർന്ന് എനിക്ക് മരണമില്ല, മുളങ്കാട്, ഒരു യൂദാസ് ജനിക്കുന്നു, സർഗ സംഗീതം, എന്റെ മാറ്റൊലിക്കവിതകൾ, രാവണ പുത്രി, അശ്വമേധം, സത്യത്തിനെത്ര വയസ്സായി തുടങ്ങിയ കവിതാ സമാഹാരങ്ങളും ഇറങ്ങി. സർഗ സംഗീതത്തിന് 1961 ലെ മികച്ച കവിതാ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. ഒരു ഇന്ദ്രജാലക്കാരനെ പോലെ കാൽപനികതയും യാഥാർഥ്യവും മാറിമാറി കവിതകളിൽ പരീക്ഷിച്ചുകൊണ്ട് മലയാളിയെ ആസ്വാദനത്തിന്റെ അതിരില്ലാത്ത അതിശയങ്ങളിൽ ആറാടിച്ച് ജ്വലിച്ചു പടരുകയായിരുന്നു വയലാർ.
കവി എന്ന നിലയിൽ തന്റെ കർമമണ്ഡലത്തിൽ കത്തിനിൽക്കുന്ന കാ ലത്തു തന്നെയാണ് വയലാർ സിനിമയിലേക്കും നാടകങ്ങളിലേക്കും തന്റെ ശ്രദ്ധ തിരിക്കുന്നത്. ഈ മേഖലകളിലും തൊട്ടതൊക്കെ പൊന്നാക്കി മാറ്റാൻ അക്ഷര പ്രതിഭയായ അദ്ദേഹത്തിന് കഴിഞ്ഞു. 1956 ൽ കൂടപ്പിറപ്പ് എന്ന സി നിമയ്ക്ക് ഗാനങ്ങളെഴുതിക്കൊണ്ടായിരുന്നു തുടക്കം.
തുമ്പീ തുമ്പീ വാവാ...ഈ
തുമ്പത്തണലിൽ വാവാ
-എന്ന അദ്ദേഹത്തിന്റെ ഗാനത്തിന് സംഗീതം നൽകിയത് ജി.ദേവരാജനായിരുന്നു. പാട്ട് ഹിറ്റായതോടെ വയലാർ-ദേവരാജ ൻ കൂട്ടുകെട്ട് മലയാള സിനിമയിലെ സംഗീത ലോകത്ത് ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വിജയ ഫോർമുലയായി. പിന്നീടുള്ള 19 വർഷക്കാലത്തിനുള്ളിൽ അവരിരുവരും സഹകരിച്ചത് ഏതാണ്ട് 135 ഓളം ചിത്രങ്ങളിലാണ്. പി റന്നത് 735 ഓളം അനശ്വര ഗാനങ്ങളും. ദേവരാജൻ മാസ്റ്റർ ഉൾപ്പെടെ 20 ഓളം സംഗീത സംവിധായകർക്കൊപ്പം വയലാർ പ്രവർത്തിച്ചു. ഏതാണ്ട് 250 ലേറെ സിനിമകൾ. 1300 ൽപരം ഗാനങ്ങൾ....അവയിൽ മിക്കതും മലയാളികളെ എ ന്നുമെന്നും കോരിത്തരിപ്പിക്കുന്ന കർണാനന്ദകരമായ ഗാനങ്ങളായിരുന്നു. ഇ താ അവയിൽ ചിലത്-
പെരിയാറെ പെരിയാറെ പർവതനിരയുടെ പനിനീരേ (ഭാര്യ)
അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ (മണവാട്ടി)
കടലിനക്കരെ പോണോരെ കാണാപ്പൊന്നിന് പോണോരെ(ചെമ്മീൻ)
സൂര്യകാന്തി സൂര്യകാന്തി സ്വപ്നം കാണുവതാരെ (കാട്ടുതുളസി)
നദികളിൽ സുന്ദരി യമുന (അനാർക്കലി)
പാരിജാതം തിരുമിഴി തുറന്നു (തോക്കുകൾ കഥ പറയുന്നു)
സ്വർണച്ചാമരം വീശിയെത്തുന്ന (യക്ഷി)
യുവാക്കളെ യവുതികളെ യുവചേതനയുടെ ലഹരികളെ (ചട്ടക്കാരി)
ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളേ (ബ്രഹ്മചാരി)
1969 ലും 1972 ലും 1974 ലും 1975 ലു (മരണാനന്തര ബഹുമതി) മായി നാലു തവണ വയലാറിന് മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുകയുണ്ടായി. 1974 ൽ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര അംഗീകാരവും അദ്ദേഹത്തെ തേടിയെത്തി.
