ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

തിരുവനന്തപുരം-ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായരും കോണ്‍ഗ്രസ് നേതാവും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനുമായിരുന്ന ജി.രാമന്‍ നായരും ഉള്‍പ്പെട അഞ്ച് പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ജി.മാധവന്‍ നായര്‍ നേരത്തെ തന്നെ ബി.ജെ.പിയുമായി സഹകരിച്ചിരുന്നു. ബിജെപിയില്‍ ചേരുമെന്ന് ജി.രാമന്‍ നായര്‍  വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില്‍  പത്തനംതിട്ടയില്‍ ബി.ജെ.പി സംഘടിപ്പിച്ച യോഗം ജി.രാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തതിനെ തുടര്‍ന്ന് രാമന്‍ നായരെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തിരുന്നു.  
വനിതാ കമ്മീഷന്‍ മുന്‍അംഗം പ്രമീളാ ദേവി, മലങ്കര സഭാംഗം സി.തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ നായര്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്ന മറ്റുള്ളവര്‍.
ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ ഇവര്‍ക്ക് അംഗത്വം നല്‍കി.  എന്‍.എസ്.എസ് കോളേജ് ഇംഗ്ലീഷ് അധ്യാപികയായ പ്രമീള ദേവി കോണ്‍ഗ്രസ് ഭരണകാലത്താണ് വനിതാ കമ്മീഷന്‍ അംഗമായി പ്രവര്‍ത്തിച്ചത്. മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ , പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ്മ, നാരായണ വര്‍മ്മ എന്നിവര്‍ അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്യാം.

 

 

Latest News