ലളിതവും അർഥസമ്പുഷ്ടവുമായ വാക്കുകളിൽ കൊരുത്തെടുത്ത് വ യലാർ നിർമിക്കുന്ന വരികളിൽ മലയാളിയെ കൊതിപ്പിക്കുന്ന ഒരു തരം വശ്യമനോഹാരിത നിറഞ്ഞാടി. മലയാള സിനിമയെ പാട്ടുകളിലെ ലാസ്യഭംഗിയും ചാരുതയും കൊണ്ട് ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുന്നതിൽ വയലാറിന് വ ലിയൊരു പങ്കുണ്ട്. സിനിമാഗാനങ്ങളിൽ നിന്നും കവിതയുടെ ഭാവാംശവും സൗകുമാര്യം അകന്നു പൊയ്‌ക്കൊണ്ടിരുന്ന ഒരു കാലത്ത് അതിനെ തിരിച്ചു പിടിക്കുക എന്നൊരു വലിയ ചരിത്ര ദൗത്യം കൂടി വയലാർ നിർവഹിക്കുന്നുണ്ട്. പിൽക്കാലത്ത് മലയാള സിനിമയിൽ പാട്ടെഴുതി പ്രശസ്തരായ ഗാനരചയിതാക്കളിൽ പലർക്കും ആദർശവും അനുഷ്ഠാനവുമായി മാറി, വയലാറി ന്റെ ഈ സിദ്ധിവൈഭവം.
സിനിമകളിലെന്ന പോലെ നാടകങ്ങളിലും ഗാനങ്ങളെഴുതാനും വിജയങ്ങളുടെ വെന്നിക്കൊടി പറപ്പിക്കാനും വയലാറിന് കഴിഞ്ഞിട്ടുണ്ട്. 60 ഓളം നാടകങ്ങളിലായി 140 ലേറെ ഗാനങ്ങളാണ് അദ്ദേഹമെഴുതിയത്. വയലാറി നെ എക്കാലത്തേക്കുമായി പ്രശസ്തനാക്കിയ പ്രസിദ്ധമായ നാടക ഗാനങ്ങളിൽ ഒന്നിതാ-
ബലികുടീരങ്ങളേ! ബലികുടീരങ്ങളേ!
സ്മരണകളിരമ്പും രണസ്മാരകങ്ങളേ!
ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
സമരപുളകങ്ങൾ തൻ-
സിന്ദൂര മാലകൾ...
ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാ ലത്ത് 1957 ൽ പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനത്തിനായിട്ടാ ണ് വയലാർ ഈ ഗാനം രചിച്ചത്. ദേവരാജൻ മാസ്റ്ററായിരുന്നു ഗാനം ചിട്ടപ്പെടുത്തിയത്. വൈകാതെ വിശറിക്ക് കാറ്റു വേണ്ട എന്ന നാടകത്തിൽ ആ ഗാനം ഉൾപ്പെടുത്തി. തുടർന്നാണ് കെപിഎസിയുടെ നാടകങ്ങളുടെ സ്ഥിരം അവതരണ ഗാനമായി അതു മാറുന്നത്. മലയാളികൾ അന്നുമിന്നും ഒരു തരം ഗൃഹാതുരതയോടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപിടി നാടക ഗാനങ്ങളുണ്ട് വയലാറിന്റേതായി. ഇതാ അവയിൽ ചിലത്-
പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട് (അശ്വമേധം)
ജനനീ! ജനനീ! ജനനീ! ജൻമഭൂമി..ഭാരതഭൂമി (സംഘഗാനം)
നഷ്ടപ്പെടുവാൻ വിലങ്ങുകൾ കിട്ടാനുള്ളത് പുതിയൊരു നാളെ (തുലാഭാരം)
സ്വപ്നാടകരെ! മാനവ ജീവിത സത്യാന്വേഷികളേ (മൂലധനം)
കാഹളമൂതുക നാം, ജീവിത കാഹളമൂതുക നാം (നമ്മളൊന്ന്)
കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയ കടലാസു പൂവികളെ (ശരശയ്യ)
ശർക്കര പന്തലിൽ തേൻമഴ ചൊരിയും (കതിരുകാണാക്കിളി)
തലയ്ക്കു മീതെ ശൂന്യാകാശം താഴേ മരുഭൂമി (അശ്വമേധം)
ഗാനങ്ങളെ കവിതകളാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത, നമുക്കു മുമ്പേ നടന്നു പോയ സ്‌നേഹധനനായ മറ്റൊരു ഓർഫ്യൂസാണ് വയലാർ എന്നാണ് ഒ.എൻ.വി കുറുപ്പ് അദ്ദേഹത്തെ കുറിച്ച് ഓർമിച്ചത്. കാലത്തിന് ഒരിക്കലും കൈയൊഴിയാനാവാത്ത ഒരു പിടി നല്ല ഗാ നങ്ങൾ സമ്മാനിച്ച് 1975 ഒക്‌ടോബർ 27 ന് തന്റെ 47 ാം വയസ്സിൽ വയലാർ യാത്രയായി. ആ ഗാനങ്ങളിലൂടെ വയലാർ മരണമില്ലാത്തവനായി മലയാളിയുടെ മനസ്സിൽ മങ്ങാതെ മായാതെ ജീവിക്കുന്നു. ആ ഓർമകളിൽ ജീവിക്കാ ൻ വയലാറും കൊതിച്ചിരിക്കണം. അതുകൊണ്ടാവും ജീവിച്ചിരിക്കേ അദ്ദേഹം ഈ വരികൾ കുറിച്ചത്-
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജൻമം കൂടി-
എനിക്കിനിയൊരു ജൻമം കൂടി?